ആംബുലന്‍സുകള്‍ കടന്നു പോകുമ്പോഴൊക്കെ അതിനുള്ളിലിരിക്കുന്നവരെ ഒരു നിമിഷം ഓര്‍മിച്ചു പ്രാര്‍ത്ഥിക്കണമെന്ന വെളിച്ചം തന്നത് സുനിതയാണ്. ഒരു പാട് ആംബുലന്‍സുകള്‍ വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോകുന്നതിനാല്‍ അതൊരു ശീലമായിക്കഴിഞ്ഞിരുന്നതു കൊണ്ട് എന്റെ ചിന്തയിലേക്ക് ഇത്തരമൊരു കാഴ്ചപ്പാട് വന്നതു പോലുമില്ലായിരുന്നു. ആബുലന്‍സിനകത്ത് എന്തൊക്കെയാവാം എന്നോര്‍ക്കുമ്പോള്‍ നെഞ്ചിലൊരു എരിവാണുണ്ടായത്. ആദ്യം അതിനുള്ളില്‍ പുകയുന്ന വൈകാരിക പ്രപഞ്ചത്തെ ഓര്‍ത്ത്. പിന്നെ നമുക്ക് നഷ്ടമാകുന്ന സെന്‍സിറ്റിവിറ്റിയെ ഓര്‍ത്ത്…

ആരുടെയോ ജീവന്‍ നൂല്‍പാലത്തില്‍ തൂങ്ങുകയാണ്! മറ്റാരുടെയൊക്കെയോ ഭാവിയിലേക്ക് കാര്‍മേഘങ്ങള്‍ ഇഴഞ്ഞു കയറുന്നു. ചൂടുള്ള നിശ്വാസങ്ങള്‍…തേങ്ങലുകള്‍…പരിഭ്രാന്തികള്‍…! അതിനകം ഒരു ലോകമാണ്. തേങ്ങലുകളും അലമുറയും കേള്‍ക്കാതിരിക്കാന്‍ വേണ്ടിക്കൂടിയാണോ ആംബുലന്‍സുകള്‍ അലറിവിളിച്ചു പായുന്നതെന്ന് തോന്നിപ്പോകും, ചിലപ്പോള്‍!

ആംബുലന്‍സുകള്‍ ഓരോ മനുഷ്യന്റെയും സ്വകാര്യതയുടെ ബിംബമാണെന്ന്് തോന്നുന്നുണ്ട്. നിരന്തരവും അസഹനീയവുമായ ചൂളം വിളി കൊണ്ട് മറച്ചു പിടിക്കുന്ന തീവ്രമായ സ്വകാര്യ ദുഃഖങ്ങള്‍! നമുക്കു ചുറ്റുമുള്ള, നമുക്കു മുന്നിലൂടെ സഞ്ചരിക്കുന്ന ഒരു പാട് ലോകങ്ങള്‍, ജീവിതങ്ങള്‍ നമ്മളില്‍ നിന്ന് മറഞ്ഞിരിക്കുന്നു എന്നതിന്റെ സൂചകമാണ് ആംബുലന്‍സുകള്‍! നമ്മുടെ സെന്‍സിറ്റിവിറ്റി വല്ലാതെ നഷ്ടപ്പെടുന്നുവെന്നതിന്റെയും സൂചകം.

സ്വയം കടന്നു പോകുന്നതു വരെ ഒരാള്‍ക്കും മറ്റൊരാളുടെ വേദനമനസ്സിലാകുകയില്ല. സ്വന്തം ജീവിതത്തില്‍ കടന്നു പോയ വേദനയുടെ മുദ്രകള്‍ ഹൃദയത്തില്‍ പേറുന്നയാള്‍ക്കു മാത്രമേ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നയാളുടെ വൈകാരിക സ്പന്ദനങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നു കിട്ടൂ. നമ്മുടെ തലമുറയ്ക്ക് വേണ്ടത്ര ദുഃഖതീവ്രത ലഭിക്കാത്തതു കൊണ്ടാണോ നമ്മളില്‍ ഇന്‍സെന്‍സിറ്റിവിറ്റി വളരുന്നത്? അല്ലെങ്കില്‍ വേദനയില്‍ നിന്നു ഒളിച്ചോടാനും വേദനയുള്ളിടങ്ങളില്‍ നിന്ന്് വഴിമാറി നടക്കാനും നമുക്ക് പ്രത്യേക കഴിവുള്ളതു കൊണ്ടോ?

വേദന അനുഭവിച്ചതു കൊണ്ടു മാത്രം ഒരാള്‍ സഹാനുഭൂതി ഉള്ളവനാകണമെന്നില്ല എന്ന പാഠവും ചരിത്രത്തിന്റേതാണ്. തമിഴ് പുലികളും നക്‌സലുകളും നല്‍കുന്ന പാഠം മറിച്ചാണ്. വേദനകള്‍ അടവച്ച്് സഹാനുഭൂതിയല്ല, ക്രൗര്യമാണ് അവര്‍ വിരിയിച്ചെടുത്തത്. അപ്പോള്‍ സഹാനുഭൂതി വേറിട്ട ഒരു വെളിച്ചമാണ്. അതിന് ഒരാള്‍ സമാനദുഃഖത്തിലൂടെ കടന്നു പോകണമെന്നില്ല. ശ്രീബുദ്ധന്‍ ദുഃഖങ്ങളിലൂടെ കടന്നുപോയില്ല. മാനവയാതനകള്‍ക്ക് സാക്ഷി ആവുക മാത്രമാണ് ചെയ്തത്. മറ്റൊരു ഉള്‍വെളിച്ചമാണ് ആ മനസ്സിനെ സഹാനുഭൂതി കൊണ്ട് നിറച്ചത്.

നമ്മളും സാക്ഷികള്‍ തന്നെ! പക്ഷേ, സാക്ഷികളായാല്‍ പോര മനഃസാക്ഷിയുള്ളവരാകണം എന്ന വാക്പ്രയോഗത്തിന് ഒരു ക്ലീഷേയുടെ ചുവ വരുന്നുണ്ടെങ്കിലും, അതാണ് സത്യം. നമുക്ക് മൂകസാക്ഷികളാകാനാണിഷ്ടം. ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ ക്യാമറ പോലെ ജീവിത ചിത്രങ്ങള്‍ നിര്‍മമമായി ഒപ്പിയെടുക്കുന്ന കണ്ണുകളോടെ, ഏതു കാതരദൃശ്യങ്ങള്‍ക്കും ഹാസ്യം തുളുമ്പുന്ന കമന്റ് പാസ്സാക്കി നമ്മള്‍ സാക്ഷ്യം നിര്‍വഹിക്കുന്നു.

കൂകിപ്പായുന്ന ആംബുലന്‍സുകള്‍! വികൃതിക്കുട്ടികളെ പോലെ നമ്മളും കൂകിവിളിക്കുന്നു. കൂകലിന്റെ മറവിലെ നിശ്ശബ്ദതയില്‍ ആരുടെയോ പ്രാണന്‍ പുകഞ്ഞടങ്ങുകയാണ്! നമ്മള്‍ കാണാതെ പോകുന്ന ഒരായിരം ജീവിത ആംബുലന്‍സുകള്‍..!

അഭിലാഷ് ഫ്രേസര്‍

നിങ്ങൾ വിട്ടുപോയത്