I will bless you and make your name great ‭‭(Genesis‬ ‭12‬:‭2‬ ) ✝️

കർത്താവിൽ ആശ്രയിച്ച് ജീവിക്കുന്നവൻ അനുഗ്രഹത്തിന്റെ വഴിയിലാണ്. അവരുടെ ജീവിതം പ്രത്യാശ നിറഞ്ഞതായിരിക്കും. ഉറച്ച ദൈവാശ്രയത്തിന്റെ വഴിയാണ് നിറഞ്ഞ ദൈവാനുഗ്രഹത്തിന്റെ വഴി. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് നന്മ ചെയ്ത് അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭൂതരാകാനാണ്. ”നന്മയെ ജാഗ്രതയോടെ അന്വേഷിക്കുന്നവൻ അനുഗ്രഹത്തെയാണ് അന്വേഷിക്കുന്നത്. നന്മ നിറഞ്ഞ ചിന്തകളും ആലോചനകളും, നന്മ നിറഞ്ഞ പ്രതികരണങ്ങൾ ഇവയെല്ലാം ദൈവാനുഗ്രഹം നിറയ്ക്കുന്ന നിലപാടുകളാണ്. ആയിരിക്കുന്ന ഇടങ്ങളിലൊക്കെ നന്മ വർഷിക്കുന്ന ജീവിതം, അനുഗ്രഹത്തന്റെ ജീവിതമാണ്.

അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ് മറ്റുളളവരെ അനുഗ്രഹിക്കുക എന്നത്. അനുഗ്രഹിക്കുന്നതിലൂടെ അപരർക്ക് സ്‌നേഹം നല്കുകയാണ്. മിത്രങ്ങളെ മാത്രമല്ല സ്നേഹിക്കേണ്ടത് ശത്രുക്കളെയും സ്നേഹിക്കാനാണ് യേശു പറഞ്ഞിരിക്കുന്നത്. ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങളെ ഓർത്തു ദിനംപ്രതി ദൈവത്തിനു നന്ദി പറയുക. എണ്ണമറ്റ അനുഗ്രഹങ്ങൾ അനുദിനം വർഷിക്കുന്ന ദൈവത്തിന്റെ മുൻപിൽ നന്ദിയും സ്തുതിയും അർപ്പിക്കുന്ന ജീവിതങ്ങളിലേക്ക് ദൈവത്തിന്റ അനുഗ്രഹങ്ങൾ വർഷിക്കപ്പെടും. നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹവഴികളിലൂടെ നാം നടക്കണം.

കരുണയുള്ളവർ അനുഗൃഹീതരാകും. ദൈവാനുഗ്രഹം ലഭിക്കാൻ ആവശ്യമായ ഒന്നാണ് കരുണയിൽ അധിഷ്ഠിതമായ ജീവിതം. ദൈവാനുഗ്രഹം എന്നത്, നിത്യ രക്ഷയാണെന്ന സത്യം എപ്പോഴും ഹൃദയത്തിൽ ഉണ്ടാകണം. ”എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ ( മത്താ. 25: 34) എന്ന യേശുവിന്റെ ക്ഷണം ശ്രവിക്കുവാനുള്ള വലിയ അനുഗ്രഹം നമുക്ക് ലഭിക്കാൻ ഇടവരട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.