അടി കൊടുത്തു, ഓസ്കാറും മേടിച്ചു!!

എന്തിനാണ് വിൽസ്മിത്ത് ക്രിസ് എന്ന അവതാരകനെ തല്ലിയത്?

ഈ ചിത്രത്തിൽ കാണുന്നതാണ് ജെയ്ഡ് – വിൽസ്മിത്തിന്റെ ഭാര്യ. കുറച്ചു നാളായി അലോപെഷ്യ എന്ന രോഗവസ്ഥ കൊണ്ട് ജെയ്ഡിന്റെ മുടി മെല്ലെ മെല്ലെ കൊഴിഞ്ഞു പോകുന്നുണ്ടായിരുന്നു.

മുടി വല്ലാതെ കൊഴിഞ്ഞു പോകുന്നതിനെ തുടർന്ന് ജെയ്ഡ് തന്റെ മുടി വളരെ ചെറുതാക്കി ക്രോപ് ചെയ്തിരുന്നു. ആ രൂപമാണ് ഓസ്കാർ വേദിയിലെ അവതരണത്തിനിടെ ക്രൂരമായ ഒരു തമാശ പറയാൻ ക്രിസിനെ പ്രേരിപ്പിച്ചത്.

ജയ്ഡിന്റെ മുടിയുടെ അവസ്ഥയെ “G.I. ജെയ്ൻ” എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി താരതമ്യപ്പെടുത്തുകയും, ‘GI JANE 2’ ഉടൻ പ്രതീക്ഷിക്കുന്നു എന്ന് വളരെ ലാഘവത്തോടെ പറയുകയും ചെയ്തു. ഇത് വിൽസ്മിത്തിനെ പ്രകോപിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ വേദിയെന്നത് പോലും മറന്നാണ് വിൽസ്മിത്ത് എഴുന്നേറ്റ് ചെന്ന് ക്രിസിന്റെ ചെകിട്ടത്തടിച്ചത്…

എന്നാൽ ജെയ്ഡ് ഒരു ചിരിയോടെ ഇരിക്കുകയായിരുന്നു അപ്പോഴും. ജെയ്ഡ് കൂളായി ഇരുന്നല്ലോ, പിന്നെ സ്മിത്ത് എന്തിനാണ് ഇങ്ങനെ പ്രതികരിച്ചത്, വിൽസ്മിത്ത് ചെയ്തത് ശരിയല്ല എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആരോപണം.

ഇതിന് മുൻപ് ഞാനിങ്ങനെ ഒരാൾ മറ്റൊരാളെ തല്ലുന്നത് കണ്ടിട്ടുണ്ട്. ക്യാൻസർ രോഗിയായ അമ്മയെ പാലിയേറ്റിവ് സെന്ററിൽ കൊണ്ട് വന്നതാണ് ആ പെൺകുട്ടി. ജോലിയുടെ ഭാഗമായി ഞാനന്ന് അവിടെ ഉണ്ട്. കീമോയുടെ ഭാഗമായി ആ അമ്മയുടെ പുരികം മുഴുവൻ കൊഴിഞ്ഞു പോയിരുന്നു. മറ്റൊരു രോഗിക്ക് ഒപ്പം വന്ന ഒരു സ്ത്രീ വെറുതെ ഒരു തമാശക്ക് അവളോട് ഇങ്ങനെ പറഞ്ഞു. “കറുത്ത മഷി കൊണ്ട് പുരികം വരയ്ക്ക് അമ്മയുടെ, കൊച്ചു പിള്ളേരെയൊക്കെ ഒരുക്കില്ലേ, കവിളത്തു ഒരു കുത്തിട്ട് കൊടുക്ക് എന്നിട്ട് “! വലിയൊരു തമാശ പറഞ്ഞത് പോലെ ആ സ്ത്രീ ചിരിച്ചപ്പോൾ ആ പെൺകുട്ടി പെട്ടെന്നെഴുന്നേറ്റ് ചെന്ന് ആ സ്ത്രീയെ പിടിച്ചൊരു തള്ള് തള്ളി. പെട്ടെന്ന് വീഴാൻ പോയ അവരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന പോലെ ഒരു അടിയും കൊടുത്തു. അന്ന് ഞാനും ഇന്ന് മറ്റുള്ളവർ ചിന്തിക്കുന്നത് പോലെ” ഇത്ര തീവ്രമായ പ്രതികരണത്തിന്റെ ആവശ്യമുണ്ടോ” എന്ന് ചിന്തിച്ചു. ആ പെൺകുട്ടിയോട് ഞാനത് ചോദിക്കുകയും ചെയ്തു. അവളുടെ മറുപടി ഇതാണ്

