പ്രിയപ്പെട്ടവരെ,

അഭിവന്ന്യ പൗവ്വത്തിൽ പിതാവിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയും വീക്ഷണങ്ങളും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്.

25 വർഷങ്ങൾക്ക്‌ മുമ്പ് എറണാകുളം അങ്കമാലി അതിരുപതയിൽ താമസം ആരംഭിച്ച നാളുകളിൽ ,ഒരിക്കൽ ചങ്ങനാശ്ശേരി ബിഷപ്പ്ഹൌസിൽ നടന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് ഓർക്കുന്നു.

അക്കാലത്ത് ഞാൻ അടക്കം നേതൃത്വം നൽകിയിരുന്ന മാധ്യമബോധിയുടെ പ്രധിനിധിയായിട്ടായിരുന്നു പങ്കെടുത്തത്.

എറണാകുളം അതിരുപതയിൽ നിന്നും സത്യദീപത്തെ പ്രധിനിധികരിച്ച് റവ. ഡോ. പോൾ തേലക്കാട്ടും പങ്കെടുത്തത് ഓർക്കുന്നു. ഏകദേശം നൽപ്പതോളം മാധ്യമപ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ ,അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു. പങ്കെടുത്തവരെല്ലാം തികഞ്ഞ ആത്മാർഥതയോടെ വിഷങ്ങളെ സമീപ്പിക്കുന്നത് കണ്ടു.

ഇന്റർചർച് കൗൺസിൽ അധ്യക്ഷൻ എന്ന നിലയിലാണ് പൗവ്വത്തിൽ പിതാവ് ആ യോഗം വിളിച്ചതെന്ന് കരുതുന്നു. പൊതുചർച്ചകളിൽ പങ്കെടുത്ത് മറയും മടിയുമില്ലാതെ ഞാനും അഭിപ്രായം പറഞ്ഞു.

ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഇരിക്കുമ്പോൾ മാർ പൗവ്വത്തിൽ എന്നെ അടുത്തേക്ക് വിളിച്ച് വിശേഷങ്ങൾ ചോദിച്ചു. ഒപ്പം എന്റെ പ്രതികരണങ്ങളെ അനുമോദിച്ചതും ഓർക്കുന്നു. അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളും പങ്കുവെച്ചു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച.

അടുത്ത് കാണുംമുമ്പ് മെത്രാന്മാരിലെ ഭീകരരൂപമായി അദ്ദേഹത്തെ ചിലർ വിശേഷിപ്പിച്ചത് മറക്കുന്നില്ല.

സീറോ മലബാർ സഭയിലെ ആരാധനക്രമകാഴ്ചപ്പാടുകളുടെ പേരിൽ, ഉറച്ച നിലപാടുകളുടെ പേരിൽ അദ്ദേഹത്തെ മുൻവിധിയോടെ കണ്ട് പ്രചരിപ്പിച്ച പലതും മനസ്സിൽ പതിഞ്ഞിരുന്നു. ആ മാധ്യമസമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ ഉള്ളിൽ വലിയ ആദരവും ബഹുമാനവും ഉണ്ടായി. ദീപികയുടെ ചീഫ് എഡിറ്റർ, മനോരമ, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളിലെയും ,ക്രൈസ്തവ മാധ്യമങ്ങളിലെയും മാധ്യമ പ്രവർത്തകർ ചർച്ചകൾ നടത്തിയത് സാമൂഹ്യമാറ്റങ്ങളെക്കുറിച്ചും അതിൽ മാധ്യമങ്ങൾ എടുക്കേണ്ട മുല്യാധിഷ്ടിത സമീപനങ്ങളെക്കുറിച്ചുമായിരുന്നു

നന്നായി വായിക്കുകയും എഴുതുകയും ചെയ്തിരുന്ന പൗവ്വത്തിൽ പിതാവ് മാധ്യമങ്ങളെ പ്രബോധനമാർഗമായി കണ്ടിരുന്നു. ആശയവിനിമയം വഴിക്രൈസ്തവ സന്ദേശങ്ങൾ എക്കാലത്തും മനോഹരമായി പ്രയോജനപെടുത്തുവാൻ ശ്രദ്ധിച്ചു.

