സ്വർഗീയ പിതാവേ,അങ്ങയെ സ്തുതിക്കുവാനും കുടുംബം എന്ന മഹാദാനത്തിന് നന്ദി പറയാനുമായി ഞങ്ങൾ അങ്ങേ മുമ്പാകെ വന്നിരിക്കുന്നു.

വിവാഹം എന്ന കൂദാശയാൽ അഭിഷിക്തമായ എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു. അവർ സ്വീകരിച്ച ദൈവകൃപ ഓരോ ദിവസവും അവർ വീണ്ടും കണ്ടെത്തട്ടെ, അങ്ങനെ ചെറിയ ഗാർഹിക സഭയെന്ന രീതിയിൽ അവർ നിരന്തരം അങ്ങയുടെ സാന്നിധ്യത്തിനും ക്രിസ്തു സഭയെ സ്നേഹിക്കുന്ന ആ സ്നേഹത്തിനും സാക്ഷ്യം ഏകട്ടെ!

പ്രയാസങ്ങളും സഹനങ്ങളും മൂലം ക്ലേശിക്കുന്നവരും അങ്ങേക്ക് മാത്രം അറിയാവുന്ന ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു. അവരെ സംരക്ഷിക്കുകയും അങ്ങ് നിരന്തരം വിളിക്കുന്ന വിശുദ്ധിയുടെ പാതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണമേ, അത് വഴി അവർ അങ്ങയുടെ അനന്ത കാരുണ്യം അനുഭവിക്കുകയും സ്നേഹത്തിൽ വളരാനുളള പുതിയ വഴികൾ കണ്ടെത്തുകയും ചെയ്യട്ടെ!

കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു, അവർ അങ്ങയെ അനുഭവിക്കുകയും അങ്ങയുടെ മനസ്സിൽ അവർക്കായുളള ജീവിതാന്തസ്സിനോട് അവർ ആനന്ദത്തോടെ പ്രതികരിക്കട്ടെ! മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു, അവർ ദൈവിക മാതൃത്വത്തിന്റേയും പിതൃത്വത്തിന്റേയും അടയാളങ്ങൾ ആണെന്ന് അവർ അറിയട്ടെ, അങ്ങ് അവരെ ആത്മശരീരങ്ങളോടെ ഭരമേൽപ്പിച്ച മക്കളെ പരിചരിക്കുന്നത് വഴി സാഹോദര്യത്തിന്റെ അനുഭവം ലോകത്തിന് കുടുംബത്തിലൂടെ സംലഭ്യമാകട്ടെ!

കർത്താവേ, ഓരോ കുടുംബവും സഭയിൽ അവരുടെ വിശുദ്ധിയിലേക്കുളള പ്രത്യേകമായ വിളി പ്രേഷിത ശിഷ്യരാകാനുളള വിളിയായി ജീവിക്കുവാൻ ഇടയാക്കണമേ, ജീവന്റേയും സമാധാനത്തിന്റേയും ശുശ്രൂഷയിൽ, നമ്മുടെ വൈദികരോടും സമർപ്പിതരോടും സഭയിലെ എല്ലാ ജീവിതാന്തസ്സുകളോടുമുളള കൂട്ടായ്മയിൽ വളരാൻ അനുഗ്രഹിക്കണമേ!

ലോക കുടുംബ സംഗമത്തെ അനുഗ്രഹിക്കണമേ! ആമേൻ.

(വിവ: ഡോ. ടോണി ജോസഫ്, പ്രസിഡന്റ് കപ്പിൾ, ലോഫ്)

Loaf Thrissur

LOAF is a group of Families trying to live Consecrated Catholic Life as per Evangelical Virtues.