നമ്മുടെയിടയിൽ അടിച്ചമർത്തലിന്റെ വേരുകൾ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്ന് പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ തെമെൽകൂറാൻ (Ece Temelkuran) എന്ന തുർക്കി എഴുത്തുകാരിയാണ്. അതിനു സ്ത്രീകൾക്ക് കൊടുക്കേണ്ടി വരുന്ന വില സമൂഹത്തിൽ ഭ്രാന്തിയായി ചിത്രീകരിക്കപ്പെടുക എന്നതാണ്.

നമ്മെ ഭരിക്കുന്നയാൾ ശക്തനായ മനുഷ്യനാണെന്ന മിഥ്യാധാരണ ഇതിനകം തന്നെ മതിയായ നാശനഷ്ടങ്ങൾ വരുത്തി കഴിയുമ്പോൾ അടുക്കളയിൽ നിന്നുകൊണ്ടു സ്ത്രീകൾ ചില തീരുമാനങ്ങൾ എടുക്കും. അത് ചരിത്രത്തിന്റെ വിളനിലങ്ങളിൽ വിപ്ലവത്തിന്റെ വിത്തുകൾ വിതയ്ക്കും. അങ്ങനെയാണ് ലേവി ഗോത്രത്തിൽപ്പെട്ട പേരില്ലാത്ത ഒരമ്മ കോമളനായ ഒരു പുത്രനെ പ്രസവിച്ചു മൂന്നുമാസത്തോളം രഹസ്യമായി വളർത്തിയത്. “ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍” (പുറ 1 : 22) എന്ന ഫറവോയുടെ കൽപനയ്ക്കു വിരുദ്ധമായ ഒരു പ്രവർത്തി.

മരണ സംസ്കാരത്തിനെതിരെ ചരിത്രം രേഖപ്പെടുത്തിയ ആദ്യ പ്രതിഷേധമാണിത്. നൊമ്പരങ്ങളെ അടക്കിപ്പിടിച്ചു സ്നേഹത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടുള്ള നിശബ്ദമായ ഒരു പ്രതിഷേധം. സ്ത്രീസഹജമായ വിശ്വാസത്തിന്റെ തന്മയീഭാവമാണിത്. നദിയിലേക്ക് എറിഞ്ഞു കളയേണ്ട ജീവനെ രക്ഷിക്കാൻ ശ്രമിച്ചതിനുശേഷം നിവർത്തിയില്ലാതെ വരുന്ന ഒരു ഘട്ടത്തിൽ ഞാങ്ങണ കൊണ്ടുണ്ടാക്കിയ ഒരു പേടകത്തിൽ ഒഴുക്കിവിടുന്ന അമ്മ തോറ്റു പോകുന്ന ഒരു സ്ത്രീ കഥാപാത്രമല്ല, തനിക്ക് അസാധ്യമായത് എല്ലാം കാണുന്നവന് സാധിക്കുമെന്ന പ്രത്യാശയുടെ പ്രതിബിംബമാണ്.

പുറപ്പാട് പുസ്തകം രണ്ടാം അദ്ധ്യായത്തിൽ കാഴ്ച ഒരു വിഷയം തന്നെയാണ്. നൈൽ നദിയിലൂടെ ഒഴുകി പോകുന്ന ആ കുഞ്ഞിന് എന്തു സംഭവിക്കുമെന്നറിയാൻ നോക്കിനിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവിടെയുണ്ട്. ആ കുഞ്ഞിന്റെ സഹോദരിയാണവൾ. അവളുടെ നോട്ടം മുഴുവനും ആ പേടകത്തിലാണ്. നോഹയുടെ പെട്ടകത്തെ ദൈവം നിരീക്ഷിച്ചതുപോലെ, അവൾ തന്റെ സഹോദരന്റെ പേടകത്തെ ഉറ്റുനോക്കുകയാണ്. ഒരേ പദമാണ് പേടകത്തിനും പെട്ടകത്തിനും വിശുദ്ധഗ്രന്ഥം ഉപയോഗിച്ചിരിക്കുന്നത്; തേവ (תֵּבָה) എന്ന ഹീബ്രു പദം. അപ്പോൾ അതൊരു യാദൃശ്ചികതയല്ല. തിന്മയുടെ കുത്തൊഴുക്കുകളിൽ ആടിയുലയുന്ന മനുഷ്യജീവനുകൾ ആർദ്രനേത്രങ്ങളാൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നതും ഒരു ആശ്വാസമാണ്.

പുതുജന്മങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ വേണ്ടി ഫറവോ കണ്ടെത്തിയ ഒരു ഉപാധിയാണ് പുരുഷന്മാരെ കൊണ്ട് അധിക ജോലി ചെയ്യിപ്പിക്കുകയും ആൺകുട്ടികളെ പ്രസവസമയത്ത് തന്നെ വധിക്കുകയെന്നതും. തൊഴിലിനെയും പ്രസവത്തെയും അയാൾ അങ്ങനെ മരണത്തിന്റെ സംഖ്യകക്ഷികളാക്കി. ജീവന്റെ പര്യായമാണ് തൊഴിലും പ്രസവവും. അവയെ മരണത്തിന്റെ വാതിലാക്കി മാറ്റുന്ന ഫറവോമാർ ചരിത്രത്തിൽ എപ്പോഴും ഉണ്ടായിട്ടുണ്ട്. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പും സ്റ്റാലിന്റെ സൈബീരിയൻ തടവറയും ചില ഉദാഹരണങ്ങൾ മാത്രമാണ്. നിർബന്ധിത തൊഴിലിൽ നിന്നും രക്ഷപ്പെടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കിൽ തന്നെ അവിടെയും ജീവന്റെ നിലപാട് എടുക്കാൻ നമുക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് പുറപ്പാട് പുസ്തകത്തിലെ ആദ്യത്തെ താളുകളിലെ സ്ത്രീ കഥാപാത്രങ്ങൾ.