എതിർക്കുന്ന മാധ്യമങ്ങളുമായും മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർക്കും ഏറെ ആദരവോടെ ചർച്ചകൾ നടത്തുവാൻ പിതാവ് ശ്രമിച്ചതും കണ്ടിട്ടുണ്ട്.

സീറോ മലബാർ സഭയുടെ പൊതുകാര്യസമിതി

പിന്നീട് മാസങ്ങൾ കഴിഞ്ഞപ്പോൾ സീറോ മലബാർ സഭയുടെ പൊതുകാര്യസമിതി രൂപീകരിച്ചപ്പോൾ അതിന്റെ ചെയർമാൻ മാർ പൗവ്വത്തിൽ പിതാവ് നിയമിക്കപ്പെട്ടു. വിവിധ രൂപതകളിൽ നിന്നും ആ സമിതിയിലേയ്ക്ക് വ്യക്തികളെ കണ്ടെത്തിയത് ചെയർമാൻ ആയിരുന്നു. ആ സമിതിയിൽ അംഗമായിരുന്ന മാർ തോമസ് ചക്യത്ത് പിതാവ് എന്നെ ഫോൺവിളിച്ച് ഒരു കാര്യം അറിയിച്ചു.

സഭയുടെ പൊതുകാര്യ സമിതിയിൽ എന്നെയും ഉൾപ്പെടുത്തിയെന്നായിരുന്നു അത്. എനിക്ക് അതിശയവും ആശങ്കയുംഉണ്ടായി . കാരണം ചങ്ങനാശ്ശരി യോഗത്തിൽ ഞാൻ സഭയുടെയും, ഒരവസരത്തിൽ പൗവ്വത്തിൽ പിതാവ് എഴുതിയ കാര്യത്തിന്റെ മറ്റൊരുവശവും (വിയോജിപ്പായിരുന്നു ഞാൻ രേഖപ്പെടുത്തിയത്).ചൂണ്ടികാണിച്ചിരുന്നു.പിന്നീട് പ്രഥമ യോഗത്തിൽ എത്തിയപ്പോൾ നല്ല ഭയം ഉണ്ടായിരുന്നു.

സന്തോഷം, സംതൃപ്തി, അഭിമാനം

പണ്ഡിതനായ പിതാവിന്റെ മുമ്പിൽ അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വിചാരിക്കും എന്ന ചിന്തയുണ്ടായിരുന്നു. ആ സമിതിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഞാനായിരുന്നു. അദ്ദേഹം വിരമിക്കുംവരെ ആ സമിതിയിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം, സംതൃപ്തി, അഭിമാനം മനസ്സിൽ നിറയുന്നു.

സഭയിലെയും സമൂഹത്തിലെയും നിരവധി വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട നിരവധി യോഗങ്ങൾ. രാവിലെ 10മണിക്ക് മൌണ്ട് സെന്റ്. തോമസിൽ എത്തുന്ന പിതാവ് വൈകിട്ട് 4 മണിവരെ ശ്രദ്ധയോടെ യോഗം നിയന്ത്രിച്ചിരുന്നു. മുന്ന് മെത്രാൻമാർ, ഏതാനും വൈദികർ, വിരലിൽ എണ്ണാവുന്ന അൽമായർ പങ്കെടുത്തിരുന്ന യോഗങ്ങൾ വിദ്ധക്ത സെമിനാറുകളായിരുന്നു.

പഠനം, വിചിന്തനം, വിശകലനം, വിമർശനം, അനുമോദനങ്ങൾ എല്ലാം നടന്നിരുന്നു. സഭയിലെ ആനുകാലിക പ്രശ്നങ്ങൾ, അതിനുള്ള പരിഹാരങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾ, അതേക്കുറിച്ചുള്ള ക്രൈസ്തവ സമീപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ എല്ലാം ചർച്ചചെയ്യപ്പെട്ടിരുന്നു. വിഷയങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുള്ളതിനാൽ അതേക്കുറിച്ച് എഴുതാൻ കഴിയുന്നില്ല.എന്നാൽ ഒരു കാര്യം വ്യക്തമാക്കാം.

വസ്തുതകൾ പഠിക്കുവാൻ അദ്ദേഹം നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങൾ അനുമോദനങ്ങൾ അർഹിക്കുന്നതാണ്.

