ഞാൻ അൽഫോൻസാമ്മയെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാൽ…കാരണങ്ങൾ പലതുണ്ട് .

ഒൻപതെണ്ണം എണ്ണിയെടുക്കാം:

ഒന്ന്: എളിമ-വിശുദ്ധിയുടെ ഏറ്റവും വലിയ പ്രകാശനം എളിമയിലാണ്.ഒരു ഉദാഹരണം

കിടപ്പുരോഗിയായിരിക്കുമ്പോഴും മഠത്തിൽ അതിഥികൾ വന്നാൽ അൽഫോൻസാമ്മ കിടക്കയിൽ നിന്നെഴുന്നേറ്റ് അങ്ങോട്ടു ചെല്ലുമായിരുന്നത്രെ! ” അവർ ഇങ്ങോട്ട് വരുന്നതിനുമുമ്പ് ഞാൻ അങ്ങോട്ടു ചെല്ലണം” അതായിരുന്നു അവളുടെ ജീവിത കാഴ്ചപ്പാട്. അങ്ങനെയാണ് അവൾ ഓരോ വ്യക്തിയെയും നമ്മുടെ കർത്താവീശോമിശിഹായേപ്പോലെ ബഹുമാനിച്ചത്.എളിമയുടെ രണ്ടു ബിംബങ്ങൾ

A) വട്ടയിലയും വെട്ടിയിലയും” ചെടിയുടെ ചുവട്ടിൽ കിടക്കുന്ന വട്ടയിലയും വെട്ടിയിലയും ചീഞ്ഞു ചീഞ്ഞ് ചെടിക്ക് വളമായിത്തീരും അപ്പോൾ ചെടിയിൽ നല്ല പുഷ്പങ്ങളുണ്ടാകും. പൂക്കൾ കണ്ട് എല്ലാവരും സന്തോഷിക്കുന്നു. എന്നാൽ വളമായിത്തീർന്ന ഇലയുടെ കാര്യം ആരു വിചാരിക്കുന്നു? നമുക്കെന്നും വളമായി കിടന്നാൽ മതി” നാമൊക്കെ നിത്യവസന്തകുസുമങ്ങളെപ്പോലെ പരിലസിക്കാനാഗ്രഹിക്കുകയും, അതിനായി മത്സരിക്കുകയും ചെയ്യുമ്പോൾ ഈ പൂവിനു പോഷണം നൽകുന്ന വളമായി ആരാലും അറിയപ്പെടാതെ മണ്ണടിയാനാഗ്രഹിക്കുന്ന ഈ മാതൃഹൃദയം നമ്മെ ഒരു ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നില്ലേ?

B) ഭാരക്കുറവുള്ള പക്ഷിസ്വർഗ്ഗീയ പിതാവിൻ്റെ സമക്ഷത്തേക്ക് ഉയർന്നു പറക്കാൻ കഴിയുന്ന ഭാരക്കുറവുള്ള പക്ഷിയായിരിക്കാനാണ് അവൾ ആഗ്രഹിച്ചത്. ആരുമറിയാതെ ജീവിക്കാൻ മാത്രമല്ല ആരും അറിയാതെ മരിക്കാനും ആ കന്യക ദാഹിച്ചു:” ഒരു ചിറകടി ശബ്ദം പോലും കേൾപ്പിക്കാതെ ഞാൻ എൻ്റെ ആത്മനാഥന്റെ അടുത്തേക്ക് പറന്നുയരും” അവൾ പറയുമായിരുന്നു.ആത്മീയമനുഷ്യർ അങ്ങനെയാണ്. അവർക്ക് കനം – മസിൽപിടുത്തം – കുറവാണ്. അഹങ്കാരത്തിൻ്റെ തലക്കനമേറിയാണ് ലൂസിഫർ സ്വർഗത്തിൽ നിന്നു താഴേക്കു പതിച്ചതെന്നു നാം ഓർക്കണംരണ്ട്: സ്വർഗീയബന്ധം

