സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിൽ ആഘോഷിക്കുന്നു. ജൂലൈ 25 ഞായറാഴ്ചയാണ് പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവൻ ആചരിക്കുന്നത്. ഈശോയുടെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനമായ ജൂലൈ 26-നോട് ചേർന്ന് വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഈ ദിനാചരണം നടക്കുന്നത്.

അറിവിന്റെയും അനുഭവത്തിന്റെയും ഉറവിടമായി വയോധികരെ കാണണമെന്നും പ്രയോജനരഹിതരെന്നു കണ്ട് അവർ പുറത്താക്കപ്പെടരുതെന്നും കഴിഞ്ഞ ജൂൺ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചിരുന്നു. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികരെന്ന മാർപാപ്പയുടെ വാക്കുകൾ ഏറെ ആദരവോടെയാണ് ലോകം മുഴുവൻ നോക്കിക്കാണുന്നത്.

“ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം. വയോധികരുടെ ദൈവനിയോഗം തങ്ങളുടെ വേരുകൾ സംരക്ഷിക്കാനും വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന പാപ്പയുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സീറോമലബാർ സഭ ഈ ദിനം ആചരിക്കുന്നത്.

സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ തുടങ്ങിയവർ പങ്കെടുക്കും.

ഫാ. ഫിലിപ്പ് വട്ടയത്തിൽ കോർഡിനേറ്ററായിട്ടുള്ള സൂം കോൺഫറൻസിൽ ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ്, അൽമായ ഫോറം, ഫാമിലി അപ്പസ്തോലേറ്റ്, മാതൃവേദി, പ്രൊലൈഫ്, കുടുംബകൂട്ടായ്‍മ എന്നി സംഘടനകളുടെ സഭാതല ഭാരവാഹികൾ നേതൃത്വം വഹിക്കും.
സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള വയോധികരുടെ പ്രതിനിധികൾ പങ്കുചേരും.

ആഗോള ദിനാചരണം സഭയിലെ എല്ലാ രൂപതകളിലും ജൂലൈ 25ന് ഞായറാഴ്ച പ്രത്യേക പരിപാടികളോടെ നടത്തപ്പെടുന്നതാണ്.

ഫാ. ആന്റണി മൂലയിൽ

ജനറൽ സെക്രട്ടറി,
സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ്


നിങ്ങൾ വിട്ടുപോയത്