നമുക്ക് ഒന്നിച്ച് വളരാം കാനഡയിൽ

“കാനഡ രാജ്യത്ത് അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ഈ പ്രേഷിത സമൂഹത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. പിതാവിന് ക്നാനായ മക്കളുടെ നന്ദിയും ആദരവും.ഇടയൻ ആടിന്റെ മണം അറിയുന്നവൻ ആയിരിക്കണമെന്നുള്ള വിശുദ്ധഗ്രന്ഥ ദർശനത്തെ ഉൾക്കൊള്ളുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ കാഴ്ചപ്പാട് തന്റെ പ്രവർത്തന മേഖലയിൽ നിറവേറ്റുവാൻ പരിശ്രമിക്കുന്ന ഒരു നല്ല ഇടയനെയാണ് കല്ലുവേലിൽ പിതാവിലൂടെ കാനഡയിലെ സീറോ മലബാർ സഭാസമൂഹം അനുഭവിച്ചറിയുന്നത്. ക്നാനായ സമുദായത്തെ മാറ്റി നിറുത്തി സിറോമലബാർ സഭയ്ക്കൊരു വളർച്ചയില്ലെന്നുള്ള സീറോമലബാർ സഭാതലവൻ കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മിസ്സിസ്സാഗ രൂപതാ സന്ദർശന വേളയിൽ പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കുവാൻ തന്നാൽ കഴിയുന്ന രീതിയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിനോട് ഈ സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. മെത്രാൻ നിയമനം ലഭിച്ചതിനു ശേഷം ആദ്യമായി ക്നാനായ കത്തോലിക്കാ മിഷൻ പ്രതിനിധികൾ മിഷൻ ഡയറക്ടർക്കൊപ്പം പിതാവിനെ സന്ദർശിച്ച വേളയിൽ ” നമുക്കൊന്നിച്ചു വളരാം കാനഡയിൽ ” എന്ന തൻ്റെ ആഗ്രഹം പിതാവ് അക്ഷരാർത്ഥത്തിൽ നിറവേറ്റി കൊണ്ടിരിക്കുന്നതിന്റെ സാക്ഷ്യം ആണ് ക്നാനായ സമുദായത്തിന്റെ ഇന്നുവരെയുള്ള വളർച്ച.

മെത്രാനായി ചുമതല ഏറ്റെടുത്തിട്ട് തൻ്റെ പ്രഥമ ഇടവക സന്ദർശനം ടൊറൊന്റോ ക്നാനായ ഇടവകയിൽ നടത്തിക്കൊണ്ട് ഈ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഒരു മുഴുവൻ സമയ വൈദികന്റെ ശുശ്രൂഷ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചത് പിതാവിന്റെ ദീർഘവീഷണത്തിന്റെ തെളിവാണ്. ഈ ചെറിയ സമൂഹത്തിന് മുഴുവൻ സമയ വൈദികന്റെ അനുദിന ചിലവുകൾ പൂർണ്ണമായും വഹിക്കുവാൻ കഴിയില്ല എന്നു മനസ്സിലാക്കി വൈദികനെ തൻ്റെ ഭവനത്തിൽ താമസിപ്പിച്ചുകൊണ്ട് തനിയ്ക്കാവുന്ന സഹായം നൽകിക്കൊണ്ട് തൻ്റെ കരുതൽ പ്രകടമാക്കിയ പിതാവിനെ ഏറെ ആദരവോടെയാണ് ഈ സമൂഹം വിലമതിക്കുന്നത്.

ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും കത്തോലിക്കാ വിശ്വാസവും ഒരിക്കലും നഷ്ടപ്പെടുത്താതെ, അത് കുടുംബങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെടണം എന്നുള്ള തൻ്റെ ആഗ്രഹം സഫലീകരിക്കാൻ കൂടാരയോഗങ്ങൾ ആരംഭിക്കുവാനുള്ള അനുവാദത്തിലൂടെ തുടക്കമായി. ഈ അനുവാദം പുതിയ രണ്ടു ക്നാനായ മിഷൻ ഉണ്ടാകാനും ഇടയായി.

2018 ഫെബ്രുവരി 18 ) o തിയതി കാനഡയിൽ ക്നാനായ കത്തോലിക്കാ സമൂഹത്തിനു ഏറ്റവും അനുഗ്രഹീത ദിവസം ആണ്. അന്നേ ദിവസം അഭി. മാർ ജോസ് കല്ലുവേലിൽ പിതാവ് കാനഡയിലെ എല്ലാ വിശ്വാസികളെയും ഒരു കുടക്കീഴിൽ ആക്കികൊണ്ട് The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനം Mississauga രൂപതയിൽ സ്ഥാപിക്കുകയുണ്ടായി. ഇതു വഴി ഈ സമൂഹത്തിന്റെ വളർച്ച യുടെ വഴികൾക്ക് ആക്കവും ആവേഗവും അഭി. പിതാവ് നൽകി. 2018 ഒക്ടോബർ 14) o തിയതി ലണ്ടനിൽ താമസിക്കുന്ന ക്നാനായ സമൂഹത്തിനു വേണ്ടി സ്ഥാപിച്ച Sacred Heart Knanaya Catholic Mission ന്റെ ഉത്ഘാടനവേളയിൽ തങ്ങൾ വാങ്ങിക്കുന്ന ദേവാലയങ്ങൾ ഡയറക്റ്റ് പേരിൽ വാങ്ങിക്കണമെന്നും തങ്ങളുടെ ഗോത്രത്തലവനായ കോട്ടയം അതിരൂപതാ അദ്ധ്യക്ഷനെക്കൊണ്ട് വെഞ്ചരിപ്പ് നടത്തിക്കണമെന്നുമുള്ള തങ്ങളുടെ വലിയ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, പിതൃസഹജ വാത്സല്യത്തോടെ ആ ആവശ്യം ഉൾക്കൊണ്ട്‌ നടപ്പിലാക്കി തന്ന മാർ ജോസ് കല്ലുവേലിൽ നപിതാവ് ആഗോള ക്നാനായ സമൂഹത്തിന്റെ വലിയ ആദരവിന് യോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. രൂപതാ മെത്രാന്റെ നിഴൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രൂപതാ വികാരിജനറളാൾ സ്ഥാനം കാനഡയിലെ ക്നാനായ ഇടവകകളുടെ വികാരിയും ഡയറക്ടറേറ്റ് ചാപ്ലൈനുമായ വെരി. റവ. ഫാ പത്രോസ് ചമ്പക്കരയ്ക്ക് നല്കുക വഴി, ഈ നിയമനം കാനഡയിലെ ക്നാനായ സമൂഹത്തിനു ലഭിച്ച അംഗീകാരമായി കാണുകയും, പിതാവിന്റെ പിതൃസഹജമായ സ്നേഹത്തിനും ഈ ജനം കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.

കാനഡയിലെ സീറോമലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും.

ജോൺ കുരുവിള അരയത്ത് .

John Suni Mary Kuruvila

നിങ്ങൾ വിട്ടുപോയത്