ഇന്ന് വി.ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ.പതിമൂന്നാം നൂറ്റാണ്ടിൽ സമൂഹത്തിലും സഭയിലും ആശയക്കുഴപ്പവും സംഘര്‍ഷവും ഉണ്ടാക്കിയിരുന്ന കാലത്താണ് സുവിശേഷ പ്രഘോഷണവുമായി ഫ്രാന്‍സിസിന്‍റെ രംഗപ്രവേശം. ഫ്രാന്‍സിസിന്‍റെ മാതൃകയും ദൈവവചനത്തോടുള്ള തീക്ഷ്ണതയും മൂലം അനേകം പേര്‍ അദ്ദേഹത്തിന്‍റെ ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു നിസ്വനായ ഫ്രാന്‍സിസിന്‍റെ കൂടെ ചേരുകയും ചെയ്തു. ഇങ്ങനെയുള്ള പാഷണ്ഡതകളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസിനും (പതിനൊന്നു പേരുടെ) സംഘത്തിനും ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പയുടെ അംഗീകാരം ഈ പുതിയ ജീവിതക്രമത്തിനു നേടിയെടുക്കണം എന്ന ചിന്ത ശക്തമായത്.

‘ദൈവത്തിലേക്കുള്ള ഫ്രാന്‍സിസിന്‍റെ ആദ്യപടി ഒരു മനുഷ്യവ്യക്തിയെ ആലിംഗനം ചെയ്തതായിരുന്നു, സമൂഹത്തിലെ ഏറ്റവും നിന്ദ്യനായി കരുതപ്പെട്ടിരുന്ന കുഷ്ഠരോഗിയെ. തെല്ലൊരു സംശയത്തിനും ഇടനല്‍കാതെ. ഇത് തന്നെ ആയിരുന്നു നൈസര്‍ഗ്ഗികമായി ദൈവത്തോടുള്ള ഫ്രാന്‍സിസിന്‍റെ സമീപനം; അഭൗമികമായതിനെ സമൂഹത്തിന്‍റെ പുറമ്പോക്കില്‍ തിരയുക എന്നത്. ക്രിസ്തുവിന്‍റെ സഭയുടെ മാനുഷികമുഖത്തെ അതിന്‍റെ എല്ലാ കുറവുകളോടും ഫ്രാന്‍സിസ് ഉള്‍ക്കൊണ്ടു, കാരണം സഭയുടെ ദൈവികത ക്രിസ്തുവില്‍ അടിസ്ഥാനപ്പെട്ടതാണെന്ന ഉത്തമബോധ്യം ഫ്രാന്‍സിസിനുണ്ടായിരുന്നു.

സഭ ഒരേസമയം ദൈവികമാണെന്നും, കാരണം സഭ ക്രിസ്തുവിന്‍റേതാണെന്നും; അതേ സമയം അതിനു ഒരു മാനുഷിക ഭാവം ഉണ്ടെന്നും,കാരണം ബലഹീനരായ മനുഷ്യര്‍ കൂടി ഉള്‍പ്പെടുന്നതാണതെന്നും ഉള്ള ബോധം ഫ്രാന്‍സിസിനുണ്ടായിരുന്നു. അതുകൊണ്ടാണ് സഭ നവീകരണം തന്‍റെ തന്നെ മനസാന്തരത്തില്‍ നിന്നും ഫ്രാന്‍സിസ് തുടങ്ങിയത്.മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ടല്ല ഫ്രാൻസിസ് സഭാ നവീകരണം നടത്തിയത്.

ഫ്രാന്‍സിസിനെ യഥാര്‍ത്ഥ സഭ നവീകരണത്തിന്‍റെ മാതൃകയായി പ്രതിഷ്ഠിക്കുന്നു.പ്രധാനമായി, ഫ്രാന്‍സീസിന് സഭയോടുള്ള അനുസരണമായിരുന്നു അതിനുള്ള കാരണം.മറുതലിച്ചു കൊണ്ടോ, വിഘടിപ്പിച്ചു കൊണ്ടോ (breaking communion) അല്ല ഫ്രാന്‍സിസ് സഭാനവീകരണത്തില്‍ ഏര്‍പ്പെട്ടത്.തികച്ചും വിശേഷവിധമായി, ലഭ്യമായ ഫ്രാന്‍സിസിന്‍റെ അനേകം എഴുത്തുകളിലും, വാക്കുകളിലും, സഭയെയോ അതിലെ പൗരോഹിത്യത്തെയോ കുറിച്ച് ഒരു ആക്ഷേപം പോലും കാണാന്‍ സാധിക്കില്ല. ഒരു ഗാഢമായ ആദരവും അനുസരണവും പൗരോഹിത്യത്തോടും, കൂദാശകളോടും,സഭയുടെ അനുഷ്ഠാനങ്ങളോടും,സഭാ അധികാരികളോടും ഫ്രാന്‍സിസ് പ്രകടിപ്പിച്ചു.

“സഭയെ നന്നാക്കാനും നവീകരിക്കാനും ആണ് ഞങ്ങള്‍ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും”എന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്.സ്വയം നവീകരിക്കുകയാണ് സഭയെ നവീകരിക്കാൻ ഇറങ്ങുന്നവർ ചെയ്യേണ്ടത്.മാധ്യമങ്ങളിലൂടെയല്ല സഭാ നവീകരണം.മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയല്ല ക്രൈസ്തവർ സഭ നവീകരിക്കേണ്ടത്.മറിച്ച്‌ സത്യസന്ധതയോടെയും,സഭാ സ്നേഹത്തിലും,അനുസരണത്തിലും സഹോദര്യത്തിലുമാണ് സഭാ നവീകരണം നടത്തത്തേണ്ടത്

ഫ്രാന്‍സിസിന്‍റെ സഭ നവീകരണ മാതൃകയും പ്രവര്‍ത്തനവും തന്‍റെ തന്നെ മനസാന്തരത്തിലൂന്നിയതായിരുന്നു.സഭാ ‘നവീകരണക്കാരെ’ തിരിച്ചറിയാനുള്ള നല്ല കണ്ണാടിയാണ് ഫ്രാന്‍സിസ്.സഭാ സ്നേഹികളേ, അസ്സീസിയിലെ വി. ഫ്രാന്‍സിസിനെ നമുക്ക് അന്വേഷിച്ചുകൊണ്ടിരിക്കാം.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്