ദൈവത്തിന് നമ്മളോടുള്ള സ്നേഹം അനന്തമാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്‌ ദൈവം. നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. സ്നേഹത്തിന്റെ ആയുസ് എത്രത്തോളം ഉണ്ട് എന്ന് ചോദിച്ചാൽ, ദൈവത്തോളം പഴക്കം ഉണ്ടെന്ന് പറയുവാൻ സാധിക്കും. കാരണം ദൈവം സ്നേഹമാണ്. ദൈവസ്നേഹത്തിന്റെ പൂർണ്ണരൂപം നമുക്ക് ദർശിക്കുന്നത് ഈശോയുടെ ക്രൂശിലാണ്. മനുഷ്യർക്കായി സ്വന്തം പുത്രനെ ബലി നൽകിയ ദൈവം. ആ സ്നേഹത്തിന്റെ പൂർണ്ണതയിലേയ്ക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെക്കെ ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയം തോന്നാം. വേദനകളാൽ തളരുമ്പോൾ, സഹനങ്ങൾ പാരമ്യത്തിൽ എത്തുമ്പോൾ സഹായിക്കാൻ ആരുമില്ലാതെ വലയുമ്പോൾ, ജീവിത പ്രതിസന്ധികളിൽ ഒക്കെ ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന തോന്നൽ നമ്മെ അലട്ടാറുണ്ട്. എന്നാൽ തിരിച്ചറിയുക നീ വേദനിക്കുമ്പോൾ നിന്റെ ഒപ്പം ദൈവവും വേദനിക്കുന്നുണ്ട്. നിന്റെ വേദനകളിൽ പകുതിയിലേറെയും വഹിക്കുന്നത് ഒപ്പം നിൽക്കുന്നത് ദൈവമാണ്. അതാണ് ദൈവത്തിന്റെ സ്നേഹം.

2 തിമോത്തേയോസ്‌ 2 : 13 ൽ പറയുന്നു, നാം അവിശ്വസ്‌തരായിരുന്നാലും അവന്‍ വിശ്വസ്‌തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല. നാം ദൈവസന്നിധിയിൽ നിന്നും മാറി സഞ്ചരിച്ചു നമ്മുടേതായ രീതിയിൽ സഞ്ചരിക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത പ്രകാരം നമ്മളെ ദൈവത്തിന്റെ വഴിയിൽ സഞ്ചരിപ്പിച്ചു ദൈവം ഉദ്ദേശിച്ചതിനെ നിവർത്തിച്ചു കാണിക്കുന്ന ഒരു വിശ്വസ്തനായ ദൈവമാണ് നമ്മുടെ ദൈവം. ദൈവത്തിന്റെ സ്നേഹവും വിശ്വസ്തതയും മാറ്റമില്ലാത്തതാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്