സത്യമേവ ജയതേ!

കഴിഞ്ഞ എട്ടിനു പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടബന്ധിച്ചു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കുറവിലങ്ങാട്ടു കുര്‍ബാനമധ്യേ വിശ്വാസികള്‍ക്കു നല്‍കിയ വചനസന്ദേശത്തില്‍ നടത്തിയ ഒരു പരാമര്‍ശം രാഷ്‌ട്രീയ-സാമൂഹിക-സഭാ തലങ്ങളില്‍ ഉളവാക്കിയ പ്രതികരണങ്ങള്‍ ഒട്ടും ചെറുതല്ലെന്നു വ്യക്‌തമായിക്കൊണ്ടിരിക്കുകയാണ്‌. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അത്യന്തം ഉചിതമായി എന്നും തികച്ചും അനുചിതമായി എന്നും ഉള്ള പ്രതികരണങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി.

പ്രതികരിച്ചവരില്‍ ചിലരെങ്കിലും ആ പ്രസംഗം ഒരിക്കല്‍പ്പോലും കേട്ടവരാണെന്നു തോന്നില്ല. അവരുടെ അഭിപ്രായപ്രകടനങ്ങളെ ആ വചനസന്ദേശം ശ്രവിക്കാന്‍ ഇടയായവര്‍ വിലയിരുത്തുകയും ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കുകയും ചെയ്യുമെന്നു തീര്‍ച്ച.

അതു പൂര്‍ണമായും കേട്ടിരിക്കാന്‍ ഇടയുള്ളതും അതു ഗ്രഹിക്കാന്‍ കഴിവുള്ളയാളെന്നു ന്യായമായി ചിന്തിക്കാവുന്നതുമായ, സഭയുടെ ഉത്തരവാദിത്വപൂര്‍ണമായ ഒരു സ്‌ഥാനം മുമ്പു വഹിച്ചിരുന്ന, ഒരു വൈദികശ്രേഷ്‌ഠന്‍ ആ വചനങ്ങളെ കൗശലപൂര്‍വം വളച്ചൊടിച്ചു നിഷ്‌കരുണം വ്യാഖ്യാനിച്ച്‌ ആരുടെയൊക്കെയോ കൈയടി നേടാനോ ആരോടൊക്കെയോ കടപ്പാടുകള്‍ തീര്‍ക്കാനോ ശ്രമിച്ചു ലേഖനം എഴുതിയതായി കണ്ടു. ജല്‍പ്പനങ്ങള്‍ക്കു മൗനമാണ്‌ ഉചിതമായ മറുപടിയെന്നതു പരമാര്‍ഥമെങ്കിലും സാധാരണജനങ്ങളില്‍ ഈ മുന്‍ ഉദ്യോഗസ്‌ഥന്റെ വാക്കുകള്‍ തെറ്റിദ്ധാരണയ്‌ക്കു വഴിതെളിക്കുമെന്നതിനാല്‍ ഒരു അവലോകനം പ്രസക്‌തമാണെന്നു തോന്നുന്നു.

നാര്‍ക്കോട്ടിക്‌ ജിഹാദ്‌ അല്ലെങ്കില്‍ നാര്‍ക്കോ ജിഹാദ്‌ എന്ന പ്രതിഭാസമുണ്ടെന്നും അത്‌ അത്യന്തം അപകടകരമാണെന്നും ബിഷപ്പിനു മുമ്പേ എത്രയോ വിദഗ്‌ധര്‍ കണ്ടെത്തുകയും മുന്നറിയിപ്പുനല്‍കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഇതു ചരിത്രമോ സങ്കല്‍പ്പമോ അല്ല. മറിച്ച്‌, ഇന്ന്‌ അനുഭവിക്കുന്ന ഗൗരവതരമായ മാരക വെല്ലുവിളിയാണെന്നതുതന്നെ സത്യം.