ഓരോ വ്യക്തിയെയും കേൾക്കുവാൻ, അത് അപ്രിയമായതും, തന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെങ്കിലും അദ്ദേഹം മാനിക്കുമായിരുന്നു. കാഴ്ചപ്പാടുകൾ ബോധ്യം വരുമ്പോൾ തിരുത്തുന്നതും, വിയോജിപ്പുള്ള വ്യക്തികൾ പ്രസ്ഥാനങ്ങൾ എന്നിവയുടെ നന്മകൾ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും, ഉചിതമെങ്കിൽ അനുമോദിക്കാനും പിതാവ് തയ്യാറാകുന്നത് കണ്ടിട്ടുണ്ട്.

ആരാധനക്രമം, വൈദികരുടെ ജീവിത ശൈലി, സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനം..എന്നിവയെല്ലാം ചർച്ചകൾക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ തുറവിയും സത്യസന്ധതയും മനസ്സിലാക്കുവാൻ കഴിഞ്ഞു.

അദ്ദേഹത്തിന്റെ ഓർമ്മശക്തി വളരെ ശക്തമായിരുന്നു. വ്യക്തികളെയും വിഷയങ്ങളെയും ഓർത്തെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
അദ്ദേഹത്തെ എതിർക്കുകയോ അവഹേളിക്കുകയോ ചെയ്തവരെപ്പോലും അദ്ദേഹം സ്നേഹിക്കുകയും, അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും മനസ്സി ലാക്കുവാൻ ശ്രമിച്ചിരുന്നു.


ക്രൈസ്തവ ദർശനങ്ങളോട് വിമുഖത പുലർത്തിയവരോട് സഹകരിക്കുവാൻ അവരുമായി സൗഹൃദം പുലർത്തുവാൻ ആഗ്രഹിച്ചില്ല. വിശ്വാസ സത്യങ്ങളോട് പ്രതിബദ്ധത പുലർത്തിയ അദ്ദേഹം അങ്ങനെയുള്ള വ്യക്തികൾ പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പ്രോത്സാഹിപ്പിച്ചു.

അദ്ദേഹം വായിച്ചതും പഠിച്ചതുമെല്ലാം തന്റെ സഭക്കുവേണ്ടിയായിരുന്നു. സീറോ മലബാർ സിനഡിലും, സി ബി സി ഐയിലും, കെ സി ബി സിയിലും അദ്ദേഹം അദ്ദേഹം പറയുന്നത് കേൾക്കുവാൻ, അതിൽ നിന്നും പ്രചോദനം സ്വീകരിക്കുവാൻ മെത്രാൻമാർ തയ്യാറായിരുന്നു. ആരാധന ക്രമം ഒരു സഭയുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുവാൻ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിൽ മരണം വരെ ഉറച്ചുനിന്നു. മാർപാപ്പ നിർദേശിക്കുന്നത് അനുസരിക്കുവാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു,ശ്രദ്ധിച്ചു .


വിശ്വാസം, സഭയുടെ സ്ഥാപനങ്ങളുടെ അവകാശം, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുവാൻ ഇതുപോലെ പ്രവർത്തിച്ച മറ്റൊരു മെത്രാൻ ഭാരതത്തിൽ ഉണ്ടായിട്ടുണ്ടോ?
തന്റെ രൂപതയിൽ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ തികഞ്ഞ സുതാര്യത പുലർത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

നിയമനത്തിലും അഡ്മിഷനിലും സത്യസന്ധത പുലർത്തി. അതുകൊണ്ട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ ആവശ്യമുള്ള സമയത്തെല്ലാം വിമർശിക്കുവാൻ, പ്രതിഷേധ സമരങ്ങൾ നടത്തുവാൻ സാധിച്ചു.


കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ സഭയിലും സമൂഹത്തിലും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു.ആത്മീയ ചൈതന്യം കൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിച്ച നല്ല ഇടയൻ *ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ.


ആത്മീയചൈതന്യത്തോടെ സഭയിലും സമൂഹത്തിലും ഇടയശ്രേഷ്ഠനായി പ്രവർത്തിച്ചപ്പോൾ പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകി.

