ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക. സങ്കീര്‍ത്തനങ്ങള്‍ 121 : 3 ൽ പറയുന്നു, നിന്റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ജീവിതത്തിന്റെ എല്ലാ സമയത്തും നമ്മെ കരുതുന്നവനാണ് നമ്മുടെ കർത്താവ്.

അവഗണനയും, ഉപേക്ഷയും ലോകത്തിന്റെ സ്വഭാവമാണ്. ഇന്നു പറയുന്നതല്ല, മനുഷ്യൻ നാളെ പ്രവർത്തിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുന്നവനാണ് മനുഷ്യൻ. നേട്ടം എവിടെയാണോ അവിടെയാണ് മനുഷ്യന്റെ കണ്ണ്. എന്നാൽ നമ്മളുടെ കുറവുകളെ നോക്കി നമ്മെ കരുതുന്നവനാണ് കർത്താവ്. പെറ്റമ്മ ഉപേക്ഷിച്ചാലും മറക്കാത്ത ദൈവമാണ് നമ്മളുടേത്. തകരുന്ന ജീവിതസാഹചര്യങ്ങളിൽ കൂടി നാം കടന്നു പോകുന്നുണ്ടാകും. നാളെ എന്ന ദിവസത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. എന്നാൽ നമ്മളെ ഏത് സാഹചര്യത്തിലും നമ്മുടെ ജീവനെ താങ്ങി നിർത്തുവാൻ കർത്താവ് നമ്മളോട് കൂടി ഉണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കർത്താവ് നമ്മുടെ സഹായകനാകട്ടെ.

കർത്താവിന്റെ വാഗ്ദാനങ്ങളായ തിരുവചനം പലപ്പോഴും പ്രതിസന്ധി കാലങ്ങളിൽ ദൈവമക്കളായ നാം ഓരോരുത്തർക്കും ജീവൻ നൽകുന്നു. കർത്താവിന് മാറ്റമില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷയും തിരുവചനവും മാറ്റമില്ലാത്തതാണ്. ജീവിത പ്രതിസന്ധിയിൽ സങ്കീര്‍ത്തനങ്ങള്‍ 23 : 1 ൽ പറയുന്നതു പോലെ പൂർണ്ണഹൃദയത്തോടെയും, പൂർണ്ണ വിശ്വാസത്തോടെയും ഏറ്റുപറയുക, കര്‍ത്താവാണ്‌ എന്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്