സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര്

മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. മതങ്ങള്‍ മാത്രമല്ല മഹത് വ്യക്തിത്വങ്ങളും ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരാണ്.

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമാണെന്നാണ് കത്തോലിക്കാ സഭയുടെ വിലയിരുത്തല്‍. അമ്മയുടെ ഉദരത്തില്‍ ഉരുവായ കുഞ്ഞിന് ജീവന്റെ സകല പരിരക്ഷയും വേണം എന്ന് ഉത്‌ബോധിപ്പിക്കുന്ന വിവിധ ക്രൈസ്തവ സഭകളുടെ നിലപാടും മറിച്ചല്ല. 1971 ലെ എംടിപി ആക്ടിന്റെ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് വിവിധ സഭാ പിതാക്കന്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ജീവന്‍ നശിപ്പിക്കുന്നതിനെ സാധൂകരിക്കുന്ന ഗര്‍ഭഛിദ്ര നയമത്തില്‍ ഗൗരവമേറിയ ധാര്‍മിക പ്രശ്നങ്ങളുണ്ടെന്നും മനുഷ്യ ജീവന് മനപൂര്‍വ്വം ഹാനി വരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണെന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെടുന്നുവെന്നും സഭ ചൂണ്ടിക്കാണിച്ചു.

വിവാഹേതര ബന്ധം മൂലമോ ബലാത്സംഗത്താലോ ജനന നിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതു കൊണ്ടോ മറ്റേതെങ്കിലും സാഹചര്യത്താലോ അവിഹിത ഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്യുന്നത് തെറ്റു തന്നെയാണെന്നും കത്തോലിക്കാ സഭ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

ഏതൊരു രാജ്യത്തേയും സാമൂഹ്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന, അതിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കളങ്കം ചാര്‍ത്തുന്ന ഗര്‍ഭഛിദ്രം, ദയാവധം, സ്വവര്‍ഗ വിവാഹം എന്നിവയെ കത്തോലിക്കാ സഭ ആഗോള തലത്തില്‍ തന്നെ എതിര്‍ത്തു പോരുന്നതാണ്. ‘ദൈവത്തിന്റെ രക്ഷാകര പദ്ധതിക്ക് തടസം നില്‍ക്കുന്ന ഗര്‍ഭഛിദ്രം, ദയാവധം, സ്വവര്‍ഗ വിവാഹം തുടങ്ങിയവ കടുത്ത നാശം വിതയ്ക്കുന്നതാണ്’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദ്‌ബോധനം തന്നെ അതിനുദാഹരണമാണ്.

വിവിധ മത ഗ്രന്ഥങ്ങളും മഹത് വ്യക്തികളും ഗര്‍ഭഛിദ്രത്തെപ്പറ്റി പറയുന്നത്:

”മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു”. (ബൈബിള്‍, ജെറമിയ 1 : 5)
”കര്‍ത്താവിന്റെ ദാനമാണ് മക്കള്‍. ഉദരഫലം ഒരു സമ്മാനവും”.
(സങ്കീര്‍ത്തനങ്ങള്‍ 127 : 3)

”യസ്‌തേ പാന്തി പതയന്തം നിഷഥ് സ്‌നു യസ രീസ്യപം ജാതം യസ്‌തേജിഘാം സതി തമിയോ നാശയാമസി”

” അല്ലയോ ഗര്‍ഭിണീ, നിന്റെ ഗര്‍ഭപാത്രത്തില്‍ പതിച്ച് പിന്നീടവിടെ വസിക്കുന്ന ഗര്‍ഭത്തെ ഏതു രാക്ഷസന്‍ ഹനിക്കുന്നുവോ… മൂന്നു മാസത്തിനു മേല്‍ അവയവങ്ങള്‍ പൂര്‍ത്തിയായി ചരിക്കുന്ന ഗര്‍ഭത്തെ ഏത് രാക്ഷസന്‍ ഹനിക്കുന്നുവോ… പത്തു മാസം കൊണ്ട് ഉല്‍പാദിക്കപ്പെട്ട നിന്റെ കുഞ്ഞിനെ ആര്‍ ഹനിക്കുവാന്‍ ഇച്ഛിക്കുന്നുവോ… അവനെ ഈ അഗ്നി സന്നിധിയില്‍ ഞാന്‍ നശിപ്പിക്കുന്നു”.
(ഋഗ്വേദം 10-ാം മണ്ഡലം 162-ാം സൂക്തം).