അതി രൂപത മെത്രാപ്പോലിത്ത എന്നനിലയിൽ ചങ്ങനാശ്ശേരി അതിരുപതയിലും,കെ സി ബി സി പ്രസിഡന്റ്‌ എന്ന നിലയിൽ കേരളസഭയിലും,സി ബി സി ഐ പ്രസിഡന്റ്‌ എന്ന നിലയിൽ ഭാരത സഭയിലും, സീറോ മലബാർ സഭയിലെ വിവിധ കമ്മീഷനുകളിലൂടെ ആഗോളതലത്തിലും മനുഷ്യജീവന്റെ സംരക്ഷണപദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മാർ പൗവ്വത്തിൽ മഹനീയ നേതൃത്വം നൽകി.

അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും പ്രഭാഷണങ്ങളിലും എഴുത്തിലുമെല്ലാം ജീവന്റെ മഹത്വം, സമഗ്ര സംരക്ഷണം എന്നിവയെക്കുറിച്ച് വ്യക്തമായ ദർശനങ്ങൾ നൽകുമായിരുന്നു. കത്തോലിക്കസഭയുടെ ജീവന്റെസംസ്കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വിവിധ കർമ്മപരിപാടികളിലൂടെ അദ്ദേഹം നടപ്പിലാക്കി.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യറുടെ നേതൃത്വത്തിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ജനിക്കുന്ന കുട്ടികൾക്ക് അവകാശം നിഷേധിക്കും, മാതാപിതാക്കൾക്ക് ശിക്ഷയുണ്ടാകുമെന്ന് അടക്കമുള്ള നിയമപരിഷ്കാരണ കമ്മീഷന്റെ നിർദേശങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രൊ ലൈഫിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്കും, വലിയ കുടുംബങ്ങളെ ആദരിക്കുവാൻ ആവിഷ്കരിച്ച ജീവസമൃദ്ധി പദ്ധതിക്കും മാർ പൗവ്വത്തിൽ ആത്മാർത്ഥമായ നേതൃത്വം നൽകി

വീർപാടിന്ശേഷം

അദ്ദേഹത്തിന്റെ വീർപാടിന്ശേഷം മേജർ അർച്ച്ബിഷപ്പുമാരും, പ്രധാനമന്ത്രിയും, മെത്രാൻമാരും നടത്തിയ അനുസ്മരണപ്രഭാഷണങ്ങൾ, പ്രസ്താവനകൾ, ലേഖനങ്ങൾ എല്ലാം പിതാവിന്റെ ജീവിതത്തിന്റെ മഹത്വം വ്യക്തമാക്കി.


മാധ്യമങ്ങൾ നൽകിയ വാർത്താപ്രാധാന്യം അദ്ദേഹത്തിന്റെ ഉന്നത മാഹത്മ്യം വെളിപ്പുടുത്തുന്നതായിരുന്നു.അതിനിയും തുടരും. പൗത്തിൽ പിതാവിന് പകരം പൗത്തിൽ പിതാവ് മാത്രം.


കഴിഞ്ഞ വർഷം ചങ്ങനാശ്ശേരിയിലെ അദ്ദേഹത്തിന്റെ മുറിയിൽ എത്തികണ്ടപ്പോഴും നൽകിയ പിതൃസാഹചമായ സ്നേഹം, പ്രോത്സാഹനം നന്ദിനിറഞ്ഞ ഹൃദയത്തോടെ സ്മരിക്കുന്നു. ഒരു പുസ്തകം ഒപ്പിട്ട് നൽകി. എറണാകുളം രൂപതയിലെ വൈദിക സമരങ്ങളിൽ അദ്ദേഹം ദുഖിതനായിരുന്നു.

എന്റെ പിതാവിന്റെ മാതൃരൂപത ചങ്ങനാശ്ശേരിയാണ്. പിതാവ് പരേതനായ ഡോ. ജോസ് ചെക്കൊന്തയിൽ പാലാരൂപതയിൽ ആണ് ജനിച്ചുവളർന്നത്.

മലബാറി ലേക്ക് കുടിയേറ്റം നടത്തിയപ്പോൾ പഴയ തലശ്ശേരി രൂപതയിലും തുടർന്ന്‌ താമരശ്ശേരി രൂപതയിലുമാണ് ഞാൻ വളർന്നത്. ഇപ്പോൾ മുന്ന് പതിറ്റാണ്ടായി എറണാകുളം അങ്കമാലി അതിരുപതയിൽ അംഗമാണ്.


