ദൈവത്തോട് വളരെ അടുത്ത് ജീവിച്ച ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. തന്‍റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ പതുക്കെ ദൈവത്തില്‍ നിന്നും, പ്രാര്‍ഥനയില്‍ നിന്നും അയാള്‍ വ്യതിചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ ദൈവവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനേകര്‍ പരിശ്രമിച്ചു, എങ്കിലും അയാള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തന്‍റെ ബിസിനസ്സില്‍ മുഴുകി ജീവിച്ചു പോന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ ആണ്‍മക്കളില്‍ ഇളയ കുഞ്ഞിനെ ഒരു വിഷസര്‍പ്പം കടിച്ചു. വിഷബാധ വല്ലാതെ മൂര്‍ച്ഛിച്ചു, ഡോക്ടര്‍മാര്‍ കൈവിട്ടപ്പോള്‍ അത്യന്തം ആകുലനായ അയാള്‍ പ്രാര്‍ഥിക്കാന്‍ ഇടവക വികാരിയെ ആളയച്ചു വരുത്തി.

അദ്ദേഹം വന്ന് ഇപ്രകാരം ഉറക്കെ പ്രാര്‍ഥിച്ചു: “കര്‍ത്താവേ… ഈ കുട്ടിയെ കടിക്കുവാനായി ആ പാമ്പിനെ അയച്ചതിനെ ഓര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, എന്തെന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്ന ഒരവസ്ഥയിലേക്ക് ഈ കുടുംബത്തെ നയിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷമായി എനിക്ക് സാധിക്കാതിരുന്ന ഈ കാര്യം ഒറ്റ നിമിഷം കൊണ്ട് ഈ പാമ്പ് സാധിച്ചിരിക്കുന്നു. കര്‍ത്താവേ, ഈ കുഞ്ഞിനെ ഇപ്പോള്‍ത്തന്നെ സുഖപ്പെടുത്തണമേ, ഈ കുടുംബത്തോട് കരുണയായിരിക്കണമേ. ഇനിയൊരിക്കലും അങ്ങയെ ഓര്‍ക്കാന്‍ ഒരു പാമ്പിന്‍റെ സഹായം അവര്‍ക്കാവശ്യമായി വരാത്തവിധം അവരെ സഹായിക്കണമേ…” ദൈവം ആ പ്രാര്‍ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നല്‍കി, കുഞ്ഞ് സുഖം പ്രാപിച്ചു.

കെയ്‌റോസ് മാസികയിൽ ശശി ഇമ്മാനുവലിന്റെ ‘ദൈവത്തിന്റെ മൗനം’ എന്ന പംക്തി ഓരോ ലക്കവും അതിവിശിഷ്ടമായ ധ്യാനചിന്തകളാൽ സമ്പുഷ്ടമായിരുന്നു. മുമ്പൊരിയ്ക്കൽ ഒരു ലക്കത്തിൽ അച്ചടിച്ചുവന്ന വരികളാണ് മേൽ കുറിച്ചിട്ടുള്ളത്.

Shaji Joseph Arakkal

നിങ്ങൾ വിട്ടുപോയത്