“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “
മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള പ്രഥമ ലോകദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച സന്ദേശം.

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “

      പ്രിയ മുത്തശ്ശീമുത്തശ്ശന്മാരേ,

വാർദ്ധക്യത്തിലെത്തിയ പ്രിയ സഹോദരന്മാരേ,
“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” (മത്താ 28: 20). സ്വർഗത്തിലേക്ക് കരേറുന്നതിനുമുമ്പ് യേശു ശിഷ്യർക്കു നല്കിയ വാഗ്ദാനമാണിത്. പ്രിയപ്പെട്ട മുത്തശ്ശീ മുത്തശ്ശന്മാരേ, വയോധിക രായ പ്രിയപ്പെട്ട സഹോദരന്മാരേ, അവിടുന്ന് ഇന്ന് നിങ്ങൾ ഓരോരുത്തരോടും ആവർത്തിക്കുന്ന വാക്കുകളാണിത്. മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ഒന്നാമത് ലോകദിനത്തിൽ നിങ്ങളെപ്പോലെ ഒരു വൃദ്ധനും റോമിലെ മെത്രാനുമായ ഞാനും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നതും ഈ വാക്കുകൾ തന്നെയാണ്.” ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”.ആഗോളസഭ ഒന്നാകെ നിങ്ങൾക്ക് – നമുക്ക് – ഒപ്പമുണ്ട്. നിങ്ങളെ കരുതുന്നു. നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളെ ഏകാന്തരാക്കാതിരിക്കുവാൻ ആഗ്രഹിക്കുന്നു.
വളരെ ക്ലേശകരമായ കാലത്താണ് ഈ സന്ദേശം നിങ്ങളിലെത്തുന്നത് എന്ന് എനിക്കറിയാം. തികച്ചും അവിചാരിതവും ക്രൂരവുമായ ഒരു കൊടുങ്കാറ്റുപോലെ ഒരു മഹാമാരി ലോകത്തെ ആകെ അടിച്ചു തകർക്കുകയാണ്. എല്ലാവർക്കും ഇത് വലിയ പരീക്ഷണങ്ങളുടെ കാലമാണ്. പ്രത്യേകിച്ചും വയോധികരായ നമുക്ക്. നമ്മിൽ മിക്കവാറും പേർ രോഗികളായി. പലരും മരിച്ചു.അതുമല്ലെങ്കിൽ ജീവിത പങ്കാളിയുടെയോ പ്രിയപ്പെട്ടവരുടെയോ മരണം നേരിടേണ്ടിവന്നു. അല്ലാത്തവർ വല്ലാത്ത ഒറ്റപ്പെടലിലൂടെ കടന്നു പോയി.ദീർഘകാലം ഒറ്റക്കാക്കപ്പെട്ടു.


ഇക്കാലത്ത് നാം കടന്നു പോയ എല്ലാറ്റിനെയും കുറിച്ച് നമ്മുടെ കർത്താവ് അറിയുന്നു. മഹാമാരിയുടെ കാലത്ത് ഭീകരമായ വിധത്തിൽ ഏകാന്തരാക്കപ്പെട്ടവർക്കും ഒറ്റയ്ക്കു കഴിയേണ്ടിവന്നവർക്കും അടുത്ത് അവിടുന്ന് ഉണ്ടായിരുന്നു.

