ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ .

ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു അച്ചന്റെ ഡ്രസ് കോഡ്. നിറത്തിന്റെ കാര്യത്തിൽ അച്ചനും ളോഹയും തമ്മിൽ എന്നുംകടുത്തമത്സരത്തിലുമായിരുന്നുവെന്നു പറയണം.

കറുത്തു ചുരുണ്ട മുടിയുംപില്ക്കാലത്തു വെളുത്തു തുടങ്ങിയതോടെ മത്സരം കൂടുതൽ കടുത്തുവെന്നതായി സ്ഥിതി. അപ്പോഴും വെളുപ്പിൽ ഒന്നാമതു നിന്നതു അച്ചന്റെ ചിരിതന്നെ. അന്ത്യ കാലം വരെയും പറമ്പിലച്ചൻ ആരോടും ഒന്നിനും ഒരിക്കലുംഒരു പരാതിയും പറഞ്ഞതുമില്ല.

കടുത്ത പ്രമേഹ രോഗം അച്ചന്റെകാഴ്ച്ചയെ വല്ലാതെ ബാധിച്ചിരുന്നു.അപ്പോഴും അച്ചൻ തികച്ചും ശാന്ത നായിത്തന്നെ തനിക്കു സംഭവിച്ചആരോഗ്യപരമായ പരിമിതികളെജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കുവാൻ സന്നദ്ധനായി.

നല്ല പ്രായത്തിൽതനിക്കു ലഭിച്ച ആരോഗ്യത്തെയുംസൗന്ദര്യത്തേയും പഠന സാമർത്ഥ്യ ത്തെയുമെല്ലാം അച്ചൻ ദൈവ കൃപകളായിക്കണ്ടു. തനിക്കു ലഭിച്ച അനുഗ്രഹങ്ങളിൽ അശ്ശേഷവും അഹങ്കരിച്ചതുമില്ല.

സ്കൂളിലും സെമിനാരിയിലുംസമർത്ഥനായ വിദ്യാർത്ഥിയായിരുന്നുഏബ്രഹാം പറമ്പിലച്ചൻ. റോമിലുംഉപരി പഠനത്തിനു പോയി. പക്ഷേ അതു പൂർത്തിയാക്കും മുൻപേ അച്ചൻ അധികാരികളുടെ അനുവാദത്തോടെമടങ്ങിപ്പോരികയായിരുന്നു.

അഭിവന്ദ്യ പവ്വത്തിൽ പിതാവിന്റെയുംതുടർന്നു മാർ വട്ടക്കുഴി പിതാവിന്റെയും സെക്രട്ടറിയായി സേവനം ചെയ്തശേഷമാണ് പീരുമേട് പള്ളിയിലും തുടർന്നു ചിന്നാർ പള്ളിയിലും വികാരിയായതും പീരുമേട്ടിലെ ഡയർ സെന്ററിന്റെ — മദ്യപാന രോഗികൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ചികിത്സാ കേന്ദ്രം – -ചുമതലക്കാരനായതും.

കുറച്ചു നാൾപൊടിമറ്റം സെമിനാരിയിലും അധ്യാപകനായി. പീരുമേട്ടിലായിരിക്കുന്ന സമയ ത്താണ് കുട്ടിക്കാനം മരിയൻ കോളജി ന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടും അച്ചൻ സജീവമായത്.

അറയ്ക്കൽ ച പിതാവും അന്നവിടെ പീരുമേട് ഡവലപ്പമെന്റ് സൊസൈറ്റിയുടേയും സഹ്യാദ്രിയുടെയും ഡയറക്ടറായി അവിടെ ഉണ്ടായിരുന്നല്ലോ.

