കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച വഞ്ചിയെ പ്രപഞ്ചശക്തികളുടെ ആക്രമണത്തിന് വിട്ടുകൊടുത്തതുവഴി യേശു തന്റെ ശിഷ്യരുടെ ഉള്ളിൽ വേരുപിടിച്ചുപോയ ഒരു തെറ്റായ വിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദൈവപുത്രനായ ഈശോ സഞ്ചരിക്കുന്ന വഞ്ചി കൊടുങ്കാറ്റിൽപെട്ട് അപകടത്തിലാകും എന്നത് ശിഷ്യന്മാരുടെ സങ്കല്പത്തിന് അതീതമായ ഒരു കാര്യമായിരുന്നു. ഈശോ കൂടെയുള്ളപ്പോൾ യാതൊരു അനർത്ഥങ്ങളും തങ്ങളെ സമീപിക്കുകയില്ല എന്ന മിഥ്യാധാരണയിലേക്ക് തന്റെ ശിഷ്യന്മാരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടു കൂടിയാണ് യേശു ചോദിക്കുന്നത്: നിങ്ങളുടെ വിശ്വാസം എവിടെ? പ്രകൃതിക്ഷോഭങ്ങളും മറ്റ് തകർച്ചകളും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്രിസ്തുശിഷ്യർ ഇന്നും പകച്ചുനിൽക്കാറുണ്ട്. ഈശോയോടൊപ്പം ജീവിച്ചിട്ടും ദുരന്തങ്ങൾ എന്തുകൊണ്ടാണ് ജീവിതത്തെ പിടിച്ചുലയ്ക്കുന്നതെന്ന് ആകുലപ്പെടാറുണ്ട്. ആ അവസരങ്ങളിലെല്ലാം നമ്മൾ ഓർത്തിരിക്കേണ്ട കാര്യം കൊടുങ്കാറ്റുകൾ ഉണ്ടാകില്ലാത്ത ഒരു യാത്രയല്ല നമ്മുടെ ജീവിതം എന്നാണ്.

തകർച്ചകളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ അവയെ എല്ലാം ഈശോയുടെ അടുത്തു ചെല്ലാനുള്ള ഒരു അവസരമാക്കി മാറ്റാൻ നമുക്കാകുമെങ്കിൽ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവർത്തിക്കും. “ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 46:1-3). ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസം. പ്രാർത്ഥനയാലും, ജാഗ്രതയാലും, കരുതാലും പ്രളയത്തെ നേരിടാം. 🌊🏊അമ്മേൻ 💕

Rainbow for optimism

നിങ്ങൾ വിട്ടുപോയത്