യേശുവിൻ്റെ മുത്തശ്ശനായിരുന്ന വിശുദ്ധ ജോവാക്കിം മക്കൾ ഇല്ലാത്തവനായതിൽ ഒപ്പമുണ്ടായിരുന്നവരാൽ വല്ലാതെ ഒറ്റപ്പെടുത്തപ്പെട്ടിരുന്നു എന്നാണ് പാരമ്പര്യം പറയുന്നത്. അദ്ദേഹത്തിൻ്റെയും ഭാര്യ അന്നയുടെയും ജീവിതം ഒന്നിനും കൊള്ളാത്തതായി അവർ കണക്കാക്കി. അതു കൊണ്ട് അവരെ ആശ്വസിപ്പിക്കുവാൻ ഒരു മാലാഖയെ അയച്ചു.നഗരവാതിലുകൾക്കുപുറത്ത് അവൻ അലസനായി ചുറ്റിത്തിരിയുമ്പോൾ ദൈവത്തിൻ്റെ ദൂതൻ അവനെ സമീപിച്ചു പറഞ്ഞു. “ജോവാക്കിം, ജോവാക്കിം! കർത്താവ് നിൻ്റെ തീവ്രമായ പ്രാർത്ഥന ശ്രവിച്ചിരിക്കുന്നു.” ജിയോട്ടോയുടെ വിഖ്യാതമായ ഒരു ചിത്രീകരണത്തിൽ കടുത്ത ഇരുട്ടിലാണ് രംഗം അവതരിപ്പിക്കുന്നത്. ഉറക്കമില്ലാത്ത രാത്രികളിൽ ഒന്നിൽ. നമുക്കെല്ലാം പരിചിതമായ രീതിയിൽ ഓർമ്മകളും ആകുലതകളും നിറഞ്ഞ ഒരു രാത്രിയിൽ


ഈ മഹാമാരിയുടെ നാളുകൾ പോലെ അതികഠിനമായ കറുത്ത വേളകളിലും നമ്മുടെ ഏകാന്തതയിൽ നമ്മെ ആശ്വസിപ്പിക്കുവാൻ, “ഞാൻ എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കും ” എന്ന സന്ദേശവുമായി കർത്താവ് തൻ്റെ മാലാഖമാരെ അയക്കുന്നു. അവിടുന്ന് ഇത് നിങ്ങളോട് പറയുന്നു, എന്നോടും പറയുന്നു. ഈ പ്രത്യേക വർഷത്തിൽ ഏകാന്തതയുടെ സുദീർഘമായ നാളുകൾ അവസാനിക്കുകയും സാമൂഹിക ജീവിതം സാവകാശം പുനരാരംഭിക്കുകയും ചെയ്യുന്ന പ്രത്യേക കാലത്ത് ആദ്യമായി ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്ന ഈ ദിവസത്തിൻ്റെ അർത്ഥം ഇതാണ്.

എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും എല്ലാവയോധികർക്കും, പ്രത്യേകിച്ചും നമുക്കിടയിൽ ഏറ്റവും ഏകാന്തത അനുഭവിക്കേണ്ടിവന്നവർക്കും ഒരു മാലാഖയുടെ സന്ദർശനം അനുഭവിക്കുവാൻ ഇടയാകട്ടെ.


നമുക്ക് ഓരോരുത്തർക്കും സൗഹൃദസന്ദർശനങ്ങളുടെയും ആലിംഗനങ്ങളുടെയും വില എത്ര വലുതാണെന്ന് മനസ്സിലായ ഇക്കാലത്ത് ഈ മാലാഖയ്ക്കു ചിലപ്പോൾ നമ്മുടെ കൊച്ചുമക്കളുടെ മുഖമായിരിക്കാം. മറ്റവസരത്തിൽ നമ്മുടെ കുടുംബാംഗങ്ങളിൽ ഒരാളുടെയോ ചിരകാല സ്നേഹിതൻ്റെയോ, ഈ കാലത്ത് പരിചയപ്പെട്ട ഒരാളുടെയോ മുഖമാകാം. ചില സ്ഥലങ്ങളിൽ എങ്കിലും അവ ഇപ്പോഴും സാധ്യമല്ല എന്ന യാഥാർത്ഥ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു .


നമ്മുടെ കരങ്ങളിൽ തന്നെയുള്ള അവിടുത്തെ വചനങ്ങളിലൂടെയും കർത്താവ് അവിടുത്തെ ദൂതരെ അയക്കുന്നു. ദിവസവും സുവിശേഷത്തിലെ ഒരു അധ്യായംവച്ചു നമുക്ക് വായിക്കാൻ, സങ്കീർത്തകനോട് ഒത്ത് പ്രാർത്ഥിക്കുവാൻ, പ്രവാചകരെ വായിക്കുവാൻ പരിശ്രമിക്കാം.

