Pope Francis gives a rosary to a patient at Gemelli hospital in Rome July 11, 2021, as he recovers following scheduled colon surgery. Earlier the pope led the Angelus from a balcony at the hospital. (CNS photo/Vatican Media via Reuters)

വത്തിക്കാൻ സിറ്റി: രോഗീപരിചരണത്തിൽ കൂടുതൽ വ്യാപൃതരാകാൻ വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ചും ആതുരശുശ്രൂഷകർക്ക് പ്രചോദനമേകിയും ഫ്രാൻസിസ് പാപ്പയുടെ വിശേഷാൽ സന്ദേശം. ലൂർദ് നാഥയുടെ തിരുനാൾ ദിനത്തിൽ (ഫെബ്രുവരി 11) ആഗോളസഭ ആചരിക്കുന്ന ലോക രോഗീദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽ, ആരോഗ്യപ്രവർത്തകരുടെ കരങ്ങൾ ദൈവപിതാവിന്റെ കാരുണ്യഹസ്തത്തിന്റെ അടയാളങ്ങളാണെന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി.

Pope Francis speaks with a health worker at the Gemelli hospital, as he recovers following scheduled surgery on his colon, in Rome, Italy, July 11, 2021. Vatican Media/­Handout via REUTERS

‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ,’ (ലൂക്കാ 6,36) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ സന്ദേശം തയാറാക്കിയിരിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1992ൽ ആഗോളസഭയിൽ ലോക രോഗീദിനം ഏർപ്പെടുത്തിയതിന്റെ 30-ാം വർഷംകൂടിയാണിത്. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നും പാപ്പ ഓർമിപ്പിച്ചു.

പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള ഈശോയുടെ ക്ഷണം ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും പാപ്പ വ്യക്തമാക്കി: ‘പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരേ, സ്‌നേഹത്തോടെയും വൈദഗ്ദ്ധ്യത്തോടെയും നിങ്ങൾ ചെയ്യുന്ന രോഗീശുശ്രൂഷ തൊഴിലിന്റെ അതിരുകൾ ഭേദിച്ച് ഒരു ദൗത്യമായി മാറുന്നു. ക്രിസ്തുവിന്റെ മുറിവേറ്റ ശരീരത്തെ സ്പർശിക്കുന്ന നിങ്ങളുടെ കരങ്ങൾ ദൈവപിതാവിന്റെ കരുണയുള്ള കരങ്ങളുടെ അടയാളമായിരിക്കാം. നിങ്ങളുടെ തൊഴിലിന്റെ മഹത്തായ അന്തസിനെക്കുറിച്ചും അത് ഉൾക്കൊള്ളുന്ന ഉത്തരവാദിത്തത്തെക്കുറിച്ചും അനുദിനം ഓർമയുള്ളവരാകുക.’

ഡോക്ടർമാർ, നഴ്സുമാർ, ലബോറട്ടറി ടെക്നീഷ്യന്മാർ, സപ്പോർട്ട് സ്റ്റാഫ്, രോഗീ പരിചാരകർ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിലയേറിയ സമയം വിനിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ എന്നിവരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. സാധാരണ ഔഷധങ്ങൾ പോലും ലഭ്യമല്ലാത്ത സ്ഥലങ്ങളെ കുറിച്ച് പരാമർശിച്ച പാപ്പ, ഈ പശ്ചാത്തലത്തിൽ കത്തോലിക്കാ ആരോഗ്യകേന്ദ്രങ്ങളുടെ പ്രാധാന്യം നിർണായകമാണെന്നും വ്യക്തമാക്കി. എല്ലാ രോഗികൾക്കും ചികിത്സ ലഭിക്കാനുള്ള അവകാശത്തെക്കുറിച്ചും പാപ്പ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

മുപ്പതാം ലോക രോഗീദിനാചരണത്തിന്റെ സമാപനം ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മഹാമാരിയുടെ വ്യാപനംമൂലം സമാപന തിരുക്കർമങ്ങൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിക്കും.

നിങ്ങൾ വിട്ടുപോയത്