കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്.

തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും അകാരണമായി പ്രതികളാക്കിയെടുത്ത കേസ് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനതതി മുഴുവൻ സമരമുഖത്താണ്. ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടതുപക്ഷസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. കടലിലുള്ളത് കവരാൻ കൂട്ടുകൂടുന്ന കുത്തകകൾക്കൊപ്പമാണ് സർക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്.

സ്വന്തം മണ്ണിൽനിന്നും സംസ്‌കാരത്തിൽനിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിതമാകുന്നതിലൂടെ മനഃപൂർവ്വമായ മാനവികതാധ്വംസനം തന്നെയാണ് വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത്. ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സർക്കാർ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി ജനങ്ങളിൽ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സർക്കാർ നടപടികൾ വേ​ദനയുളവാക്കുന്നതാണ്.

നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്ന​ദ്ധമാകണം. ന്യായമായ അവകാശങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെട്ടതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ വിളിച്ച് പറയുന്ന ഒരു ജനതയെ മതതീവ്രവാദികളെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന സമീപനം ശരിയല്ല. അതിജീവനത്തിനുവേണ്ടിയാണെങ്കിൽപോലും അക്രമസമരങ്ങളെ ന്യായീകരിക്കാനാവില്ല.

ടോണി ചിറ്റിലപ്പിള്ളി

ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശവാസികളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ എത്രയും വേഗം അടിയന്തര നടപടിയെടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

ഫാ. ആന്റണി വടക്കേകര വി. സി

.പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

നവംബർ 30, 2022

നിങ്ങൾ വിട്ടുപോയത്