കർത്താവിൻ്റെ വിശ്വസ്തത നമ്മെ ആശ്വസിപ്പിക്കും.നമ്മുടെ ജീവിതങ്ങളിലൂടെ കർത്താവ് ഇന്ന് എന്താണ് ആഗ്രഹിക്കുക എന്ന് മനസിലാക്കുവാൻ വിശുദ്ധ ഗ്രന്ഥം നമ്മെ സഹായിക്കുന്നു. എന്തെന്നാൽ ദിവസത്തിലെ എല്ലാ മണിക്കൂറിലും (മത്താ 20:1-16) ജീവിതത്തിൻ്റെ എല്ലാകാലത്തും അവിടുന്ന് തൻ്റെ മുന്തിരിത്തോട്ടത്തിലേക്ക് വേലക്കാരെ അയച്ചു കൊണ്ടിരിക്കുന്നു. റിട്ടയർമെൻ്റിൻ്റെ പ്രായമെത്തിയപ്പോഴാണ്, ഇനി പുതുതായി ഒന്നും ചെയ്യാൻ ഇല്ലെന്ന് ഞാൻ കരുതിയിരുന്ന കാലത്താണ് റോമിലെ മെത്രാനാകുവാൻ അവിടുന്ന് എന്നെ വിളിച്ചത്.

കർത്താവ് എപ്പോഴും – എപ്പോഴും നമ്മുടെ അടുത്തുണ്ട്. പുത്തൻ സാധ്യതകളിലൂടെ, പുത്തൻ ആശയങ്ങളിലുടെ, പുത്തൻ സാന്ത്വനങ്ങളിലൂടെ, എപ്പോഴും അവിടുന്ന് നമ്മുടെ അടുത്തുണ്ട്. കർത്താവ് നിത്യനാണ് എന്ന് നമുക്കറിയാം അവിടുന്ന് ഒരിക്കലും, ഒരിക്കലും റിട്ടയർമെൻ്റിലേക്ക് പോകുന്നില്ല.


വി. മത്തായിയുടെ സുവിശേഷത്തിൽ യേശു അപ്പോസ്തലന്മാരോട് പറയുന്നു: ” ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ.ഞാൻ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ ” (മത്താ 28:19-20). ഈ വാക്കുകൾ ഇന്ന് നമ്മോടും കൂടിയാണ്.

നമ്മുടെ വേരുകൾ കാത്തു സൂക്ഷിക്കേണ്ടതും, യുവജനങ്ങൾക്കു വിശ്വസം കൈമാറേണ്ടതും കുഞ്ഞു മക്കളെ പരിപാലിക്കേണ്ടതും നമ്മുടെ ദൈവ നിയോഗമാണെന്ന് മനസ്സിലാക്കുവാൻ ഈ വാക്കുകൾ നമ്മെ കൂടുതൽ സഹായിക്കുന്നു. ഇതെക്കുറിച്ച് ചിന്തിക്കുക.

ഇന്നത്തെ ,നമ്മുടെ കാലഘട്ടത്തിലെ നമ്മുടെ ദൈവനിയോഗം എന്താണ്?

