ബംഗളൂരു: കഴിഞ്ഞ നൂറുവർഷത്തിനിടെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ. സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണു ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ബൈബിൾ പഠനക്ലാസിന്റെ പേരിൽ നഗരത്തിലെ ക്ലാരൻസ് ഹൈസ്കൂളിനാണ് കഴിഞ്ഞദിവസം പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചത്.

സ്കൂളിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്കു മാത്രമാണ് മതപഠനക്ലാസ് നൽകിയിരുന്നതെന്നും ക്ലാസ് തുടങ്ങുന്നതിനു മുമ്പോ ശേഷമോ മാത്രമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ എഴുപത്തിയഞ്ചുശതമാനത്തോളം വിദ്യാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോടു ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം മുതൽ ആവശ്യമുള്ളവർ മാത്രം ബൈബിൾ കൊണ്ടുവന്നാല്‍ മതിയെന്നു നിർദേശിച്ചിരുന്നു. എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണു സ്കൂളിൽ നൽകുന്നതെന്നും ആത്മീയതെയും ധാർമികതയെയും വേർതിരിച്ചു കാണാൻ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സഭാനേതൃത്വം വകുപ്പിന് മറുപടി നല്‍കും.