അൽഫോൻസാ ജീവിച്ചിരിക്കെ, “അൽഫോൻസാമ്മ പറഞ്ഞാൽ ഈശോ കേൾക്കും” എന്ന ഒരു ശ്രുതി നാട്ടിലാകെ പരന്നിരുന്നു. അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രയോഗം കടമെടുത്താൽ ” മുത്തശ്ശിച്ചുണ്ടുകളിൽനിന്ന് അമ്മക്കാതിലേക്കും അവിടെനിന്ന് കുഞ്ഞിക്കാതിലേക്കും ഒഴുകിയെത്തിയ” ഒരു സാമൂഹ്യസത് വ്യാപനമായിരുന്നത്ആത്മീയ സിദ്ധികൾ

മഹാവിശുദ്ധർക്കു മാത്രമുണ്ടായിരുന്ന ആത്മീയസിദ്ധികളെല്ലാം അവൾക്കു നമ്മുടെ കർത്താവീശോമിശിഹാ കൈമാറിയിരുന്നു. അവയിൽ ചിലത്:* ജ്ഞാനപാരവശ്യം* ദിവ്യദർശനാനുഭവം* കൃപാധനസംഭാഷണ സിദ്ധി* ആത്മീയഹർഷം* പരഹൃദയ ജ്ഞാനം* സമാധിലയന സിദ്ധി എന്നിവയൊക്കെ അടങ്ങിയിരുന്നെന്നാണു നാം മനസ്സിലാക്കുന്നത്. എന്നാൽ ഇതൊന്നും ആരും അറിയാതിരിക്കാൻ അവൾ അങ്ങേയറ്റം ആഗ്രഹിച്ചു അതെ, അൽഫോൻസാമ്മ ഒരു മിസ്റ്റിക്കായിരുന്നു. “അവളുടെ ശരീരം മാത്രമേ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുള്ളൂ. ആത്മാവു സദാ കർത്താവിൻ്റെ പക്കലായിരുന്നു ” എന്നാണ് അവളെക്കുറിച്ച് അടുത്തറിഞ്ഞിരുന്നവർ പറഞ്ഞിരുന്നത്.

ചില ഉദാഹരണങ്ങൾ

“ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള അരമണിക്കൂർ നേരം അവളെ ആരെങ്കിലും സ്പർശിച്ചാൽ പോലും അവൾ അറിഞ്ഞിരുന്നില്ല.””അവളോട് സംസാരിക്കുമ്പോൾ അനന്യമായ ഒരു കൃപാവരം ലഭിക്കുന്ന അനുഭവമുണ്ടായിരുന്നു ” ( അതിനാണ് കൃപാധനസംഭാഷണസിദ്ധിയെന്നു പറയുന്നത്. ) എന്നൊക്കെയുള്ള അനുഭവസാക്ഷ്യങ്ങൾ ധാരാളമുണ്ട്മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആളുകളെ അൽഫോൻസാമ്മ പേരുചൊല്ലി വിളിക്കുമായിരുന്നു.

തൻ്റെ ഓരോ ആടിനെയും പേരെടുത്തു വിളിക്കുന്ന നല്ലിടയൻ അവൾക്കു കൈമാറിയ അത്മീയസിദ്ധികളിൽ ഒന്നു മാത്രമായിരുന്നത്! ഒരിക്കൽ കള്ളനെ പേടിച്ചുണ്ടായ ഭയത്തിൽ അവളുടെ അക്ഷരജ്ഞാനം നഷ്ടപ്പെട്ടിരുന്നു . അത് വി.കൊച്ചുത്രേസ്യയുടെ ചരമദിനമായ സെപ്റ്റംബർ 30ന് തിരിച്ചുകിട്ടുമെന്ന് അവൾ പ്രവചിച്ചിരുന്നു! 1941 സെപ്റ്റംബർ 30ന് പതിനൊന്നര മാസത്തിനു ശേഷം അവൾക്കതു തിരികെക്കിട്ടി!തമിഴ് ഭാഷാ പഠിച്ചിട്ടില്ലാതിരുന്ന അവൾക്ക് തമിഴു വായിക്കാനുള്ള കൃപ കർത്താവിൻ്റെ ഇടപെടൽ കൊണ്ടുമാത്രം ആത്മീയമായി ലഭിച്ചതത്രെ!സാധാരണയായി തൻ്റെ ദർശനങ്ങളൊന്നും ആരെയും അറിയിക്കാതിരുന്ന അവൾ ഒരിക്കൽ, കൂടെയുണ്ടായിരുന്ന സഹോദരിയുടെ സഹോദരൻ മരിച്ചത് രാത്രി പതിനൊന്നരയ്ക്ക് ദർശനത്തിലറിഞ്ഞ് മറ്റുള്ളവരെ വിളിച്ചുണർത്തി! അത് ഈശോ ആവശ്യപ്പെട്ടിട്ടാകാം.തൻ്റെ മരണത്തെക്കുറിച്ചും അൽഫോൻസാമ്മയ്ക്ക് ദർശനം ലഭിച്ചിരുന്നത്രെ!