നമ്മുടെ വേരുകൾ കാത്തുസൂക്ഷിക്കുക.യുവജനങ്ങൾക്കു വിശ്വാസം കൈമാറുക.കുഞ്ഞു മക്കളെ പരിപാലിക്കുക. ഇക്കാര്യം ഒരിക്കലും മറക്കരുത്.
നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്നതോ, നിങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതും നിങ്ങൾ ഒറ്റക്കോ കുടുംബത്തോട് ഒപ്പമോ എന്നതും നിങ്ങൾ വളരെ ചെറുപ്പത്തിലെ മുത്തശ്ശീ മുത്തശ്ശനോ ആയി എന്ന തോ നിങ്ങൾ ഇപ്പോഴും സ്വതന്ത്രനാണ് എന്നതോ അല്ലെങ്കിൽ നിങ്ങൾക്കു സഹായം വേണ്ടതുണ്ട് എന്നതോ ഒന്നും വിഷയമല്ല. കാരണം സുവിശേഷപ്രഘോഷണ ദൗത്യത്തിനും പേരക്കുട്ടികൾക്ക് പാരമ്പര്യം കൈമാറുന്നതിനും റിട്ടയർമെൻ്റ് പ്രായം ഇല്ല. ഇറങ്ങിത്തിരിക്കുക. എന്തെങ്കിലും പുത്തൻ ദൗത്യം ഏറ്റെടുക്കുക.


ചരിത്രത്തിലെ ഈ അതി നിർണായകമായ മുഹൂർത്തത്തിൽ നിങ്ങൾക്ക് ഒരു പുത്തൻ ദൗത്യമാണുള്ളത്. അതെങ്ങനെ നടക്കും എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കും. ശീലങ്ങൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറിയ ഇക്കാലത്ത് വ്യത്യസ്തമായി തുടങ്ങാൻ എനിക്ക് എങ്ങനെ സാധിക്കും ?

എൻ്റെ കുടുംബത്തിനായി ഏറെ കരുതേണ്ട എനിക്ക് എങ്ങനെ ദരിദ്രർക്കു വേണ്ടി സമർപ്പിച്ചു പ്രവർത്തിക്കാനാകും?

താമസസ്ഥലം വിടാൻ ആവാത്ത എനിക്ക് എങ്ങനെ കാഴ്ചപ്പാട് വിശാലമാക്കുവാനാകും?

എൻ്റെ ഏകാന്തത തന്നെ മതിയായ ക്ലേശം തരുന്ന ഭാരമല്ലേ?എന്ന ചോദ്യം നിങ്ങളിൽ എത്ര പേരാവും ചോദിക്കുക?

യേശു നിക്കോദേമൂസിൽ നിന്നും കേട്ടതാണ് ഈ ചോദ്യം. അദ്ദേഹം ചോദിച്ചു. പ്രായമായ മനുഷ്യന് എങ്ങനെ വീണ്ടും ജനിക്കുവാനാകും?(യോഹ 3:4) .

സാധിക്കും. കർത്താവ് മറുപടിയായി പറഞ്ഞു. ഇഷ്ടമുള്ളിടത്തേക്ക് വീശുന്ന പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിനായി നാം ഹൃദയം തുറന്നാൽ .അത്രസ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവിന്. അത് ഇഷ്ടമുള്ളിടത്ത് പോകുന്നു. ഇഷ്ടമുള്ളവ ചെയ്യുന്നു.
ഞാൻ പലപ്പോഴും നീരിക്ഷിച്ചതുപോലെ ഈ പ്രതിസന്ധിയിൽ നിന്നും നാം കരകയറുന്നത് ഇന്നത്തെ രൂപത്തിലാവില്ല. ഒന്നുകിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. അല്ലെങ്കിൽ മെച്ചപ്പെടും. നാം ഒന്നും പഠിക്കാത്ത ചരിത്രത്തിലെ ഒരു ദുരന്തമായി ഇതു പരിണമിക്കാതിരിക്കുവാൻ ദൈവം തിരുമനസാകട്ടെ…..

വെൻറിലേറ്ററുകൾ ഇല്ലാതിരുന്നതുകൊണ്ടു മാത്രം മരണപ്പെട്ടവയോധികന്മാരെ ഓർക്കുക…

. ഈ ദീകര വേദന ഫലമില്ലാത്തതാകുമോ ?

അതെയോ പുതിയ ജീവിതരീതി സ്വീകരിക്കുന്നതിന് നമ്മെ സഹായിക്കുമോ?

