എന്റെ പൗരോഹിത്യത്തിന് ഇന്ന് 20 വയസ്സ് ആരംഭിക്കുന്നു…. മുറിപ്പെടാനും മുറിക്കപ്പെടാനുമായി ഈ ജീവിതം ഇനിയും മുന്നോട്ടു നീങ്ങുന്നു!! 2

003 ൽ Dec 28 ന് അഭിവന്ദ്യ തൂങ്കുഴി പിതാവിൽ നിന്ന് സ്വീകരിച്ച പൗരോഹിത്യം 100 % ആത്മാർത്ഥതയോടെ ചിലവഴിച്ചതിന്റെ ചാരിതാർത്ഥ്യം മാത്രം ഉണ്ട് കൈമുതലായിട്ട്….

കൂടെ നടന്നവർക്കും കൂട്ടിരിന്നവർക്കും നന്ദി !!

ബലിജീവിതത്തിന്റെ ഗത്‌സെമിനികളിൽ രക്തം വിയർത്ത് കരഞ്ഞപ്പോൾ നെഞ്ചിൻ കൂടോട് ചേർത്ത് പിടിച്ച എല്ലാ സത് മനസ്സുകൾക്കും കൂപ്പുകൈ….

ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ഏറെ കളിയാക്കലുകളും അപഹാസ്യങ്ങളും നേരിടേണ്ടി വരുന്ന ഈ കേരളക്കരയിൽ ക്രിസ്തുവിന്റെ പുരോഹിതനാണ് ഞാനെന്ന് ഏറെ അഭിമാനത്തോടെ ഏറ്റു പറയുന്ന ഒരച്ചനാണ് ഞാൻ.!!

തോപ്പ് സെമിനാരിയുടെ വിശുദ്ധമായ ദൈവാലയ അകത്തളങ്ങളിൽ അന്നത്തെ ഞങ്ങളുടെ ഫാദർ പ്രീഫക്ടായിരുന്ന ജോർജ്ജ് കോമ്പാറച്ചന്റെ വാക്കുകൾ എനിക്ക് ഇന്നും ബലമാണ് …..

” നിങ്ങൾക്ക് ഒരു മാതൃകയുള്ളൂ അത് 33 വയസ്സു വരെ പറഞ്ഞത് ജീവിച്ച ക്രിസ്തു എന്ന ചരിത്ര പുരുഷനാണ്. നിങ്ങളുടെ ആരാധ്യരായ അച്ചന്മാർക്കും മെത്രാൻമാർക്കും എന്തിന് ചിലപ്പോൾ മനുഷ്യർ നിയന്ത്രിക്കുന്ന സഭയ്ക്കു വരെ തെറ്റുപറ്റാം …

നിങ്ങൾ പതറരുത്… തെറ്റുകൾ കാണുമ്പോൾ കുറ്റം പറഞ്ഞ് ഇട്ടെറിഞ്ഞ് പോകരുത്… കാരണം അവരൊക്കെ മനുഷ്യരാണ് .. അവർക്ക് തെറ്റുപറ്റാം..

. നമ്മൾക്ക് അത് ഇടർച്ചയാകരുത്.. നിങ്ങൾ ക്രിസ്തുവിനെ നോക്കി നടക്കുക…” ഇന്നും ഏറെ അർത്ഥവത്തായ വാക്കുകൾ !! കേരളസഭയിലെ ചതുരംഗ കളിയിൽ രാജാവും അനുചരൻമാരും കാലാളുകളും പരസ്പരം കലഹിക്കുമ്പോഴും എന്റെ മനസ്സിനെ പൗരോഹിത്യത്തിലും ക്രിസ്തീയതയിലും പിടിച്ചു നിർത്തുന്ന വലിയ വാക്കുകളാണവ…!!

ക്രിസ്തുവാണ് ജയിക്കേണ്ടത് സഭയല്ല…. സഭ ക്രിസ്തുവിന്റെ മൗതികശരീരം മാത്രമാണ് അതിന്റെ ആത്മാവ് ക്രിസ്തീയതയാണ് …

ഇന്ന് കേരളത്തിൽ ക്രിസ്തീയത മരിക്കുന്നു … ആത്മാവ് നഷ്ടപ്പെട്ട ശരീരം മൃതമാണെന്ന് ഇനി നമ്മൾ എന്നു പഠിക്കും എന്നറിയില്ല… മനസ്സിലെ കൊച്ചു ദുഃഖമാണത് !!

പൗരോഹിത്യ പരിശീലനത്തിന്റെ അവസാന വർഷം പെതൃകമായ ഒരുപദേശം കുടുംബക്കാരനായ വെല്ല്യച്ചൻ എനിക്കു തന്നു…”ക്രിസ്തുവിന്റെ ചാവേറാകുക ….” എന്ന ഒരു കാലഘട്ടത്തിന്റെ വിപ്ലവകാരിയായ വലിയ വടക്കനച്ചന്റെ ആ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്…. ചാവേറാക്കുക എന്നാൽ മനസ്സും ശരീരവും ഒരു വ്യക്തിക്കു വേണ്ടി ഒരാശയത്തിനു വേണ്ടി മരണം വരിക്കുക എന്നാണർത്ഥം.

ക്രിസ്തുവെന്ന വ്യക്തിക്കുവേണ്ടി സ്നേഹമെന്ന ആശയത്തിനു വേണ്ടി ചാവേറായി ജീവിക്കാനായി എന്ന സന്തോഷം എന്നിലെ പൗരോഹിത്യത്തെ മുന്നോട്ട് നയിക്കുന്നുണ്ട്.

നന്മ ചെയ്ത് ചുറ്റിസഞ്ചരിക്കുമ്പോൾ ജയ് വിളികളും ആർപ്പുവിളികളുമായി കൂടെ നടന്നവർക്ക് ഒത്തിരി നന്ദി… ആർപ്പുവിളികൾ ആക്രോശമാകുമ്പോഴും കൂടെയുണ്ടാകണം എന്നു മാത്രമാണ് അപേക്ഷ….

എന്റെ ഒറ്റപ്പെടലുകളിലും ഏകാന്തതകളിലും കൂട്ടായി , ബലമായി കൂടെ നിന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു…!!ദേശാടനം തുടരുകയാണ്…

ഇപ്പോൾ ഭൂപടത്തിലെ അരിമ്പൂര് ദേശത്ത് എറവ് നാട്ടിലാണ് ….പ്രാർത്ഥനകളിൽ ഓർക്കുക!!

ഇനിയും കുർബാന പോലെ മറ്റുള്ളവരുടെ ജീവനു വേണ്ടി മുറിയപ്പെടണം…. ഗോതമ്പുമണി പോലെ അഴിയപ്പെടണം ….

ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുമ്പോഴും പതറാതെ തളരാതെ ക്രിസ്തുവിന്റെ കാലടികളിലേയ്ക്ക് വളരാൻ എനിക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കുക ….

Fr.Roy Joseph Vadakkan

നിങ്ങൾ വിട്ടുപോയത്