മരണസംസ്കാരം ഭർത്താക്കന്മാരെയും പിതാക്കന്മാരെയും കാർന്നെടുക്കുമ്പോൾ, അവർ നിസ്സഹായരായ കാഴ്ചക്കാരായി മാറുമ്പോൾ, ജീവൻ സംരക്ഷിക്കുന്ന കാര്യത്തിൽ സ്ത്രീകളുടെയിടയിൽ അതിശയകരമായ ഒരു സഖ്യം രൂപപ്പെടും എന്നതിന്റെ നേർക്കാഴ്ചയാണ് ഈ സ്ത്രീകഥാപാത്രങ്ങൾ. ആദ്യം സൂതീകർമിണികൾ ജീവൻ നിലനിർത്താൻ മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്നു, ലേവി ഗോത്രത്തിലെ പേരില്ലാത്ത അമ്മ തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുന്നു, ഒരു പെൺകുട്ടി പേടകത്തിൽ ഒഴുകുന്ന കുഞ്ഞിനെ ഉറ്റുനോക്കുന്നു, ഫറവോയുടെ മകൾക്ക് ആ കുഞ്ഞിനോട് അനുകമ്പ തോന്നുന്നു, എന്നിട്ട് ആ കുഞ്ഞിനെ വളർത്താൻ വേതനം നൽകുന്നു. കുഞ്ഞുങ്ങളെ കൊല്ലാൻ വേതനം നൽകിയ ഫറവോയ്ക്ക് വിപരീതമായി അയാളുടെ മകൾ ഒരു കുഞ്ഞിനെ വളർത്താൻ വേതനം നൽകുന്നു. ഇങ്ങനെയാണ് ദൈവം ചരിത്രത്തിൽ ഇടപെടുക; ശുദ്ധമായ മനസ്സാക്ഷിയുള്ളവരുടെ കരങ്ങളിലൂടെയും കണ്ണുകളിലൂടെയും.

സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞയായ ഓഡ ഷ്നെയ്ഡർ (Oda Schneider) The Power of Woman എന്ന തന്റെ കൃതിയിൽ ഒരു കഥ പറയുന്നുണ്ട്. ഒരിടത്ത് ദൈവഭക്തിയുള്ള ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു. പക്ഷേ അവർക്ക് മക്കളില്ലായിരുന്നു. ഒരിക്കൽ അവർ പറഞ്ഞു, “ദൈവത്തിന്റെ മുമ്പിൽ ഉപയോഗശൂന്യരാണ് നമ്മൾ, അതുകൊണ്ട് നമുക്ക് വേർപിരിയാം”. അങ്ങനെ അവർ വേർപിരിഞ്ഞു. ആ ഭർത്താവിന് പിന്നീട് ദൈവഭക്തി ഒട്ടുമില്ലാത്ത ഒരു ഭാര്യയെ കിട്ടി. അവൾ അയാളെ ഒരു നിരീശ്വരവാദിയാക്കി. ആ ഭാര്യക്ക് പിന്നീട് നിരീശ്വരവാദിയായ ഒരു ഭർത്താവിനെ കിട്ടി. അവൾ അയാളെ ഒരു ദൈവവിശ്വാസിയാക്കി. നോക്കുക, സ്ത്രീകൾ വിചാരിച്ചാൽ എന്തും സാധ്യമാണ്.

ജൈവീക ഊർജ്ജമാണ് സ്ത്രീകളുടെ തനിമ. അത് തന്നെയാണ് അവരുടെ ശക്തിയും. പുറപ്പാട് പുസ്തകത്തിന്റെ ആദ്യതാളുകൾ ഈ ജൈവീക ഊർജ്ജത്തിന്റെ പ്രഘോഷണമാണ്. അവരുടെ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് ദൈവം പുതിയൊരു ചരിത്രത്തിന് തറക്കല്ലിടുന്നത്. അവഗണിക്കപ്പെടേണ്ട സ്വരങ്ങളല്ല സ്ത്രൈണസ്വരങ്ങളെന്ന സന്ദേശം വരികൾ പകർന്നു നൽകുന്നുണ്ട്. അതുപോലെതന്നെ, സ്ത്രീകളുടെ നിശബ്ദതയിൽ പ്രവർത്തികളുടെ വാചാലതയുണ്ട്. ആ വാചാലതയിൽ ജീവന്റെ തന്മാത്രകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ആ തന്മാത്രകളാണ് പിന്നീട് ജീവകോശമായി രക്ഷയുടെ സാന്നിധ്യമായി മണ്ണിൽ അവതരിക്കുന്നത്.

/// ഫാ . മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്