“മുട്ടറ്റം മുടിയുണ്ടായിരുന്ന അമ്മയാണ്. അമ്മ ഇപ്പോൾ കണ്ണാടിയിൽ നോക്കാറില്ല. ആളുകൾ വന്നാൽ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. അമ്മ അതിനെകുറിച്ച് ചിന്തിക്കുന്നില്ല എന്ന് വരുത്തിതീർക്കുന്നു. ഇപ്പോൾ പറഞ്ഞ ഈ തമാശയ്ക്കും അമ്മ ചിരിക്കുകയായിരുന്നു.

പക്ഷെ അമ്മയെ എന്നും കാണുന്ന ഞങ്ങൾക്ക് അമ്മയുടെ ഈ രൂപം വല്ലാത്ത മാനസികസംഘർഷമാണ് ഉണ്ടാക്കുന്നത്. ഒളിച്ചു പോകാനോ, കാണാതിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. സുന്ദരിയായ, നീണ്ട മുടിയുള്ള അമ്മയെ കണ്ടുവളർന്ന ഞങ്ങൾക്ക് ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന സ്വപ്നമായി മാറുന്നുണ്ട് ഇന്നത്തെ ഈ രൂപം. അതിനിടയിൽ മുറിപ്പെടുത്തുന്ന ചെറിയ വാക്ക് പോലും ഞാൻ സഹിക്കില്ല, സഹിക്കാൻ കഴിയില്ല.. അതാണ് തല്ലിപ്പോയത്. ക്ഷമിക്കണം”

ഇത് തന്നെയാകും വിൽസ്മിത്തിന്റെയും മനസ്സ്. മെയിൽ ഷോവനിസം ആണ്, ഷോ ആണ് എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോഴും ഞാൻ ആലോചിച്ചത് അന്നത്തെ ആ പെൺകുട്ടിയുടെ ചെയ്തിയാണ്. അവൾ ചെയ്തത് എന്താണ് അപ്പോൾ? ഫീമെയിൽ ഷോവാനിസമോ? അതൊന്നുമല്ല… ഓർക്കാൻ ആഗ്രഹിക്കാത്ത, ചിന്തിക്കാൻ ഇഷ്ടമില്ലാത്ത, പൊരുത്തപ്പെടാൻ കഴിയാത്ത ചിലതൊക്കെയുണ്ട് ജീവിതത്തിൽ. അതിൽ തൊട്ടാകരുത് തമാശകൾ!!

ബോഡി ഷെയ്മിങ് എന്ന ക്രൂരതയ്ക്ക് മാപ്പ് കൊടുക്കരുത്… മാപ്പ് കൊടുത്തും ചിരിച്ചും അതിനെ നിസ്സാരവൽക്കരിക്കരുത്. അത് ഓസ്കാർ വേദിയിൽ ആയാലും വീടകങ്ങളിലായാലും!!