നമുക്കെല്ലാം പരസ്പരം ആവശ്യമുണ്ട് എന്ന് തിരിച്ചറിയുവാൻ ആയിരുന്നെങ്കിൽ. ഇങ്ങനെ നമ്മുടെ മാനുഷിക ബലഹീനതയ്ക്ക് ഒരു പുനർജന്മം ആർജ്ജിക്കുവാൻ ആയെങ്കിൽ (നാം സോദരർ, 35 ) ആരും ഒറ്റയ്ക്ക് രക്ഷപ്പെടുന്നില്ല. നാം എല്ലാം പരസ്പരം കടപ്പെട്ടവരാണ് നാമെല്ലാം സഹോദരീസഹോദരന്മാരാണ്.


സാഹചര്യം ഇതായിരിക്കെ, നാളത്തെ ലോകം, കൊടുങ്കാറ്റ് അടങ്ങിയശേഷം മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം നാം ജീവിക്കേണ്ട ലോകം സാമൂഹിക സൗഹൃദത്തിലും സാഹോദര്യത്തിലും പണിതുയർത്തപ്പെടുന്നതിന് സഹായിക്കുവാൻ നിങ്ങളെ ആവശ്യമുണ്ട് എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.’കലുഷിതമായ നമ്മുടെ സമൂഹങ്ങളെ നവീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും നാം എല്ലാവരും സജീവമായ പങ്കാളിത്തം വഹിക്കണം (ibid ..,177) ഈ പുതിയ സൗധത്തെ താങ്ങി നിർത്തുന്ന തൂണുകളിൽ മൂന്നെണ്ണം പണിതുയർത്തുന്നതിന് മറ്റാരെയുംകാൾ നിങ്ങൾക്കു സഹായിക്കുവാനാകും.

സ്വപ്നങ്ങൾ, ഓർമ്മകൾ, പ്രാർത്ഥന എന്നിവയാണ് ഈ മൂന്ന് തൂണുകൾ. നമ്മിൽ ഏറ്റവും ബലഹീനരായവർക്കും സ്വപ്നങ്ങൾ, ഓർമ്മകൾ, പ്രാർത്ഥന എന്നിവ ക ളു ടെ പാതയിലൂടെ പുത്തൻ യാത്ര ആരംഭിക്കുന്നതിന് വേണ്ട കരുത്ത് കർത്താവുമായുള്ള അടുപ്പത്തിൽ നിന്നും കൈവരും.


ജോയേൽ പ്രവാചകൻ ഒരിക്കൽ വാഗ്ദാനം ചെയ്തു.”നിങ്ങൾ വയോധികർ സ്വപ്നങ്ങൾ കാണും. യുവജനങ്ങൾക്ക് ദർശനങ്ങൾ കാണും.( 3:1) .വയോധികരും യുവജനങ്ങളും തമ്മിലുള്ള ഈ ഉടമ്പടിയിലാണ് ലോകത്തിൻ്റെ ഭാവി.യുവജനങ്ങൾക്കല്ലാതെ ആർക്കാണ് വയോധികരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാവുക?

എങ്കിലും ഇതുണ്ടാകുവാൻ നാം വയോധികർ സ്വപ്നങ്ങൾ കാണണം. നീതിയെക്കുറിച്ചും, സാമാധാനത്തെക്കുറിച്ചും ഐക്യദാർഢ്യത്തെക്കുറിച്ചും ഉള്ള നമ്മുടെ സ്വപ്നക്കൾ യുവജനങ്ങൾക്കു പുതിയ ദർശനങ്ങൾ ഉണ്ടാക്കും. ഇങ്ങനെ സംഘടിതമായി നമുക്കു ഭാവി പണിതുയർത്താനാവും. കഷ്ടപ്പാടുകളുടെ അനുഭവങ്ങളിൽ നിന്നും പുത്തൻ ഉണർവോടെ ഉയർന്നു വരാനാകും എന്ന് നിങ്ങൾക്കു കാണിച്ചു കൊടുക്കാനാവും.