”ദാരിദ്ര്യത്തെയോ മറ്റേതിനെയെങ്കിലുമോ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ ഏതവസ്ഥയിലും വധിക്കാതിരിക്കുക. നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് ഞാനാണ്”.
(ഖുര്‍ആന്‍)

”ഭ്രൂണഹത്യ ചെയ്തവന്റെ പാപം അവന്റെ അന്നം ഭുജിക്കുന്നവനിലും സംക്രമിക്കുന്നു”.
(മനു സ്മൃതി 8 : 317)
‘ഗര്‍ഭസ്ഥ ശിശുവിനെ വധിക്കുന്നത് ഭര്‍ത്താവിനെ വധിക്കുന്നതിന് സമമാണ്’.
(മനു നീതി 38: 181-185)

‘ഗര്‍ഭഛിദ്രം മനുഷ്യ വ്യക്തിയുടെ ജീവന്‍ നശിപ്പിക്കുന്നു. ഇത് നീതി എന്ന സദ്ഗുണത്തിനെതിരാണ്. നീ കൊല്ലരുത് എന്ന ദൈവിക കല്‍പനയെ നേരിട്ടു ലംഘിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാവുന്ന അനേകം വസ്തുതകളെപ്പറ്റി സഭയ്ക്ക് അറിവുണ്ട്. മിക്ക സംഭവങ്ങളിലും ആ തീരുമാനം വേദനാജനകവും തകര്‍ച്ചയുണ്ടാക്കുന്നതുമാകുന്നുവെന്ന കാര്യത്തില്‍ സഭയ്ക്ക് സംശയമില്ല. തീര്‍ച്ചയായായും സംഭവിച്ചത് തെറ്റാണ്. തെറ്റായി തുടരുകയും ചെയ്യുന്നു.

എന്നാലും അധീരരാകാതെ സംഭവിച്ചത് എന്താണെന്നു മനസിലാക്കി സത്യസന്ധമായി അതിനെ നേരിടുക. വിനയത്തോടും വിശ്വാസത്തോടും കൂടെ അനുതപിക്കുക. കാരുണ്യത്തിന്റെ പിതാവ് കുമ്പസാരമെന്ന കൂദാശയിലൂടെ തന്റെ മാപ്പും സമാധാനവും നിങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണ്.

ഒന്നും സുനിശ്ചിതമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ മനസിലാക്കും. ഇപ്പോള്‍ കര്‍ത്താവില്‍ ജീവിക്കുന്ന നിങ്ങളുടെ കുട്ടിയോട് മാപ്പു ചോദിക്കാനും നിങ്ങള്‍ക്ക് കഴിയും’
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ – ജീവന്റെ സുവിശേഷം )

”ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കപ്പെടണം. ഇതാണ് അടിസ്ഥാന പരമായ മനുഷ്യാവകാശം”.
(ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ)

ദാമ്പത്യ ഐക്യം അതിന്റെ സ്വഭാവം കൊണ്ടുതന്നെ പ്രജനനത്തിലേക്ക് നയിക്കുന്ന ഒന്നാണ്. ജനിക്കുന്ന ശിശു ദമ്പതികളുടെ പരസ്പര സ്‌നേഹത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ട, ആ പരസ്പര ദാനത്തിന്റെ ഹൃദയത്തില്‍ നിന്നുതന്നെ, അതിന്റെ ഫലവും സാക്ഷാത്കാരവുമായി ഉറവെടുക്കുന്ന ഒന്നാണ്. ആ സ്‌നേഹത്തെ തന്നെ വികൃതമാക്കാതെ ആ വ്യക്തിയെ നിഷേധിക്കാന്‍ സാധ്യമല്ല.
(ഫ്രാന്‍സിസ് മാര്‍പ്പാപ്പ – സ്‌നേഹത്തിന്റെ സന്തോഷം 80)

”തന്റെ കുഞ്ഞിനെ തന്നെ കൊല്ലുന്ന അമ്മ ഏത് നീച പ്രവര്‍ത്തിക്കും മടിക്കുകയില്ല. ഗര്‍ഭഛിദ്രം ലോകത്തില്‍ നാശനഷ്ടങ്ങള്‍ വിളിച്ചു വരുത്തി. ഇന്നത്തെ പ്രശ്‌നം ഭക്ഷണ സാധനങ്ങളുടെ കുറവും പട്ടിണിയും അല്ല.സ്‌നേഹത്തിന്റെയും പങ്കു വെയ്ക്കലിന്റെയും കുറവാണ്”.
(വിശുദ്ധ മദര്‍ തെരേസ)

ദൈവം സൃഷ്ടിച്ച ജീവന്റെ മേല്‍ കൈ വെയ്ക്കുവാന്‍ ഒരു മനുഷ്യനും അവകാശമില്ല. ഒരു മാതാവിനും തന്റെ കുഞ്ഞിന്റെ ശരീരത്തിന്‍മേല്‍ അവകാശമില്ല. ശിശു മറ്റൊരു വ്യക്തിയാണ്… മറ്റൊരു മനുഷ്യ ജീവിയാണ്.