കടപ്പാട്: Deepa Seira

ആവിഷ്ക്കാര സ്വാതന്ത്ര്യം അതിരുകടന്ന് മൗലീക സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുമ്പോൾ

വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ആശയങ്ങൾ കൊണ്ടും സ്ത്രീകളെ തരംതാഴ്ത്താനും നിന്ദിക്കാനും കിട്ടുന്ന ഓരോ ചെറിയ അവസരങ്ങൾ പോലും വിട്ടുകളയാറില്ല ക്രിസ് റോക്കിനെപ്പോലുള്ള പുരുഷ കേസരികൾ. പക്ഷെ രോഗത്തിൻ്റെ പിടിയിലമർന്ന ഒരു സ്ത്രീയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തികൾക്ക് അറിയാം ഉള്ളിൽ ഒരു കടലോളം ദുഃഖം അലയടിക്കുമ്പോഴും അവൾ മുഖത്ത് വളരെ പാടുപെട്ട് ഒരു പുഞ്ചിരി വരുത്തി തീർക്കാൻ കഠിന പരിശ്രമം നടത്തും എന്നത്. ഓസ്കാർ വേദിയിൽ ജെയ്ഡ് ചെയ്തതും അത് തന്നെയാണ്. വേദന നിറഞ്ഞ ഒരു പുഞ്ചിരി മുഖത്ത് വരുത്തി തീർത്തു.

ഓസ്കാർ വേദിയിലെ അവതാരകൻ ആയിരങ്ങളുടെ മുന്നിൽ സ്വന്തം ഭാര്യയായ ജെയ്ഡിനെക്കുറച്ചു വളരെ ലാഘവത്തോടെ ക്രൂരമായ തമാശ തട്ടിവിട്ടത് വിൽ സ്മിത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. “നിൻ്റെ ആ ദുഷിച്ച വാ കൊണ്ട് എൻ്റെ ഭാര്യയുടെ പേര് ഉച്ചരിക്കുക പോലും ചെയ്യരുത്” എന്ന് വിൽ സ്മിത്ത് ക്രിസ് റോക്കിനോട് ഉറക്കെ വിളിച്ച് പറയുമ്പോൾ അദ്ദേഹത്തിൻ്റെ ഹൃദയത്തിന് ഏറ്റ ആഴമായ മുറിവ് ആ മുഖത്ത് പ്രതിഫലിക്കുന്നത് വ്യക്തമായിരുന്നു.

ഏതൊരു സ്ത്രീയുടെയും സൗന്ദര്യത്തിൻ്റെ പ്രധാന ഘടകമാണ് അവളുടെ മുടി.അലോപെഷ്യ എന്ന രോഗാവസ്ഥ കൊണ്ട് ജെയ്ഡിന്റെ മുടി ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നതും തൻ്റെ പ്രിയപ്പെട്ടവൾ അനുഭവിച്ച ശാരീരിക-മാനസിക സംഘർഷങ്ങളും നാളുകളായി സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുകൊണ്ടിരുന്ന ഒരു സ്നേഹനിധിയായ ഭർത്താവാണ് അദ്ദേഹം. “സ്നേഹം പലപ്പോഴും നമ്മെ അന്ധരാക്കും” എന്ന വിൽ സ്മിത്തിൻ്റെ പിന്നീടുള്ള വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാകും അദ്ദേഹം തൻ്റെ ഭാര്യയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നും ഇപ്പോഴും സ്നേഹിക്കുന്നു എന്നും….

ക്രിസ് റോക്കിൻ്റെ ക്രൂരമായ തമാശയ്ക്ക് മറുപടിയായി വളരെ ശാന്തനായി സ്റ്റേജിലേയ്ക്ക് കയറി ചെന്ന് വിൽ സ്മിത്ത് ക്രിസ് റോക്കിൻ്റെ മുഖം തീർത്ത് ഒന്ന് പൊട്ടിക്കുന്ന വീഡിയോ കണ്ട ഓരോ സ്ത്രീയും സ്വയം മറന്ന് ഒന്ന് കയ്യടിച്ചിട്ടുണ്ടാവും എന്നത് നിസംശയമാണ്.

സ്ത്രീയുടെ മാത്രമല്ല ഒരു വ്യക്തിയുടെയും ശാരീരിക ബലഹീനതകളെയോ രോഗാവസ്ഥയെയോ പരസ്യമോ, രഹസ്യമോ ആയി കളിയാക്കാനോ, നിന്ദിക്കാനോ പാടില്ല. കാരണം, അനുദിനവും നൊമ്പരത്താൽ എരിഞ്ഞു തീരുന്ന മൺചിരാതുകളാണ് ആ പാവങ്ങൾ. ഇന്ന് ലോകത്തിൻ്റെ വിവിധ കോണുകളിൽ പുരുഷ കേസരികളുടെ നിന്ദനങ്ങൾക്കും ക്രൂരതകൾക്കും ഇരയായി തീരുകയാണ് സ്ത്രീ സമൂഹം.