മൂന്ന്: അതിസാധാരണത്വം

ഉദാഹരണങ്ങൾ പലതുണ്ട് ചിലതു കുറിക്കാംa ) അവളുടെ മരണത്തിന് വാർത്താപ്രാധാന്യം ലഭിച്ചില്ല. -അൽഫോൻസാമ്മയെക്കുറിച്ചുള്ള കൃതികളിൽ ഏറ്റവും ശ്രദ്ധേയമായ ‘സ്നേഹബലി അഥവാ അൽഫോൻസാ’ എന്ന ഗ്രന്ഥത്തിൻ്റെ ( ആ ഗ്രന്ഥം ഭരണങ്ങാനത്തു പോകുന്ന എൻ്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ എല്ലാവരും വാങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു) ഒന്നാം പതിപ്പിൻ്റെ അവതാരികയിൽ, അവളുടെ നാമകരണം നടപടിയുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന റോമളൂസച്ചൻ ഇങ്ങനെ കുറിച്ചു:

“1946 ജൂലൈ എട്ടാം തീയതി അൽഫോൻസാ കാലധർമ്മം പ്രാപിച്ചു. അവളുടെ അജ്ഞാതജീവിതത്തിന് അനുയോജ്യമായിത്തന്നെ ശവസംസ്കാരവും നടത്തപ്പെട്ടു. മരിച്ചിട്ട് രണ്ടുമൂന്നു മാസത്തിനുള്ളിൽ അവളുടെ മരണവാർത്തപോലും പത്രമാസികകളിൽ പ്രസിദ്ധീകൃതമായില്ല”b) സ്ഥാനമാനങ്ങൾ ആഗ്രഹിച്ചില്ല

റോമളൂസച്ചൻ കുറിച്ചതുപോലെ വെറും 36 കൊല്ലത്തെ രഹസ്യമായ ജീവിതമായിരുന്നു അവളുടേത്:” അവൾ സ്കൂൾ ഭരിച്ചില്ല. ആശുപത്രി നടത്തിയില്ല. മഠാധിപതിയായില്ല. ലേഖനങ്ങൾ പ്രസിദ്ധീകരിച്ചില്ല. പക്ഷേ അവൾ സ്നേഹിച്ചു – തീഷ്ണമായി, തീവ്രമായി സ്നേഹിച്ചു”നാല്: അക്രിത്രിമത്വം: കുഞ്ഞുങ്ങളിൽ നിന്ന്.

അവളുടെ പ്രസിദ്ധി സ്വാഭാവികമായിരുന്നുനാലാം ക്ലാസുകാരൻ കട്ടയ്ക്കൽ ജേക്കബാണ് ആദ്യമായി ആ അമ്മയുടെ കബറിടത്തിങ്കൽ തിരി കത്തിച്ചത്.പിന്നീട്, പ്രൈമറി സ്കൂളിലെ കൊച്ചുകുട്ടികൾ അവളുടെ കബറിടത്തിങ്കൽ പുഷ്പങ്ങൾ വിതറിത്തുടങ്ങി. അങ്ങനെയാണ് അതൊരു പതിവായി മാറിയത്. അങ്ങനെയാണ് അവിടെ മെഴുകുതിരിപ്രളയമുണ്ടാകുന്നത്നോക്കൂ, കുഞ്ഞുങ്ങളാണ് അവിടെ വിശുദ്ധി ആദ്യമറിഞ്ഞത്. അവരാണ്, ഗേറ്റ് പൂട്ടിക്കിടന്നതിനാൽ മതിൽ ചാടിക്കടന്ന് ആ അമ്മയുടെ കബറിടം കണ്ടുപിടിച്ചതും, ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും കബറിടത്തിലെ പൂക്കൾ വാടിയിട്ടില്ലെന്നു ശ്രദ്ധിച്ചതും!