പാലാ കോളജിൽ എന്റെ എം.എ. വിദ്യാർത്ഥികളായിരുന്ന റോയി ജോസഫിനും ജോസഫ് ശ്രാമ്പിക്ക ലിനും സ്റ്റഡി ലീവ് കാലത്തു കടുത്ത മഞ്ഞപ്പിത്തം വന്നു പരീക്ഷമുടങ്ങിയേക്കാമെന്ന ഘട്ടത്തിൽ ബഹു.പറമ്പിലച്ചനാണ് അവരെ പീരുമേട്ടി ലേക്ക് കൂട്ടിക്കൊണ്ടുപോയി ആവശ്യമായ വിശ്രമ സൗകര്യങ്ങളും ചികിത്സയും ഏർപ്പാടാക്കി ഒരു വർഷം നഷ്ടപ്പെടാതെ അത്തവണ തന്നെ പരീക്ഷയെഴുതി ഫസ്റ്റ് ക്ലാസ്സോടെ പാസ്സാവാൻഅവരെ സഹായിച്ചതെന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു. ജോസഫ് ശ്രാമ്പിക്കൽ പിന്നീടു അച്ചനായി. ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടനിൽ ബിഷപ്പും .

എന്റെ മറ്റൊരു പ്രിയ വിദ്യാർത്ഥിക്ക് — അപ്പോഴേക്കും പി. എച്ച്.ഡി യുo പൂർത്തിയാക്കി കഴിഞ്ഞിരുന്നു — നെടുംകണ്ടത്തു നിന്നും ഗൗരവമായ ഒരു വിവാഹാലോചന വന്നപ്പോൾ അന്നും പറമ്പിലച്ചനാണ് അതേപ്പറ്റി അന്വേഷിച്ചു ആവശ്യമായ എൻ. ഒ.സി. നൽകിയതു . അന്നത്തെവരനായിരുന്ന ഡോ. സ്റ്റാനിക്കൊപ്പം — സ്റ്റാനി ഇപ്പോൾപബ്ളിക്കു സർവ്വീസ് കമ്മീഷൻഅംഗമായിരിക്കുന്നു — പ്രതിശ്രുത വധു ഷാന്റിയെ കാണാൻ ഞങ്ങൾ പോയതു തലേ ദിവസം പീരുമേട് പള്ളിയിൽ ചെന്നു അച്ചനൊപ്പം താമസിച്ച ശേഷമായിരുന്നു.

ഞങ്ങൾ നിർബ്ബന്ധി ച്ചപ്പോൾ അച്ചനും ഞങ്ങൾക്കൊപ്പം നെടുംകണ്ടത്തിനു വരാനും സന്മനസ്സു കാണിച്ചു.

എന്റെ ഇളയ സഹോദരൻ മാണിച്ചനും — പറമ്പിലച്ചന്റെ ഇളയ സഹോദരി ലൂസിയെവിവാഹം ചെയ്തിരിക്കുന്നതു മാണിച്ചനാണ് — അച്ചൻ കൂടി വരുമെങ്കിൽ കാര്യങ്ങൾക്കു ഇന്നു തന്നെ ഒരു തീരുമാനമാകുമെന്നു പറഞ്ഞതോടെഅച്ചനും ചിരിച്ചു വഴങ്ങുകയായിരുന്നു.

എന്റെ ഒട്ടേറെ ശിഷ്യന്മാർ അച്ചനുംപ്രിയ ശിഷ്യരായി എന്നതാണ് സത്യം. ഡോ.മുരളീവല്ലഭൻ പി.എച്ച്.ഡി.തീസിസ് എഴുതി പൂർത്തിയാക്കിയതുരണ്ടാഴ്ച്ചക്കാലം പീരുമേട് പള്ളിയുടെപള്ളിമുറിയിലെ ഗസ്റ്റ് റൂമിൽ താമസിച്ചാണ്.

ഒരു ഡിസ്റ്റർ ബൻസുമില്ലാതെ.ഡോ. സാബുവും നവനീത കൃഷ്ണനുമൊക്കെ അച്ചന്റെ വിയോഗത്തിൽഎത്ര ദുഖിക്കുന്നുണ്ടാവുമെന്നു എനിക്കു ഊഹിക്കാവുന്നതേയുള്ളു.

