യൗസേപ്പിതാവിൻ്റെ അൾത്താര

മാർച്ചു പത്തൊമ്പതിനു വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലാണ് ഇറ്റലിയിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ ഏറ്റവും നല്ല മാതൃകയായതുകൊണ്ടാണ് ഈ ദിനം തന്നെ പിതാക്കന്മാരുടെ ദിനമായി ആചരിക്കുന്നത്.

തെക്കേ ഇറ്റലിയിൽ പ്രത്യേകിച്ച് സിസിലി (Sicily ) പ്രവശ്യയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. സിസലി നിവാസികളെ മാരകമായ വരൾച്ചകളിൽ നിന്നു രക്ഷിച്ചത് യൗസേപ്പിതാവാണ് എന്നാണ് വിശ്വാസം. വളരെക്കാലം മഴയില്ലാതെ സിസിലിയൻ നിവാസികൾ വലഞ്ഞപ്പോൾ മഴക്കായി അവർ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടി. തൽഫലമായി സ്വർഗ്ഗം മഴ മേഘങ്ങളെ വർഷിച്ചു ജനതയ്ക്കു ആശ്വാസമേകി എന്നാണ് പാരമ്പര്യം.

യൗസേപ്പിതാവിനോടുള്ള ആദര സൂചകമായി വിശുദ്ധ യൗസേപ്പിതാവിൻ്റെ അൾത്താര അഥവാ മേശ ( St. Joseph’s Table) സ്ഥാപിക്കുക സിസിലിയിലെ ഒരു പൊതു ആചാരമാണ്. ഇത്തരം അൾത്താരകൾ വീടുകളിലും, ദൈവാലയങ്ങളിലും, ക്ലബുകളിലും കഫേകളിലും പൊതുവായി സ്ഥാപിക്കാറുണ്ട്. അലങ്കരിച്ച യൗസേപ്പിതാവിൻ്റെ തിരുസ്വരൂപമോ ചിത്രമോ പ്രത്യകം തയ്യാറാക്കിയ മേശയിൽ പ്രതിഷ്ഠിക്കുകയും അതിനു ചുറ്റം സമ്മാനങ്ങളും ഭക്ഷണ പദാർത്ഥങ്ങളും പഴങ്ങളും സമർപ്പിക്കുകയും ചെയ്യും. യൗസേപ്പിതാവു വഴി ലഭിച്ച നന്മകൾക്കു ദൈവത്തിനു നന്ദി പറയുന്ന ഒരു മഹനീയമായ ഒരു ആചാരമാണിത്.

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആചാരം യൗസേപ്പിതാവിൻ്റെ വർഷം നമ്മുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പുനരാരംഭിക്കുകയാണങ്കിൽ തിരുക്കുടുംബത്തിൻ്റെ പാലകൻ്റെ സംരക്ഷണം നമുക്കു കൂടുതൽ അനുഭവവേദ്യമാകും.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്