അഞ്ച്:സഹനവിസ്മയം

സഹനത്തോടുള്ള അവളുടെ മനോഭാവം മാതൃകാപരമായിരുന്നു ” സഹനങ്ങളിൽ ഓടിവന്നു നിൽക്കാവുന്ന ഇടമാണ് അൽഫോൻസാമ്മയുടെ കബറിടം” എന്നു പറഞ്ഞത് അത് ഇത് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവാണ്. അക്ഷരാർത്ഥത്തിൽ സഹന പുത്രിയായിരുന്നു അവൾനവസന്യാസപരിശീലനം തുടങ്ങുന്ന കാലത്തുതന്നെ അവളുടെ സഹനം കഠിനമായി കഴിഞ്ഞിരുന്നു. കൗമാരത്തിൽത്തന്നെ അവൾക്ക് രക്തസ്രാവം നിലയ്ക്കാതെ വന്നു! ഓപ്പറേഷനു വിധേയമാകേണ്ടിവന്നു.എന്നിട്ടും ആ രോഗം തുടർന്നു.

* ഒന്നു നടക്കാനോ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ.* മൂന്നുമാസത്തോളം ഉറക്കം പോയി * ദിവസം മൂന്നു പ്രാവശ്യം വസ്ത്രം മാറ്റേണ്ടിവന്നു * പിന്നീട് വായിലൂടെയും മൂക്കിലൂടെയും രക്തം വിമക്കാൻ തുടങ്ങി * തന്മൂലം നവസന്യാസപരിശീലനം തൽക്കാലത്തേക്ക് നിർത്തി വയ്ക്കേണ്ടിപ്പോലും വന്നു.

നവസന്യാസം നിർത്തി ഭരണങ്ങാനത്തേക്ക് വിടുന്നതിനെപ്പറ്റി അധികാരികൾ ചിന്തിച്ചു തുടങ്ങി.ആ സഹനത്തിൻ്റെ ഭീകരതയറിയണമെങ്കിൽ കാളാശേരി പിതാവു പറഞ്ഞ വാക്കുകൾ കേൾക്കുക:

” അവളെ ഭരണങ്ങാനത്തിന് വിടേണ്ട അവൾ ഇവിടെത്തന്നെ കിടന്നു മരിക്കുന്നെങ്കിൽ മരിച്ചുകൊള്ളട്ടെ.” മരണത്തോളം എത്തുന്ന സഹനം!ഈ അവസരത്തിലാണ് ചാവറയച്ചൻ പ്രത്യക്ഷപ്പെട്ട് അവൾക്ക് സൗഖ്യം കൊടുക്കുന്നത്. അതേപ്പറ്റി താഴെ പറയുന്നുണ്ട്.

* പ്രതിദിനം 60 തവണവരെ ഛർദ്ദിച്ച അവസരങ്ങളുണ്ട്

* വ്രണം പഴുത്ത് അന്ത്യകൂദാശ കൊടുത്ത അവസ്ഥയിലെത്തിയിട്ടുണ്ട്. * മലമ്പനി പിടിപെട്ടു

* കള്ളനെപ്പേടിച്ച് ഓർമ്മ പോയി

ഈ അമ്മയോട് “വേദന നിറഞ്ഞ രാത്രികളിൽ നീ എന്താണ് ചെയ്യുന്നത്? ” എന്ന് ചോദിച്ചയാൾക്ക് അവൾ കൊടുത്ത ഉത്തരം ശ്രദ്ധിച്ചാലും : “ഞാൻ സ്നേഹിക്കുകയാണ്; സഹിക്കുകയില്ല”നമ്മളോ? പലപ്പോഴും സഹിക്കുക മാത്രമാണ് സ്നേഹിക്കുകയേയല്ല! ശരിയല്ലേ?

ആറ്: പുഞ്ചിരി

Wish you all the festal greetings of Saint Alphonsa.