പലപ്പോഴും അതാത് ദേശത്തെ നിയമ സംവിധാനങ്ങളും നിയമപാലകരും ഇത്തരം ക്രൂരമായ തമാശകളും സിനിമകളും സീരിയലുകളും കണ്ട് നിസംഗത പുലർത്തുകയോ, മൗനസമ്മതം മൂളുകയോ ചെയ്യുമ്പോൾ സ്ത്രീകൾക്ക് നിയമപാലകരിലുള്ള വിശ്വാസം നഷ്ടപ്പെടുകയും നിസഹായരായി തീരുകയും ചെയ്യുന്നു. വിൽ സ്മിത്തിനെപ്പോലുള്ള ധാരാളം ഭർത്താക്കൻമാരും അപ്പൻമാരും സഹോദരൻമാരും ലോകത്തിൻ്റെ ഓരോ കോണിലും ഉദിച്ചുയർന്നാൽ മാത്രമേ ഇനി ഒരു പക്ഷെ സ്ത്രീകൾക്ക് ഈ സമൂഹത്തിൽ കണ്ണുകൾ നിറയാതെ തലയുയർത്തി നടക്കാൻ സാധിക്കൂ എന്ന് ഒരു തോന്നൽ ഇന്നലെ ഓസ്കാർ വേദിയിലെ സംഭവങ്ങൾ കണ്ടപ്പോൾ ഉണ്ടായിപ്പോയി.

ഒരു സന്യാസിനി ഇങ്ങനെ ഒക്കെ കുത്തിക്കുറിക്കാമോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഇത്ര മാത്രം:

കഴിഞ്ഞ 5 വർഷമായി വളരെയേറെ നിന്ദനങ്ങൾ ഏറ്റു വാങ്ങുന്ന ഒരു സമൂഹത്തെ പ്രതിനിധികരിക്കുന്ന ഒരുവൾ ആണ് ഞാൻ. സിനിമകളിൽ കൂടിയും ഫോട്ടോ ഷൂട്ടുകളിൽ കൂടിയും വിവിധ ചാനലുകളിലെ അന്തിചർച്ചകളിലും സോഷ്യൽ മീഡിയയിലും ക്രൈസ്തവ സന്യസ്തർക്ക് നേരെ ഉയരുന്ന നിന്ദനങ്ങൾക്കും ക്രൂരതകൾക്കും എതിരെ ക്രൈസ്തവ സന്യസ്തർ നീതി തേടി മുട്ടാത്ത വാതിലുകൾ വിരളമാണ്. ഹൈക്കോടതി മുതൽ പല കീഴ്ക്കോടതികൾ, കേരളത്തിൻ്റെ ഓരോ കോണിലുമുള്ള പോലീസ് സ്റ്റേഷനുകൾ, സൈബർ സെല്ലുകൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി മുതൽ വിവിധ ഉന്നത ഉദ്യോഗസ്ഥർ, പിന്നെ വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ… അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്… പക്ഷെ ഇവിടെ എങ്ങും ഒരിക്കൽ പോലും നീതിയുടെ ഒരു ചെറു മഞ്ഞുകണം പോലും ഈ സ്ത്രീ സമൂഹത്തെ തേടി വരാൻ ഇടയായിട്ടില്ല.

ആവിഷ്ക്കാര സ്വാതന്ത്ര്യം അതിരു കടക്കുക മാത്രമല്ല, മൗലിക സ്വാതന്ത്ര്യത്തെ ചവിട്ടി മെതിക്കുമ്പോഴും കേരളത്തിലെ നിയമപാലകർ നോക്കുകുത്തികൾ ആയി നിലനിൽക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ നൊമ്പരം..

. ✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്