മുപ്പത്തിലധികം വർഷങ്ങളിൽ അദ്ദേഹത്തിന്റെകൂടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.

സഭാ ശുശ്രുഷകളിലും, സാമൂഹ്യപ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും നിരവധി മാതൃക, സന്ദേശം സ്വീകരിക്കാൻ സാധിച്ചത് അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്

ഈ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചപ്പോഴും മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, അഭിവന്ന്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ജീവിതത്തിന്റെ അപൂർവ്വ സവിശേഷതകൾ വിഷദികരിച്ചത് മനസ്സിൽ പതിഞ്ഞു.

അദ്ദേഹം ഇപ്പോൾ ഞാൻ നേതൃത്വം നൽകുന്ന കുടുംബം, അൽമായർ, ജീവൻ കമ്മീഷന്റെ ചെയർമാനാണ്. പൗവ്വത്തിൽ പിതാവിന്റെ ജീവിതശൈലി, ദർശനം അദ്ദേഹം പുലർത്തുന്നു.

ഓരോ ദിവസവും പത്രങ്ങൾ വായിച്ചാലുടൻ വിവിധ സ്ഥലങ്ങളിലെ മെത്രാൻമാരെയും വൈദികരെയും ജനപ്രധിനിധികളെയും ഫോണിൽ വിളിച്ചു കാര്യങ്ങൾ പഠിക്കുകയും, ഉചിതമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് കല്ലറങ്ങാട്ട് പിതാവ് എഴുതിയത് ഓർക്കുന്നു.

മനസ്സ് ദൈവത്തിലും പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു


പൊതുകാര്യസമിതിയുടെ യോഗത്തിന് വരുമ്പോൾ, കഴിഞ്ഞ യോഗത്തിന് ശേഷമുള്ള പ്രസക്തമായ നുറുകണക്കിന് വിഷയങ്ങൾ അദ്ദേഹത്തിന്റെ ഡയറിയിൽ കാണാമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് ദൈവത്തിലും പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു.
ഒരിക്കലെങ്കിലും മുന്ന് മിനിറ്റ് അദ്ദേഹത്തോട് സംസാരിക്കുവാൻ, അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ശ്രദ്ധിച്ചു കേൾക്കുവാൻ കഴിഞ്ഞെങ്കിൽ,അദ്ദേഹത്തിന്റെ ഏതെങ്കിലും ലേഖനം വായിക്കുവാൻ കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കുവാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിന്റെ മനോഭാവം, ഉള്ളും ഉൾക്കാ ഴ്ചയും നമ്മെ ആരാധകരാക്കും.


ദീപിക ഇടക്കാലത് സഭയ്ക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോൾ ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതിസ്സിൽ മുന്ന് ലക്കങ്ങളിൽ എഴുതിയ കവർസ്റ്റോറിവായിച്ച് പൗവ്വത്തിൽ പിതാവ് വിളിച്ച് അനുമോദിച്ചതടക്കമുള്ള നിരവധി സംഭവങ്ങൾ മനസ്സിൽ നിറയുന്നു.


പിതാവിനെക്കുറിച്ച് എന്തേ ഒന്നും എഴുതിയില്ല എന്ന് ചില അടുത്ത സുഹൃത്തുക്കൾ ചോദിച്ചതുകൊണ്ടാണ് വൈകി ഇപ്പോൾ ഈ ഓർമ്മകുറിപ്പ്.


പിതാവേ, പ്രണാമം. പതിവ് ശൈലിയിലുള്ള ചെറിയ പുഞ്ചിരിയോടെ “എന്തോക്കയാ സാബു എഴുതിയിരിക്കുന്നത് “-എന്ന് പറഞ്ഞതുപോലെ മനസ്സ് മന്ത്രിക്കുന്നു.

ക്ഷമിക്കണം പിതാവേ, ഇതെങ്കിലും എഴുതിയില്ലെങ്കിൽ എനിക്ക് സമാധാനം ലഭിക്കില്ല.

സാബു ജോസ് ,എറണാകുളം

നിങ്ങൾ വിട്ടുപോയത്