ജീവിതത്തിൽ എത്രയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് നിങ്ങൾ. എന്നിട്ടും നിങ്ങൾ മുന്നോട്ടു പോകുന്നു. ഇന്നത്തെ പ്രതിസന്ധിയിൽ നിന്നും എങ്ങനെ കരകയറാമെന്ന് പഠിപ്പിക്കുവാൻ ഈ അനുഭവങ്ങളെ ഉപയോഗിക്കുക. ഓർമ്മകളുമായി ഇഴ കലർന്നവയാണ് സ്വപ്നങ്ങൾ. യുദ്ധത്തിൻ്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ യുവജനങ്ങളെ സമാധാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സഹായിക്കും എന്ന് ഞാൻ കരുതുന്നു.

നിങ്ങളിൽ യുദ്ധത്തിൻ്റെ ഓർമ്മകളുള്ളവർ അതു പുതിയ തലമുറക്കായി പങ്കുവയ്ക്കണം. ഓർമ്മകൾ സൂക്ഷിക്കുന്നത് വയോധികനായ ഓരോ വ്യക്തിയുടെയും യഥാർത്ഥ ദൗത്യമാണ്. ഓർമ്മകൾ സജീവമായി സൂക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യുക.

ഷോഹയുടെ ഭീകരത അനുഭവിച്ച എഡിത്ത് ബ്രൂക്ക് പറഞ്ഞു.’ ഒരു മനസ്സാക്ഷിയെ പ്രകാശിപ്പിക്കുവാൻ ആകുമെങ്കിൽ ആ ഓർമ്മകൾ സജ്ജീവമാക്കുന്നത് പ്രയോജനകരമാണ്. അവൾ തുടർന്നു ‘എനിക്ക് ഓർമകളാണ് ജീവിതം’. ഞാൻ എൻ്റെ മുത്തശ്ശന്മാരെക്കുറിച്ച് ഓർക്കുന്നു. അതുപോലെ നിങ്ങളിൽ കുടിയേറേണ്ടി വന്നവരെയും. എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുന്നത് എത്ര വേദനാനിർഭരമാണ്.

ഇന്നും എത്രയോജനങ്ങളാണ് നല്ല ഭാവിക്കായി അതിന് നിർബന്ധിക്കപ്പെടുന്നത്. അവരിൽ ചിലർ ഇപ്പോഴും നമ്മുടെ അടുത്തുണ്ടാകാം. നമ്മെ ശുശ്രൂഷിച്ചു കൊണ്ട്, ഇത്തരത്തിലുള്ള ഓർമ്മകൾക്കു കൂടുതൽ മനുഷ്യത്വപരവും സ്വാഗതം നേരുന്നതുമായ ലോകത്തെ നിർമ്മിക്കാനാവും. ഓർമ്മകളില്ലാതെ നമുക്ക് പണിതുയർത്താനാവില്ല. അടിത്തറയില്ലാതെ എങ്ങനെയാണ് വീടുപണിയാനാവുക. ഒരിക്കലും സാധിക്കില്ല. ഒരിക്കലും.ജീവിതത്തിൻ്റെ അടിത്തറയാണ്.അവസാനത്തേത് പ്രാർത്ഥനയാണ്.

Pope Francis pays a pre-Christmas visit to 91-year-old retired Pope Benedict XVI Dec. 21 in the Mater Ecclesiae monastery, where the retired pope lives. (CNS photo/Vatican Media)


സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ മുൻഗാമി വിശുദ്ധനും വയോധികനുമായ ബെനഡിക്ട് മാർപാപ്പ ഒരിക്കൽ പറഞ്ഞു. ” വയോധികരുടെ പ്രാർത്ഥനയ്ക്ക് ലോകത്തെ സംരക്ഷിക്കുവാനാകും.മറ്റുപലരുടെയും സംഭ്രാന്തചിന്തമായ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായി സഹായിക്കുവാനാകും. “തൻ്റെ പാപ്പാ കാലത്തിൻ്റെ അവസാന നാളുകളിൽ 2012 ലാണ് അദ്ദേഹം ഈ വാക്കുകൾ പറഞ്ഞത് .