എല്ലാ മുസ്ലിം സഹോദരങ്ങളും തീവ്രവാദികളാണെന്നു പറഞ്ഞാല്‍ തീര്‍ച്ചയായും അതു സത്യത്തിനു നിരക്കാത്തതാകും. മതം അനുശാസിക്കുന്ന ആത്മീയവഴികളെ ആത്മാര്‍ഥമായി പിന്തുടരുകയും സമൂഹത്തിന്റെയും സമുദായത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഉതകുംവിധം ജീവിക്കുകയും ചെയ്യുന്ന ഒട്ടനവധി മുസ്ലിം സഹോദരങ്ങളുണ്ട്‌. പക്ഷേ, ഇന്നു ലോകം ഭയക്കുന്ന തീവ്രസ്വഭാവമുള്ള വ്യത്യസ്‌ത സമൂഹങ്ങളില്‍ നമുക്കറിവുള്ളതില്‍ ഭൂരിപക്ഷവും ഇസ്ലാംമത വിശ്വാസികളില്‍പ്പെട്ടവരാണെന്ന്‌ അവകാശപ്പെടുകയെങ്കിലും ചെയ്യുന്നവരാണെന്നതും അവരുടെ നിലപാടുകള്‍ അപലപനീയമാണെന്ന്‌ ഈ വിഭാഗത്തിന്റെ മതനേതാക്കളില്‍നിന്ന്‌ ഒരു പ്രസ്‌താവനപോലും ഉണ്ടായിട്ടില്ല എന്നതും അത്യന്തം ദുഃഖകരമായ നഗ്നസത്യമാണ്‌.

ബിഷപ്‌ നടത്തിയ പരാമര്‍ശവും ഇതുതന്നെയല്ലേ ഓര്‍മ്മപ്പെടുത്തിയത്‌? അടുത്തയിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം സമുദായ നേതാക്കളില്‍ ഒരാളായ ഫസല്‍ ഗഫൂറും ഈ യാഥാര്‍ഥ്യത്തെ ശരിവയ്‌ക്കുന്നതായി കേള്‍ക്കാന്‍ കഴിഞ്ഞു.

ഇടയ ധര്‍മ്മം അജഗണങ്ങളെ സര്‍വതോന്മുഖമായ രക്ഷയിലേക്കു നയിക്കുക എന്നതാണല്ലോ. അതില്‍ പടുത്തുയര്‍ത്തലും പ്രതിരോധവുമുണ്ടാകണം. പടുത്തുയര്‍ത്തേണ്ടതെല്ലാം പടുത്തുയര്‍ത്തണം. പ്രതിരോധിക്കേണ്ടതെല്ലാം പ്രതിരോധിക്കണം. ഈ പ്രതിരോധപ്രക്രിയയില്‍ മുഖ്യമായ ഒന്നാണ്‌ ജാഗ്രത പുലര്‍ത്തേണ്ട മേഖലകളെക്കുറിച്ച്‌ അവബോധം നല്‍കുകയെന്നത്‌. യഹൂദരുടെ പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിനെന്നു ശിഷ്യര്‍ക്കു മുന്നറിയിപ്പു നല്‍കിയ ഈശോ, ആവാക്യത്തിലെ കര്‍ത്താവിനെയും ക്രിയയെയും അവ്യക്‌തമായി വ്യത്യസ്‌ത വ്യാഖ്യാനങ്ങള്‍ ഇടനല്‍കുന്ന വ്യംഗ്യമായ ഒന്നായല്ല പറഞ്ഞത്‌. അഭിവന്ദ്യ ബിഷപ്പും അതുതന്നെയല്ലേ ചെയ്‌തത്‌?

അത്യന്തം ജാഗ്രത പുലര്‍ത്തേണ്ട ഒരു അപകടം, അതും വളരുന്ന തലമുറയെ ആത്മീയമായും ഭൗതികമായും നാമാവശേഷമാക്കുന്ന വിപത്തിനെ, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ അവതരിപ്പിച്ചു. അത്‌ അദ്ദേഹത്തിന്റെ ഇടയ ധര്‍മ്മമല്ലേ? ഭരമേറ്റിരിക്കുന്ന ഉത്തരവാദിത്വമല്ലേ? ഇൗ വാദകോലാഹലങ്ങളെ തീര്‍ച്ചയായും മുന്‍കൂട്ടി കാണാനുള്ള ബുദ്ധിയും വിവേകവും അദ്ദേഹത്തിനുണ്ട്‌. ഇക്കാര്യം അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും പ്രബോധനങ്ങളും പരിചയമുള്ളവര്‍ക്കറിയാം.

ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആടുകളെ ചെന്നായകള്‍ക്കു വിട്ടുകൊടുത്തിട്ടു സ്വന്തം രക്ഷനോക്കി പായുന്ന കൂലിക്കാരനല്ലാത്തതുകൊണ്ടല്ലേ ആ നല്ല ഇടയന്‍ ഇപ്രകാരം ചെയ്‌തത്‌. ബിഷപ്പിന്റെ വാക്കുകളില്‍ (അതു നേരിട്ടു ശ്രവിച്ചിട്ടുള്ളവര്‍ വിലയിത്തുക) ഏതാണ്‌ വ്യാജമായിട്ടുള്ളത്‌? അതിലെ ഏതെങ്കിലുമൊരു പദം ഒഴിവാക്കിയിരുന്നെങ്കില്‍ ആ വസ്‌തുതയെക്കുറിച്ചുള്ള പരാമര്‍ശം അപൂര്‍ണവും അപ്രസക്‌തവും നെറിവോടെ മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു തെറ്റിദ്ധാരണകള്‍ ഉളവാക്കുന്നതും ആകുമായിരുന്നില്ലേ?

ബിഷപ്‌ ദേവാലയത്തില്‍ തന്റെ ശുശ്രൂഷയ്‌ക്കായി ഭരമേല്‍പ്പിച്ചിരിക്കുന്ന ദൈവജനത്തോടാണ്‌ പറഞ്ഞത്‌. അത്‌ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകൃതമായി. അതു കേള്‍ക്കാനും ചിന്തിക്കാനും തദനുസൃതം ജാഗ്രതയോടെ വര്‍ത്തിക്കാനും തന്റെ ജനങ്ങളെയാണ്‌ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌.

കത്തോലിക്കാ സഭയും സമുദായവും ഒന്നുതന്നെയാണ്‌. സഭയ്‌ക്ക്‌ ഒരു നേതൃത്വവും സമുദായത്തിനു വേറൊരു നേതൃത്വവുമല്ല ഉള്ളത്‌. ഇതു സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്കറിയാം. ഇങ്ങനെയൊരു വികാരം സൗഹൃദപരമായി സമുദായ നേതാക്കളോടു പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സൗഹാര്‍ദത്തിന്റെ സംഭാഷണവഴിയില്‍നിന്നു വഴുതിമാറി ഡയലക്‌റ്റിസത്തിന്റെ വൈരുദ്ധ്യാത്മക തര്‍ക്കയുദ്ധത്തിനാണ്‌ അദ്ദേഹം തയ്യാറായതെന്നും ആരോപണം ഉന്നയിക്കുന്ന ലേഖകനും ഇതേ തെറ്റിലല്ലേ അകപ്പെട്ടിരിന്നത്‌?

നേരിട്ടു സന്ദര്‍ശിക്കുന്നത്‌ അപ്രായോഗികമെങ്കില്‍, ഒരു ഫോണ്‍ വിളിയെങ്കിലും നടത്തി പിതാവിനോടു ലേഖനത്തിലൂടെ തര്‍ക്കയുദ്ധത്തിനു മുതിരാതെ സൗഹൃദ സംഭാഷണത്തിന്റെ മൃദു സമീപനം സ്വീകരിക്കാമായിരുന്നില്ലേ? പരിശുദ്ധ മാര്‍പാപ്പാമാരെപ്പോലും വിമര്‍ശിക്കാന്‍ പ്രാപ്‌തിയുള്ള നിരീക്ഷനായ ഈ വൈദികനു ബിഷപ്‌ പ്രസ്‌താവിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാല്‍, എവിടെയാണു തെറ്റിയതെന്നും എന്തുകൊണ്ടാണതു തെറ്റാകുന്നതെന്നും അതു തിരുത്തേണ്ടതാണെന്നും ഫോണിലൂടെയെങ്കിലും ഉപദേശിക്കമായിരുന്നില്ലേ?

ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഏതെങ്കിലും വിദൂര ഭൂഖണ്ഡത്തിലെ ഒരു സാഹിത്യകാരന്റെ ഭാവനാസൃഷ്‌ടിയായ നോവലിന്റെ അടിസ്‌ഥാനത്തിലല്ല. മറിച്ച്‌, നമുക്കു ചുറ്റും നടക്കുന്നതും ദേശീയവും അന്തര്‍ദേശീയവുമായ പഠനകേന്ദ്രങ്ങള്‍ ശരിവയ്‌ക്കുന്നതുമായ അനുദിന ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌.

അനുഭവവും ഭാവനയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഭാവനാലോകത്തായിരിക്കുകയും ഭാവനകളുടെ അടിസ്‌ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നവന്‍ അപകടത്തിലാണെന്നു മനസിലാവാന്‍ സാമാന്യബുദ്ധിയുടെ യുക്‌തി മതിയല്ലോ. ഭൂതകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാവിക്കുവേണ്ടി വര്‍ത്തമാനകാലത്ത്‌ ഒരുവനെടുക്കുന്ന നിലപാടുകളാണ്‌ അവന്റെ തീരുമാനങ്ങള്‍. അല്ലാതെ ഭാവനകളുടെ വെളിച്ചത്തില്‍ സുഖകരവും സൗകര്യപ്രദവുമായി എനിക്കുണ്ടാകുന്ന തോന്നലുകളുടെ അടിസ്‌ഥാനത്തില്‍ ഞാനെടുക്കുന്ന നിലപാടുകളല്ല. ഇതൊരു ധാര്‍മ്മികതയുടെ വിഷയംകൂടിയാണ്‌.

ധാര്‍മ്മികതയില്‍ എപ്പോഴും ഒരു തെരഞ്ഞെടുപ്പുണ്ട്‌. യഥാര്‍ഥത്തില്‍ അതു തെറ്റും ശരിയും തമ്മിലുള്ള വേര്‍തിരിവിന്റെ തെരഞ്ഞെടുപ്പാണ്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തെരഞ്ഞടുപ്പ്‌ പലപ്പോഴും തെറ്റും ശരിയും തമ്മിലല്ല; സത്യവും സൗകര്യവും തമ്മിലാണ്‌. സത്യം തെരഞ്ഞെടുത്താല്‍ എന്റെ സൗകര്യങ്ങള്‍ കുറയുമെങ്കില്‍ സൗകര്യത്തിനുവേണ്ടി സത്യത്തിനുനേരേ സൗകര്യപൂര്‍വം കണ്ണടയ്‌ക്കുന്ന പ്രായോഗികതയുടെ ധാര്‍മ്മികതയാണ്‌ അത്‌. ഉപഭോഗ സംസ്‌കാരത്തിന്റെ സംഭാവനയാണത്‌.

വസ്‌തുതകളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ പ്രാപ്‌തിയുള്ള ലേഖകന്റെ തെരഞ്ഞെടുപ്പിലും സൗകര്യത്തെപ്രതി സത്യം അവഗണിക്കപ്പെട്ടിട്ടില്ലേയെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അതു ന്യായംതന്നെ.

ദോഷം പറയരുതല്ലോ. ലേഖകനായ വന്ദ്യവൈദികന്‍ ബിഷപ്പിനു കൊടുത്തിരിക്കുന്ന ഉപദേശം പരിപൂര്‍ണമായി സ്വീകാര്യംതന്നെ. അദ്ദേഹം എഴുതി: ഒരു മെത്രാന്‍ അനുധാവനം ചെയ്യേണ്ടത്‌ അദ്ദേഹത്തിന്റെ സഭാതലവനായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പായെയായിരുന്നു. ആര്‍ക്കും അതില്‍ തര്‍ക്കമില്ല. അതു മെത്രാന്‍ മാത്രമല്ല, സഭയിലെ മുഴുവന്‍ അംഗങ്ങളും അതു കര്‍ദ്ദിനാളായാലും മെത്രാനായാലും വൈദികരായാലും സന്യസ്‌തരായാലും അല്‍മായരായാലും നൂറു ശതമാനം സത്യംതന്നെ.