” ഹൃദയം ടെൻഷനും സങ്കടങ്ങളും നിറയ്ക്കാനുള്ള ഒരു ചവറ്റുകുട്ടയല്ല സന്തോഷത്തിന്റെയും മധുരസ്മരണകളുടെയും റോസാപ്പൂക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു സ്വർണ്ണച്ചെപ്പാണ് ” എന്ന അബ്ദുൽ കലാമിന്റെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് എഫ്സിസി സന്യാസിനി സഭയുടെ സുപ്പീരിയർജനറലായ സി.ലിറ്റി ഇന്നത്തെ (2022 ജൂലൈ 28 വ്യാഴം) ദീപികയിൽ ഇങ്ങനെ എഴുതി:

” ഹൃദയത്തിൻ്റെ സ്നേഹനിലാവിൽ വിരിയുന്ന വിശുദ്ധിയുടെ നിശാപുഷ്പങ്ങളുടെ സുഗന്ധം ഒന്നു വേറെ തന്നെയാണ്. ഈ പുഷ്പങ്ങളുടെ സൗരഭ്യം അനുഭവിച്ച് സഹനങ്ങളിലെല്ലാം സമാശ്വാസം നേടാൻ മിശിഹാ എന്ന മഹാരഹസ്യത്തെ അൽഫോൻസാമ്മ തന്റെ ഹൃദയച്ചെപ്പിൽ നിരന്തരം ധ്യാനിച്ചു”അവൾ പറഞ്ഞു:” പുഞ്ചിരി ഒരു തിരി വെട്ടമാണ് സങ്കടപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും ” സഹനങ്ങളുടെ നടുവിലും അവളുടെ ചുണ്ടിൽ വിരിഞ്ഞു തന്നിൽ നിന്നും

ഏഴ്: ചാവറപ്പിതാവിൻ്റെ പ്രത്യക്ഷം

മരണത്തിനരികെയെത്തിയ മാരകാസുഖം മാറാൻ അവളോടൊപ്പം സിസ്റ്റേഴ്സും ചാവറയച്ചൻ്റ നൊവേന ചൊല്ലിത്തുടങ്ങി.അതേക്കുറിച്ച് അവളുടെ ഗുരുനാഥ ഇങ്ങനെ പറഞ്ഞു:

” രോഗിണി മരിച്ചുപോകുമെന്ന വിചാരമുണ്ടായിരുന്നതിനാൽ ഞാൻ രാത്രിയിൽ കൂടെക്കൂടെ ചെന്നു നോക്കാറുണ്ടായിരുന്നു. നൊവേനയുടെ ഒൻപതാം ദിവസം ഏകദേശം അർദ്ധരാത്രി സമയത്ത് അൽഫോൻസാമ്മയുടെ മുറിയിൽ നിന്ന് ഒരു സംഭാഷണം കേട്ടു. പെട്ടെന്ന് വല്ല ആരോഗ്യവുമുണ്ടായതിനാൽ മറ്റു സഹോദരങ്ങൾ എഴുന്നേറ്റുചെന്ന ശബ്ദമായിരിക്കുമെന്നു കരുതി. കണിശമായ മൗനം ആചരിക്കേണ്ട സമയത്ത് ശബ്ദമുണ്ടാക്കിയതിൽ ഞാൻ അസ്വസ്ഥയായി. മുറിയുടെ വാതിൽക്കൽ ചെന്നു നോക്കി. അവിടെ ആരെയും കണ്ടില്ല. രോഗിണി ഉറങ്ങുകയായിരുന്നു. അപ്പോഴും എന്തോ സംസാരിക്കുന്നുണ്ട്. എന്തെന്ന് എനിക്കു മനസ്സിലായില്ല. ചില ആംഗ്യങ്ങളും കാണിക്കുന്നുണ്ട്. ഞാൻ സഹോദരിയെ വിളിച്ചുണർത്തി. മിണ്ടടക്കസമയത്ത് സംസാരിക്കുന്നതെന്തെന്നു ചോദിച്ചു:

