തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം. വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ആഗോള ടെണ്ടറിലൂടെ വാക്‌സിന്‍ വാങ്ങണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.സർക്കാർ സംവിധാനങ്ങളെ കമ്പോളത്തിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രമേയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനം പ്രമേയം പാസാക്കിയത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈഒഴിയുന്ന കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്‌സിന്‍ സാര്‍വ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു.

നിങ്ങൾ വിട്ടുപോയത്