കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഒരു കാര്യം കാണാനിടയായി.

വിമതർ തങ്ങളുടെ പ്രവർത്തികളെ ന്യായീകരിപ്പിക്കുന്നതിന്റെ ഭാഗമായി അവർ സമീപിച്ച രണ്ട് ജനപ്രതിനിധികളിൽ ഒരാൾ അവർക്കുവേണ്ടി സീറോമലബാർ സഭയിലെ ഒരു അംഗമെന്ന രീതിയിൽ വിമതരെ ന്യായീകരിച്ചും സഭയെ കുറ്റപ്പെടുത്തിയും സംസാരിച്ചു. അതേസമയം സീറോ മലബാർ വിശ്വാസത്തെ മുറുകെ പിടിക്കുന്ന മറ്റേ ആൾ ഇത് സഭാധികാരികൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ് ഒത്തിരി വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.ഇനി ഇയാളെ ജയിപ്പിക്കല്ലേ, വോട്ട് ചെയ്യല്ലേ, പാഠം പഠിപ്പിക്കണേ എന്നൊക്കെ പറഞ്ഞ് വിമത നേതാക്കന്മാർ പോസ്റ്റുകൾ ഇട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അവരെ അനുകൂലിച്ച് സംസാരിച്ച ജനപ്രതിനിധി ആകട്ടെ ബൈ ഇലക്ഷന്റെ പ്രചരണം നടക്കുന്ന സമയത്ത് ഒരു ദേവാലയത്തിൽ വിശുദ്ധ കുർബാന മദ്ധ്യേ ക്യാമറമനോടൊപ്പം കയറി വീഡിയോ ഓക്കെ എടുത്ത് ഷോ കാണിച്ച അവിശ്വസിയായ ഒരു സ്ത്രീ ആണ് താനും…

അതിന് ശേഷം സീറോ മലബാർ സിനഡ് തുടങ്ങുന്ന സമയം അടുത്തപ്പോൾ സീറോ മലബാർ സഭയെ ആത്മാർഥമായി സ്നേഹിക്കുന്നു എന്ന് പറയുന്ന ഏകദേശം നാല്പത് പേർക്ക് മുകളിൽ ഉള്ളവർ സിനഡ് പിതാക്കന്മാരോടായി ഒരു അഭ്യർത്ഥന ഇറക്കിയതായി കണ്ടു. ആ അഭ്യർത്ഥനയുടെ അവസാനം റിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒത്തിരി പ്രമുഖരായ അല്മായരും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും അധികാരസ്ഥാനത്ത് ഇരുന്നവരും ഇപ്പോൾ വിവിധ അധികാരസ്ഥാനങ്ങൾ ആയിരിക്കുന്നവരുമായ വൈദികരുടെയും പേരുകൾ ഉണ്ടായിരുന്നു.ആ പേരുകളിലൂടെ ഞാൻ കടന്നു പോയപ്പോൾ എനിക്ക് ഏകദേശം മനസ്സിലാക്കാൻ സാധിച്ചത് സീറോ മലബാർ സഭയോടുള്ള സ്നേഹത്തേക്കാൾ ഉപരിയായി ജനാഭിമുഖ കുർബാനയോട് താല്പര്യമുള്ളവരാണ് ഇവരിൽ അധികവും എന്നാണ്. ആ പേരുകാരിൽ ഉണ്ടായിരുന്ന ചില വൈദികർ ആകട്ടെ ഭാരതിയ പൂജയുടെ പേരിലും, ഇസ്ലാം മതവും ആയുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിലും ലിബറേഷൻ തിയോളജി എന്ന പേരിൽ സഭയുടെ അനന്യതയെ തള്ളിപ്പറയുന്നവരിൽ പെട്ടവരും സീറോ മലബാർ സഭയുടെ യഥാർത്ഥ കുർബാന ഇതുവരെ അർപ്പിക്കാത്തവരും ഒക്കെയായിരുന്നു. അവരുടെയൊക്കെ സഭാ സ്നേഹത്തെ ചോദ്യം ചെയ്യുവാൻ ഞാൻ ആളല്ല. എന്നാൽ പരസ്യമായി സഭയുടെ തീരുമാനങ്ങളെ എതിർക്കുകയും വിശുദ്ധ കുർബാനയെ പോലും അയോഗ്യമാം വിധം അർപ്പിക്കുകയും, ക്രിസ്തുമതത്തിന്റെ അനന്യത ഉയർത്തിക്കാട്ടാൻ ശ്രമിക്കാതിരിക്കുകയും ചെയ്ത ഇവരുടെ ഇപ്പോഴത്തെ സഭാ സ്നേഹം എന്നിൽ ആശങ്ക ഉണ്ടാക്കി.ആ പ്രസ്താവനയുടെ പിന്നിൽ ഉണ്ടായിരുന്നവർ ആരും തന്നെ വിശുദ്ധ കുർബാനയെ അപമാനിക്കുന്ന രീതിയിൽ നിരന്തരമായി ബലിയർപ്പിച്ചതിനെ വിമർശിക്കുകയോ, അത്തരം പരിപാടികളിൽ ഏർപ്പെട്ടവരെ തിരുത്തുകയോ ചെയ്യാൻ പോലും തയ്യാറാകാതിരുന്നവരാണ് എന്നതാണ് സത്യം.