” ഇതാ കുര്യാക്കോസച്ചൻ വന്നിരിക്കുന്നു. കാണുന്നില്ലേ? ഞാൻ ആശീർവാദം അപേക്ഷിക്കട്ടെ?” എന്നുപറഞ്ഞുകൊണ്ട് പരസഹായം കൂടാതെ അവൾ എഴുന്നേറ്റിരുന്നു. അപ്പോഴത്തെ സംസാരവും ആംഗ്യങ്ങളും ബഹുമാനപ്പെട്ട ഏലിയാസച്ചനെ നേരിട്ടു കാണുന്ന ഒരാളുടേതായിരുന്നു. സഹോദരി തുടർന്നു പറഞ്ഞു:

“എൻ്റെ രോഗം സുഖമായി. ഏലിയാസച്ചൻ ഇവിടെ വന്നു; ഞാൻ കണ്ടു ; എന്നെ ആശീർവദിച്ചു; എന്നെ തൊട്ടു; “ഈ ദിനം സുഖമായിരിക്കുന്നു ഇനിമേലിൽ ഈ രോഗം ഉണ്ടാവുകയില്ല, എങ്കിലും നീ മറ്റു രോഗങ്ങളാൽ പീഡിപ്പിക്കപ്പെടും” എന്ന് എന്നോട് പറഞ്ഞു “

അൽഫോൻസാമ്മ പറഞ്ഞത് ശരിയായിരുന്നു.കാലിലുള്ള ദീനം പൂർണമായി സുഖപ്പെട്ടിരുന്നു!രക്തസ്രാവം തീർത്തും മാറിയിരുന്നു!പരസഹായം കൂടാതെ തിരിഞ്ഞു കിടക്കാൻ പോലും പാടില്ലായിരുന്ന അവൾ പ്രഭാതമായപ്പോൾ തനിയെ എഴുന്നേറ്റ് കപ്പേളയിലേക്ക് പോയി സമൂഹത്തോടൊപ്പം ദിവ്യബലിയിൽ സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിച്ചു!

എട്ട്: അമ്മയില്ലാക്കുഞ്ഞ്.

ഒരെളിയ ജനനം; ഒപ്പം അമ്മയുടെ മരണം! ജനനം മുതലേ ദൈവം അവളെ എളിമപ്പെടുത്തിക്കൊണ്ടേയിരുന്നു.അൽഫോൻസാമ്മയുടെ അമ്മ മുട്ടുചിറ പുതുക്കരി കുടുംബത്തിലെ ഇളയവളായ മറിയം എട്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ ഒരു ചേരപ്പാമ്പ് അവിടെ ദേഹത്തുകൂടികടന്നുപോയി. പേടിച്ചരണ്ട് അവൾ നിലവിളിച്ചു; ആ ഇഴജീവിയെ വലിച്ചെറിഞ്ഞു. എങ്കിലും, ആ നടുക്കത്തിൽ ബോധമറ്റു വീണ അവൾ മൂന്നാംനാൾ മാസം തികയാതെ അന്ന എന്ന അൽഫോൻസയെ പ്രസവിച്ചു! അങ്ങനെ ആ അമ്മ പോയി നിത്യതയിലേക്ക്!

അന്ന എന്ന അൽഫോൻസാ!

പാവം! അമ്മയില്ലാത്ത കുഞ്ഞ്! അമ്മയുടെ മുലപ്പാൽ കുടിക്കാൻ ഭാഗ്യമില്ലാത്ത കുട്ടിയായി അവൾ കർക്കശക്കാരിയായ രണ്ടാനമ്മയുടെ ശിക്ഷണത്തിൽ “മിണ്ടാപ്രാണി”യായി വളർന്നു. നാലു വയസ്സു മുതൽ തുടങ്ങിയതാണ് നാനാതരം രോഗങ്ങൾമൂലമുള്ള അവളുടെ സഹനം.

