എന്നും ഈസ്റ്റർആയിരുന്നെങ്കിൽ

ഇത്തവണ പെസഹാ ആഘോഷിച്ചത് ബാംഗ്ലൂരിലെ ഞങ്ങളുടെ പ്രൊവിൻഷ്യൽ ഹൗസിലാണ്.

വിശേഷ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ചുറ്റുവട്ടത്തെ ഫ്ലാറ്റുകളിലും ഭവനങ്ങളിലും താമസിക്കുന്ന കത്തോലിക്കർ എത്തുന്നത് പതിവാണ്.

ഇവിടുത്തെ ചാപ്പൽ ചെറുതായതിനാൽ വിശേഷ ദിവസങ്ങളിൽ ഗാർഡനിലെ കുരിശു പള്ളിയിലാണ് കുർബാന. അതാകുമ്പോൾ വിശാലമായ മുറ്റത്ത് ധാരാളം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത്തവണ മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചത് മൂന്നാം നിലയിലുള്ള വലിയ ഹാളിലാണ്.

പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിക്കാറായി. ആളുകളുടെ കൂടെ ഞാനും മറ്റു വൈദികരും കോണിപ്പടികൾ ചവിട്ടി മൂന്നാം നിലയിലേക്ക് നടന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും കോണിപ്പടികളിൽ വല്ലാത്ത തിരക്ക്.

അത്രതിരക്ക് അനുഭവപ്പെടേണ്ട ആവശ്യമില്ലാത്തതിനാൽ കാര്യം തിരക്കി. ഒരു രോഗിയെ കസേരയിൽ ഇരുത്തി മൂന്നാംനിലയിലെ ഹാളിലേക്ക് ഏതാനും പേർ ചുമന്നുകൊണ്ടു വരുന്നു എന്നാണറിയാൻ കഴിഞ്ഞത്.

പതിയെപ്പതിയെ ഞാനും മുകളിലെത്തിയപ്പോൾ പ്രായമുള്ള അമ്മച്ചിയെയും വീട്ടുകാരെയും കണ്ടു. “എന്തുപറ്റി?” ഞാൻ ചോദിച്ചു.”അമ്മച്ചിക്ക് ഹൃദയത്തിന് ചെറിയൊരു തകരാറുണ്ട്. അധികം നടക്കാനാകില്ല. ഇന്ന് പെസഹാ അല്ലേ? പള്ളിയിലേക്ക് അമ്മച്ചിയേയും കൊണ്ടുവരാമെന്നു കരുതി. ഇവിടെ വന്നപ്പോഴാണ് ഹാളിലാണ് കുർബാന നടക്കുന്നതെന്നറിഞ്ഞത്. അതും ദൈവഹിതമായിരിക്കും. കസേരയിൽ അമ്മച്ചിയെ ഇരുത്തി ഞങ്ങൾ കുറച്ചുപേർ ചുമന്നു ….”മകന്റെ വാക്കുകളിൽ അഭിമാനവും സ്നേഹവും ആദരവും നിറഞ്ഞു നിന്നിരുന്നു.

“ഹൃദയത്തിന് അസുഖമുണ്ടെങ്കിൽ എന്താ, അമ്മച്ചിയെ മകൻ പള്ളിയിൽ കൊണ്ടുവന്നില്ലേ…? ഇപ്പോൾ സന്തോഷം തോന്നുന്നുണ്ടോ?”ഞാൻ ചോദിച്ചു.”ഉവ്വച്ചോ…. സന്തോഷം!” പുഞ്ചിരിയോടെ അവർ മറുപടി നൽകി.

പെസഹായും ദുഃഖവെള്ളിയും കഴിഞ്ഞ്ഈസ്റ്ററിൽ എത്തുമ്പോഴും നമ്മുടെ സഹനങ്ങളും ദുഃഖങ്ങളും അങ്ങനെ തന്നെ നിലകൊള്ളുന്നു. പ്രാർത്ഥിച്ചിട്ടും മാറാത്ത രോഗങ്ങൾ,ആഗ്രഹമില്ലാത്ത ക്ലേശങ്ങൾ,കുടുംബത്തിലെ പരാധീനതകളും കഷ്ടതകളും….ജീവിതത്തിൽ ദുഃഖവെള്ളികൾ മാത്രമേ ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടില്ലേ?

ഇവിടെയാണ് മുകളിൽ സൂചിപ്പിച്ച സംഭവത്തിലെ അമ്മച്ചിയും മകനും മാർഗ്ഗദീപമാകുന്നത്.വയ്യാത്ത അമ്മയെ വീട്ടിൽ ഇരുത്തി പള്ളിയിൽ വരാനും വരാതിരിക്കാനും മതിയായ കാരണങ്ങൾ ഉണ്ടായിട്ടും അമ്മയെയുംകൊണ്ട് പള്ളിയിൽ വരണമെന്ന് മകൻ തീരുമാനിച്ചപ്പോൾ അമ്മയുടെ ദുഃഖവെള്ളിയിൽ ഈസ്റ്ററിന്റെ പൊൻവെളിച്ചം തെളിയുകയാണ്.

കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ക്രിസ്തുവിനെ തേടിയെത്തിയ സ്ത്രീകളോട് ദൈവദൂതൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷയുടേതാണ്:“ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു”(മത്തായി 28 : 5-6).

നമ്മുടെ ജീവിതത്തിലെ ദു:ഖവെള്ളികൾ ഈസ്റ്ററുകൾ ആകണമെങ്കിൽ ദൈവം നേരിട്ട് ഇടപെടാൻ കാത്തു നിൽക്കാതെ നമ്മളാൽ ആകുന്ന നന്മകൾ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയണം. ക്രിസ്തു മരിച്ചത് തനിക്കുവേണ്ടിയായിരുന്നില്ല. അവൻ ഉയിർത്തതും അവനു വേണ്ടിയായിരുന്നില്ല.അവന്റെ പീഢകളും മരണവും ഉത്ഥാനവും നമുക്കു വേണ്ടി മാത്രമായിരുന്നു എന്ന് ചിന്തിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമുള്ളതല്ല മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന സത്യം നമ്മൾ മനസിലാക്കൂ.

ഹ്രസ്വമായ ഈ ജീവിതത്തിൽമറ്റുള്ളവന്റെ ദുഃഖവെള്ളികൾ ഈസ്റ്ററാക്കാനുള്ളതാണ് നമ്മുടെ വിളി എന്ന് തിരിച്ചറിയുന്നിടത്താണ് ക്രിസ്തു ഉയിർക്കുന്നതും ജീവിക്കുന്നതും!ഏവർക്കും ഈസ്റ്റർ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്