ഈ വ്യക്തികൾക്ക് സീറോ മലബാർ സഭയോട് യഥാർത്ഥമായി സ്നേഹമുണ്ടെങ്കിൽ സിനഡിനെ ഉപദേശിക്കുന്നതിനേക്കാൾ മുൻപ് തന്നെ, ഇവരിൽ മിക്കവരുടെയും സുഹൃത്തുക്കൾ ആയ, വിമത സ്വഭാവം പ്രകടിപ്പിക്കുന്ന ആ വൈദികരെയും അവരോട് കൂടെ നിൽക്കുന്ന അല്മായരെയും, സോഷ്യൽ മീഡിയയിലൂടെ സഭക്കെതിരെ പ്രചരണം നടത്തുന്നവരെയും ഒന്ന് ഉപദേശിക്കുകയും സഭയെ അനുസരിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തുകൂടെ എന്ന് സാധാരണക്കാരായ മനുഷ്യർ ചിന്തിച്ചാൽ അതിൽ കുറ്റം പറയാൻ പറ്റില്ല… അതിനവർ ശ്രമിച്ചാൽ തങ്ങളുടെ പിടിവാശിക്ക് വേണ്ടി വിശുദ്ധ കുർബാനയെ വരെ ആയുധമാക്കിയ ആ വിമതർ ഇവർക്കെതിരെ തിരിയുമെന്ന് അവർക്ക് നന്നായി അറിയാം. ഇതാകുമ്പോൾ സിനഡല്ലേ, മെത്രാന്മാരല്ലേ, അവർ ഒന്നും പറയില്ലല്ലോ. മാത്രമല്ല തങ്ങൾ സത്യസന്ധരായ സീറോ മലബാർ സഭാ സ്നേഹികൾ ആണെന്ന്, സഭയുടെ നന്മയ്ക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് ആളുകൾ ധരിക്കുകയും ചെയ്തുകൊള്ളും.

ഈ പ്രസ്താവനയുടെ പിന്നിലുള്ള ബഹുമാനപ്പെട്ട വൈദികരോടും ശ്രേഷ്ഠരായ അൽമായ സുഹൃത്തുക്കളോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്.

സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്. കുറെ ആളുകൾക്ക് വേണ്ടി, ഒരു രൂപതയിലെ കുറെ വ്യക്തികൾക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നതിന്റെ പേരിൽ അതിൽ മാറ്റം വരുത്തുവാൻസഭ തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ദയവായി ഒരു അഭ്യർത്ഥന കൂടി ഇറക്കണം.

സഭയെ പരിപൂർണ്ണമായി അനുസരിക്കുവാൻ, സഭ നിർദേശിക്കുന്ന വിശുദ്ധ കുർബാനകൾ രീതിയിൽ അർപ്പിക്കുവാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത സ്വഭാവം പ്രകടിപ്പിക്കുന്ന ചില വൈദികരോടും അല്മായരോടും നടത്തുന്ന ഒരു അഭ്യർത്ഥന. സഭയോട് ചേർന്ന് നിൽക്കുവാൻ നിങ്ങൾ അവരെ ആഹ്വാനം ചെയ്താൽ നിങ്ങളെയൊക്കെ ഒത്തിരി സ്നേഹിക്കുന്ന അവർ, നിങ്ങളിൽ ചിലരുടെ വോയിസ് മെസ്സേജ് കേട്ട് പ്രതിഷേധ പ്രകടനം വരെ മാറ്റിവെച്ച അവർ തയ്യാറാകുമെന്നാണ് എന്റെ വിശ്വാസം. നിങ്ങളെ പോലെ വലിയ വ്യക്തിത്തങ്ങൾ പറയുന്നത് അവർ ശ്രദ്ധിച്ചേക്കും. സഭയെ അനുസരിക്കാൻ അവർ തയ്യാറായേക്കും. ഇനി അവർ നിങ്ങൾ പറയുന്നതിനെ അനുസരിച്ചില്ല എങ്കിലും സഭാ വിശ്വാസത്തിനായി നിലകൊണ്ട, സീറോ മലബാർ സഭയുടെ യഥാർത്ഥ വിശ്വാസം ഉള്ള മക്കളായി നിങ്ങളെ സഭയും ലോകവും അംഗീകരിക്കും. അതിനുള്ള ധൈര്യവും കരുത്തും പരിശുദ്ധാത്മാവായ ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.

NB: സിനഡ് പിതാക്കമാരോടുള്ള പ്രസ്താവനയിൽ നിങ്ങളുടെ പേരുകൾ ഉണ്ടായിരുന്നുവെങ്കിലും നിങ്ങളുടെ ഒപ്പുകൾ അതിൽ കണ്ടില്ല…

അത് കൊണ്ട് ആ അഭ്യർത്ഥന, നിങ്ങളെ പോലെ സമാരാധ്യരായ ആളുകൾ അവരുടെ കൂടെയുണ്ടന്ന് കാണിക്കാൻ വ്യാജരേഖകൾ ഉണ്ടാക്കാൻ വിദഗ്ധരായ ചിലരുടെ പ്രവർത്തിയാകാനും സാധ്യത ഇല്ലാതില്ല😌

റോയിച്ചൻ

Roychen Sdv

നിങ്ങൾ വിട്ടുപോയത്