ഒൻപത്: പോരാട്ട വീര്യം

യുദ്ധംചെയ്തുനേടിയെടുത്തസന്യാസദൈവവിളിയായിരുന്നു അവളുടേത്നന്നേ ചെറുപ്പത്തിലെ കൊച്ചുത്രേസ്യയെ അവൾ ദർശനത്തിൽ കണ്ടിരുന്നത്രെ!ബാഹ്യമായും സുന്ദരിയായിരുന്ന അവൾ പ്രായപൂർത്തിയായതോടെ കല്യാണത്തിനു നിർബന്ധിക്കപ്പെട്ടു. അവളുടെ വളർത്തയായിരുന്ന പേരമ്മ അവളെ വിവാഹിതയാക്കുന്നതിനുള്ള ഒരുക്കം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചു. മണവാട്ടിപ്പെണ്ണിന് അണിയാനുള്ള ആഭരണങ്ങൾപോലും പണിയിച്ചുവെച്ചു. “മുരിക്കൻ വീട്ടിലെ മണവാട്ടിപ്പെണ്ണ്” എന്ന പരിഹാസ ഓമനപ്പേരും അവൾക്കു ലഭിച്ചു.

ഓരോ വിവാഹാലോചനയേയും അവൾ നഖശിഖാന്തം എതിർത്തു; ശകാരവർഷമേറ്റു. സഹികെട്ട് അവസാനം അവൾ വളർത്തപ്പനോട്, “നമ്മുടെ കർത്താശോമിശിഹായുടെ തിരുമുറിവുകളെ പ്രതി എന്നെ കല്യാണത്തിനു നിർബന്ധിക്കരുതെ”ന്നു കരഞ്ഞു കാലുപിടിച്ചുപറഞ്ഞു ബോധമറ്റു വീഴുകയാണുണ്ടായത്.

വീണ്ടും നിർബന്ധിക്കപ്പെട്ടപ്പോൾ അവൾ രാത്രി മുഴുവനും കരഞ്ഞു പ്രാർത്ഥിക്കുകയും, സൗന്ദര്യമാണു പ്രശ്നമെങ്കിൽ ആ പ്രശ്നം പരിഹരിക്കാമെന്നു കരുതി കൊയ്ത്തു കഴിഞ്ഞ് പതിരെല്ലാം കത്തിക്കുന്ന ഉമിക്കുഴിയിൽ കാലെടുത്തുവെച്ചു പൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഉദ്യമം പാളി. കാലുകുഴിയിൽ താഴ്ന്നുപോയി. ബാലൻസ് തെറ്റി അവളും വീണു!

“ചുറ്റും അരമതിൽ ഉണ്ടായതുകൊണ്ട് പെട്ടെന്ന് കയറാൻ കഴിഞ്ഞില്ല. തീയിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കേണ്ടിവന്നു. അഴിഞ്ഞുകിടന്ന തലമുടിയുടെ അറ്റഞ്ഞു തീപിടിച്ചു. ഞാൻ അതിൽ കഴുത്തോളം കരിഞ്ഞുപോകേണ്ടതാണ് ” എന്നാണ് പിന്നീട് അവൾ അതേപ്പറ്റി പറഞ്ഞത്.

അൽഫോൻസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോൾ ഫാദർ ജോസഫ് വടക്കൻ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നിർത്തുകയാണ്:

അൽഫോൻസാ,

“മണവാളൻ യേശുവിൻ്റെ നിലവിളക്കിൽ കത്തിച്ച തിരിയാണു നീ. കാൽവരി യജ്ഞത്തിൻ്റെ കാലിക കർപ്പൂരച്ചെപ്പാണു നീ. മാനവമോചനമഹായാഗത്തിലെ സ്വർഗ്ഗീയസോമലതയാണു നീ. മലയാളക്കരയുടെ ഈ മോഹനപ്രസൂനം ദിഗന്തങ്ങളിൽ നിന്നുള്ള ചിത്രശലഭങ്ങളെയും വരിവണ്ടുകളേയും ഇങ്ങോട്ടാകർഷിക്കും എൻ്റെ ലിസ്യു ഭരണങ്ങാനമാണ്. സിസ്റ്റർ അൽഫോൻസായിൽ കിഴക്കിൻ്റെ കൊച്ചുത്രേസ്യായെ ഞാൻ ദർശിച്ചു .. സൗവ്വർണ്ണസൗന്ദര്യത്താലും, സ്വർഗീയ സൗരഭ്യത്താലും അൽഫോൻസാ വിശ്വോത്തരതന്നെ “

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ ആശംസകൾ!-

സൈ

Simon Varghese

നിങ്ങൾ വിട്ടുപോയത്