മാര്‍പാപ്പയുടെ അനുശാസനങ്ങളും കല്‍പ്പനകളും അഭംഗുരം പാലിച്ചുകൊള്ളാമെന്നു വൈദികരും മെത്രാന്മാരും പട്ടത്വ സ്വീകരണവേളയില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്‌ഞ ചെയ്യുന്നുണ്ടല്ലോ. ഈ അനുസരണയും വിധേയത്വവും മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ സ്വന്തം ഇഷ്‌ടത്തിനും സ്‌ഥാപിത താത്‌പര്യങ്ങള്‍ക്കും അനുയോജ്യമാകുമ്പോള്‍മാത്രമല്ല എന്നും ഓര്‍ക്കണം.

മാര്‍പാപ്പയെ അവലംബിച്ചു ലേഖകന്‍ പ്രസ്‌താവിക്കുന്നതുപോലെ ക്രിസ്‌ത്യാനികള്‍ക്കിടയില്‍ തീവ്രവാദങ്ങളും തദനുസൃതമായ അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ അപലപിക്കപ്പെടുകയും ശക്‌തമായി എതിര്‍ക്കപ്പെടുകയും വേണം. അതില്‍ രണ്ടു പക്ഷമില്ല.

ഇത്തരം സ്വഭാവമുള്ള തീവ്ര ക്രൈസ്‌തവ ഗ്രൂപ്പുകളുണ്ടെങ്കില്‍ അതേക്കുറിച്ചു പറയാന്‍ എന്തിനു ശങ്കിക്കണം? ചരിത്രവും ഭാവനയുമല്ല; യാഥാര്‍ഥ്യങ്ങള്‍ നമ്മെ കണ്ണു തുറപ്പിക്കട്ടെ.

മുസ്ലിം അധിനിവേശത്തിനെതിരായ കുരിശുയുദ്ധങ്ങള്‍ ചരിത്രത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കാരണത്താല്‍ ഇന്നു ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളില്‍ ആര്‍ക്കെങ്കിലും ഇന്നു ജീവിക്കുന്ന ക്രിസ്‌ത്യാനികളെ കൊന്നൊടുക്കാമെന്നോ നൂറ്റാണ്ടുകള്‍ മുമ്പു നടന്ന മുസ്ലിം അധിനിവേശങ്ങള്‍ക്കു പ്രതികാരമായി ഇന്നു ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കാമെന്നോ ആരെങ്കിലും ആഹ്വാനം ചെയ്‌താല്‍ അതു നിന്ദ്യവും കൂട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതുമാണ്‌.

മറിച്ച്‌, ഇന്നു സമൂഹത്തില്‍, തീവ്രസ്വഭാവമുള്ള ചുരുക്കം ചില മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന ആസൂത്രിതമായ കുത്സിതപ്രവൃത്തികളില്‍ ജാഗ്രതയുണ്ടാകണമെന്നു പറയുന്നതു സഭയോടും സമുദായത്തോടും മാത്രമല്ല നല്ലവരായ മുസ്ലിം സഹോദരങ്ങള്‍കൂടി ഉള്‍പ്പെടുന്ന സമൂഹത്തോടുതന്നെയുമുള്ള പ്രതിബദ്ധതയാണ്‌ എന്നതില്‍ സംശയമില്ല.

സത്യമേവ ജയതേ.

ഫാ. റോയി ജോസഫ്‌ കടുപ്പില്‍

കടപ്പാട്‌ മംഗളം

Source: https://www.mangalam.com/news/detail/514670-opinion.html

നിങ്ങൾ വിട്ടുപോയത്