ഏറെ മനോഹരമായ സത്യമാണിത്. നിങ്ങളുടെ പ്രാർത്ഥന ഏറെ വിലപ്പെട്ട സ്രോതസ്സാണ്. ലോകത്തിനും സഭയ്ക്ക് അത്യാവശ്യമായ ഒരു ദീർഘനിശ്വാസം( cf. സുവിശേഷത്തിൻ്റെ ആനന്ദം .262) .പ്രത്യേകിച്ചും നമ്മുടെ മാനവ കുടുംബം വളരെ ക്ലേശകരമായ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ .മഹാമാരിയുടെ കൊടുങ്കാറ്റിൽ പെട്ട് ഒരേ വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മധ്യസ്ഥ പ്രാർത്ഥന സഭയ്ക്കും ലോകത്തിനും അമൂല്യമാണ്. അതു നാം ഏറെ വേഗത്തിൽ തീരത്ത് അണയുമെന്ന പ്രത്യാശക്കായി ഇത് എല്ലാവരെയും പ്രചോദിപ്പിക്കും.


പ്രിയപ്പെട്ട മുത്തശ്ശീമുത്തശ്ശന്മാരേ, വയോധികരായ സഹോദരന്മാരേ, ഈ സന്ദേശത്തിൻ്റെ ഉപസംഹാരമായി, വേഗം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടാനിരിക്കുന്ന ചാൽസ് ഡി ഫുക്കോയുടെ മാതൃക ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അൽജീറിയയിൽ ഒരു താപസനായി ജീവിച്ചവനാണ് അദ്ദേഹം.അവിടെ എല്ലാവരുടെയും സഹോദരനായി കണക്കാക്കപ്പെടാനുള്ള തൻ്റെ ആഗ്രഹം അദ്ദേഹം സാക്ഷ്യപ്പെടുത്തി (നാം സോദരർ,287). സ്വന്തം മരുഭൂമിയുടെ ഏകാന്തതയിലും

  • നമ്മുടെ ഏകാന്തതയിൽ നമ്മെ ആശ്വസിപ്പിക്കുവാൻ, കർത്താവ് തൻ്റെ മാലാഖമാരെ അയക്കുന്നു….
    ലോകത്തിലെ ദരിദ്രർക്കെല്ലാം വേണ്ടി മാധ്യസ്ഥം വഹിക്കുന്നതും അങ്ങനെ യഥാർത്ഥത്തിൽ എല്ലാവരുടെയും സഹോദരീസഹോദരന്മാരാവുന്നതും എങ്ങനെയാണെന്ന് ആ ജീവിതകഥ കാണിച്ചുതരുന്നു.

  • നമുക്കെല്ലാവർക്കും അദ്ദേഹത്തിൻ്റെ മാതൃകപോലെ ദരിദ്രരുടെ ആവശ്യങ്ങൾക്കായി നമ്മുടെ ഹൃദയങ്ങളെ ആർദ്രമായി തുറക്കാനും എന്നും അവരുടെ ആവശ്യങ്ങൾക്കായി മാധ്യസ്ഥം യാചിക്കാനും സാധിക്കട്ടെയെന്ന് ഞാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു. നാം ഇന്നു കേട്ട “ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന സാന്ത്വന വചനം എല്ലാവരോടും പ്രത്യേകിച്ചും യുവജനങ്ങളോട് ആവർത്തിക്കുവാൻ നമുക്കെല്ലാം അഭ്യസിക്കാം. മുന്നേറിക്കൊണ്ടിരിക്കുക. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. റോമിലെ സെൻ്റ് ജോൺ ലാറ്ററനിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിൻ്റെ സന്ദർശന തിരുനാൾ ദിനമായ 2021 മെയ് 21ന് നൽകപ്പെട്ടത്
  • ഫ്രാൻസിസ് മാർപാപ്പ

നിങ്ങൾ വിട്ടുപോയത്