സൗഹൃദങ്ങളിൽ പറമ്പിലച്ചനു ജാതിഭേദമോ മതഭേദമോ പ്രായഭേദമോരാഷ്ട്രീയ ഭേദമോ ഉണ്ടായിരുന്നില്ലഎന്നതു സർവ്വർക്കും ഒരത്ഭുതം തന്നെയായിരുന്നു. അച്ചന്റെ മനസ്സിന്റെ നന്മയും വലിപ്പവും അതായിരുന്നു.

അച്ചന്റെ ഇടവക സേവനത്തിന്റെ അവസാന പാദത്തിലാണ് അച്ചൻവെളിച്ചിയാനി പള്ളിയിൽ ചുമതലയേല്ക്കുന്നതു്.

ഇടവകക്കാരെ മുഴുവൻ ഒറ്റച്ചരടിൽ കോർത്താണ്അച്ചൻപള്ളി പണി തുടങ്ങിയതുംപൂർത്തിയാക്കിയതും. അക്കാലത്തുതന്നെയാണ് അച്ചനു ആദ്യത്തെമസ്തിഷ്ക്കാഘാതം ഉണ്ടാകുന്നതും.

നാളുകൾ വേണ്ടി വന്നു അതിൽ നിന്നുംതിരിച്ചു വരാനും. അക്കാലത്തൊരി ക്കൽ ഞാൻ വെളിച്ചിയാനിപ്പള്ളിയിൽഅച്ചനെ കാണാൻ ചെന്നു. അച്ചന്റെ വിശ്രമകാലം തീർന്നിട്ടില്ല.

കപ്പിൽ കൊണ്ടു വന്നു വച്ച കാപ്പി വളരെ സാവകാശത്തിൽ കൈയ്യിലെടുത്തു എന്റെനേരേ നോക്കി ഒരു വിജയച്ചിരി ചിരിച്ചു കൊണ്ട് അച്ചൻ പറഞ്ഞ വാക്കുകൾഇന്നും എന്റെ മനസ്സിൽ ഒരു വേദനയായും തത്വമായും മായാതെയുണ്ട്.

അച്ചൻ പറഞ്ഞു ” ഇത്ര കാലവും ഞാൻവിചാരിച്ചിരുന്നത് ലോകത്തിലെ ഏറ്റവും ആയാസകരവും പ്രയാസകരവുമായ കാര്യം കർത്താവിന്റെ ഈവലിയ പ്രതിമ പള്ളിയുടെ ഏറ്റവുംമുകളിൽ കയറ്റുന്നതാണെന്നായിരുന്നു.

ഇപ്പോൾ ഞാൻ മനസ്സിലിക്കന്നുണ്ടുഅതിനേക്കാൾ പ്രയാസകരമായ കാര്യമാണ് മേശയിലിരിക്കുന്ന ഒരു കപ്പു പൊക്കിയെടുക്കുന്നതെന്ന് .

അച്ചന്റെഒരു പതിവ് നർമ്മമെന്നു കരുതി ഞാൻ അച്ചന്റെ മുഖത്തേക്കു നോക്കിയ പ്പോൾ ഞാൻ സ്തബ്ധനായി.പറമ്പിലച്ചന്റെ രണ്ടു കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു. മുഖത്തേക്കു പടരുന്ന കണ്ണുനീർ തുടയ്ക്കാൻ കൂടി കൈ പൊക്കാനാവാതെ നിസ്സഹായ നായി അച്ചൻ .

തന്റെ ആരോഗ്യപരമായ നിസ്സഹായതയിൽ പകച്ചു പതറിനിൽക്കുമ്പോഴും അതിനെപ്പോലുംആത്മീയതയുടെ പാഠമാക്കി മാറ്റാൻശ്രമിച്ചിരുന്ന യഥാർത്ഥ ആത്മീയനായിരുന്നു ഏബ്രഹാം പറമ്പിലച്ചനെന്നു ഞാനും തിരിച്ചറിയുന്നു. പൗരോഹിത്യത്തിന്റെ മറ്റൊരു പത്തര മാറ്റ് .

പ്രണാമം.

സിറിയക് തോമസ്.

നിങ്ങൾ വിട്ടുപോയത്