വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്നതിനെ ശക്തമായി എതിര്‍ത്തുക്കൊണ്ട് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ബെൽജിയത്തിലെ ബ്രസ്സൽസിൽ കഴിഞ്ഞമാസം നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255 നെതിരെ 378 വോട്ടുകൾക്ക് പാസാക്കിയിരിന്നു. 42 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിപ്പോർട്ടിൽ പറയുന്ന നിർവചനത്തെ പരിശുദ്ധ സിംഹാസനം തള്ളിക്കളയുന്നതായി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ ജൂലൈ ഏഴാം തീയതി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് നടത്തിയ യാത്രാമധ്യേ പറഞ്ഞു.

പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് ഈ കാര്യത്തിൽ എന്താണെന്ന് ചിന്തിക്കാൻ പ്രയാസമില്ലെന്ന് റേഡിയോ റെനാസെൻഗക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2270, 2271 ഖണ്ഡികകള്‍ യഥാക്രമം ഇപ്രകാരം പഠിപ്പിക്കുന്നു, “മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ്”. “മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്.”

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തില്‍ പോർച്ചുഗീസ് വിദേശകാര്യമന്ത്രി അഗസ്റ്റോസ് സാൻറ്റോസ് സിൽവയുമായി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ കൂടിക്കാഴ്ച നടത്തി. 2023 ലോക യുവജന സമ്മേളനത്തിന് വേദിയാകുന്നത് പോർച്ചുഗലാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കുമെന്ന് പ്രതീക്ഷയിലാണ് സംഘാടകർ. ജൂലൈ ഒന്നാം തീയതി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ലെബനോനിലെ ക്രൈസ്തവ നേതാക്കളുമായി വത്തിക്കാനിൽ പാപ്പ നടത്തിയ കൂടിക്കാഴ്ചയെ പറ്റിയും ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ പരാമർശിച്ചു. ക്രൈസ്തവ നേതാക്കൾ തിരികെ മടങ്ങി ജനങ്ങളോടും, സർക്കാർ പ്രതിനിധികളോടും സംസാരിക്കുമെന്നും, വത്തിക്കാന് എന്തെല്ലാം ഇടപെടൽ നടത്താൻ സാധിക്കുമെന്നതിനെ പറ്റി ചിന്തിക്കുമെന്നും, പരിശുദ്ധ സിംഹാസനം അതിന് തയ്യാറാണെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്