ഗര്‍ഭ നിരോധനം ഒന്നാന്തരമൊരു ദുരന്തമാണ്. നാമത് അറിഞ്ഞാലും ഇല്ലെങ്കിലും മനുഷ്യവംശത്തെ അത് അവമതിക്കുന്നു. ഗര്‍ഭ നിരോധന മാര്‍ഗങ്ങളും സമാന രീതികളും ഉപയോഗിച്ചുള്ള ജനന നിയന്ത്രണം ഗാഢമായ ഒരു തെറ്റാണ്.

തിന്മയെ നന്മയെന്നു വിളിച്ച് മഹത്വപ്പെടുത്തുകയാണ് നാം. പ്രശ്‌നത്തേക്കാള്‍ മോശമായ ഒരു പരിഹാരം. അതിന്റെ ഫലമാകട്ടെ ധാര്‍മ്മികാപചയവും. പുരുഷന്‍ അവന്റെ കാമാര്‍ത്തിക്കു വേണ്ടി സ്ത്രീകളെ വേണ്ടത്ര ചൂഷണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത് അവളെ കൂടുതല്‍ തരം താഴ്ത്തുന്നു. ഗര്‍ഭഛിദ്രം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു.
(മഹാത്മ ഗാന്ധി)

”ഗര്‍ഭ ധാരണത്തില്‍ തന്നെ ജീവന്‍ ആരംഭിക്കുന്നു. അതിനാല്‍ ഗര്‍ഭഛിദ്രം പാപമാണ്. നിരോധിക്കപ്പെട്ടതുമാണ്”.
(ഗുരു ഗ്രന്ഥസാഹിബ് – സിഖ് മതം)

ജീവന്റെ മൂല്യം ഉയര്‍ത്തി പിടിക്കാന്‍ പ്രൊ ലൈഫ് മൂവ്‌മെന്റ്

ജീവനു വേണ്ടി എന്നാണ് പ്രോ ലൈഫ് എന്ന വാക്കിന്റെ അര്‍ത്ഥം. ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ ജീവനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി നിലകൊള്ളുന്ന ആഗോള പ്രസ്ഥാനമാണ് പ്രൊ ലൈഫ്.

ഇരുപതാം നൂറ്റാണ്ടില്‍ കൃത്രിമ ഗര്‍ഭ നിരോധനത്തിന്റെയും വന്ധ്യംകരണത്തിന്റെയും ഗര്‍ഭഛിദ്രത്തിന്റെയും ദയാവധത്തിന്റെയും രൂപത്തില്‍ മരണത്തിന്റെ സംസ്‌കാരം കുടുംബങ്ങളിലേക്ക് കടന്നു വന്നതോടെയാണ് പ്രൊ ലൈഫ് പ്രസ്ഥാനത്തിന് തുടക്കമായത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രത്യേകിച്ച്, ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളില്‍ വിവിധ പ്രൊ ലൈഫ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും പ്രൊ ലൈഫ് പ്രസ്ഥാനങ്ങളുണ്ട്. കെ.സി.ബി.സിക്ക് കീഴില്‍ 2008 ലാണ് പ്രൊ ലൈഫ് സമിതി കേരളത്തില്‍ രൂപം കൊണ്ടത്.

നാളെ വായിക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം.

ജയ്‌മോൻ ജോസഫ്

ജയ്‌മോൻ ജോസഫ്

എക്സിക്യൂട്ടീവ് എഡിറ്റർ ,CNEWS LIVE

കടപ്പാട്

ജീവൻ ദൈവത്തിൻെറ ദാനം .ജീവനെ ആദരിക്കുക ,സംരക്ഷിക്കുക .ജീവൻെറ ശുശ്രുഷകൾക്കായി പ്രാർത്ഥിക്കുക ,പ്രവർത്തിക്കുക .

മംഗളവാർത്ത 9446329343

http://mangalavartha.com/wp-admin/post.php?post=18247&action=edit