കർത്താവ് ആണ് നമ്മുടെ സങ്കേതം. ദൈവത്തിന്റെ മറവിൽ നാം സുരക്ഷിതർ ആണ്. ജീവിതത്തിൽ നാം വേദനയുടെയും, ആകുലതയുടെയും അവസ്ഥകളിൽ സഞ്ചരിക്കേണ്ടി വന്നേക്കാം. 2 കോറിന്തോസ്‌ 4 : 8-9 പറയുന്നു, ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്‌ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യഥാർഥ സമാധാനത്തിനുവേണ്ടി ഒരു ക്രിസ്‌ത്യാനി മറ്റുള്ളവരെപ്പോലെ മല്ലിടുന്നില്ല. കാരണം കർത്താവ് അവന്റെ സങ്കേതം.

തിൻമയുടെ ശക്തിയെ തോൽപിക്കാനുള്ള കൃപ നൽകുന്നത് കർത്താവാണ്. കർത്താവിന്റെ വചനം സ്വന്തമാക്കുന്തോറും നാം ദൈവശക്തി പ്രാപിച്ചുകൊണ്ടിരുന്നു. നാം സർവ്വശക്തനായ കർത്താവിന്റെ നിഴലിൽ കീഴിൽ ആയിരിക്കുമ്പോൾ ഭയപ്പെടേണ്ട കാര്യമില്ല, വിഷമിക്കേണ്ട കാര്യവുമില്ല. നിരാശയുടെ ചെളിക്കുഴിയില്‍ വീണുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അതില്‍ വീണുപോയാല്‍ അതു വൈകാരികമായും, മാനസികമായും, ആത്മീയമായും നമ്മൾക്ക് ദോഷം വരുത്തും. നമ്മളുടെ ഊഹാപോഹങ്ങള്‍കൊണ്ട് മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച വരുത്തുവാന്‍ സാധ്യതയുണ്ട്. നാം ചെയ്യേണ്ടത് ദൈവത്തിന്റെ അടുത്ത് ചെന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങളും അവനോട് പറയുക എന്നതാണ്. കർത്താവ് എല്ലാ കാര്യങ്ങളിലും നമ്മളെ പരിപാലിച്ച് വഴിനടത്തും.

നാം ജീവിതത്തിൽ ഉണ്ടാകുന്ന കഠിനവ്യഥയെ അതിജീവിക്കണമെങ്കില്‍ പലപ്പോഴും സമയം വേണ്ടിവരും. പക്ഷേ ഈ ലോകത്തിലെ അഭക്തരായ മനുഷ്യരെപ്പോലെ നാം ദുഃഖിക്കരുത്. ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ച് നാം ദൈവശക്തി ജീവിതത്തിൽ ഇറങ്ങുന്നതിനായി പ്രാർത്ഥിക്കുക. ദൈവനാമത്തിന് അപമാനം വരുത്തുന്ന വാക്കുകള്‍ സംസാരിക്കുക, ദൈവത്തെ ചോദ്യം ചെയ്യുക ഇവയൊന്നും നമ്മുടെ ഇടയില്‍ ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ല. പൂർണ്ണ ഹൃദയത്തോടെ നമുക്ക് ഏറ്റുപറയാം ഉയർച്ചയിലും, താഴ്ചയിലും കർത്താവ് ആണ് നമ്മുടെ സങ്കേതം എന്ന്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്