എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഫാദർ ജോസഫ് നന്തികാട്ട് 🌹

തന്റെ ജീവിത കാലത്ത് 76 ഭവനങ്ങളാണ് അദ്ദേഹം വിടില്ലാത്തവർക്ക് പണിതു കൊടുത്തത്. സ്ഥലം വാങ്ങി പണിത് കൊടുത്തതും ഉണ്ട്.

കാരണം അച്ഛൻറെ പ്രവർത്തനങ്ങളെല്ലാം വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയാതെയായിരുന്നു. അച്ചന് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് അല്പം സീരിയസ് ആണ് എന്ന് പ്രിയ സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയിൽ തന്നെ ആയിരുന്നു. കാരണം ഇതിനുമുമ്പും മരണത്തെ മുഖാമുഖം കണ്ട് അച്ഛൻ തിരിച്ചു വന്നതാണ്. പക്ഷേ ഇത്തവണ അച്ഛൻ പറ്റിച്ചു.

സേവനം ജീവിതവ്രതംമാക്കിയ ആ പുണ്യജീവിതം ഇനിയില്ല സ്വന്തമായ നിലപാടുകളും അത് ചങ്കൂറ്റത്തോടെ നിറവേറ്റാൻ ഉള്ള കഴിവും അച്ഛനുണ്ടായിരുന്നു.

കണ്ടാൽ അതി ദരിദ്രൻ എന്ന് തോന്നുമായിരുന്നെങ്കിലും നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ആയിരുന്നു അച്ഛൻറെ ജനനം. പാലായ്ക്ക് അടുത്തുള്ള പൈകയിൽ നന്ദിക്കാട്ട് കണ്ടത്തിൽ പരേതരായവർഗീസിന്റെയും ത്രേസ്യയുടെയും പത്തുമക്കളിൽ നാലാമനായി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിലെ പഠനത്തിനിടെ സെമിനാരിയിൽ ചേർന്നു.

1967 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു കുടുംബത്തിൽനിന്ന് അച്ചന്റെ ഷെയർ വിറ്റ് കിട്ടിയ തുകയും മറ്റുള്ളവരോട് ഇരന്നു മേടിച്ചും അച്ചൻ നിർമ്മിച്ചു നൽകിയത് 76 വീടുകൾ. ഇതിൽ സ്വന്തമായി സ്ഥലം മേടിച്ച് കൊടുത്ത് വീട് നിർമ്മിച്ചവയും ഉണ്ട്. ഒരു വീടിൻറെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും അർഹതപ്പെട്ടവർക്ക് അരിയായും മറ്റു ഭക്ഷണ സാധനങ്ങൾ ആയും കട്ടിലായും മേശയായും കസേരയായും ഉടുവസ്ത്രമായും എന്തിനേറെ പറയുന്നു ഈർക്കിൽ ചീകി ചൂല് കെട്ടി വരെ അച്ഛൻ കൊടുത്തിട്ടുണ്ട്.

പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. അതിനു മാറ്റം വരുന്നത് വിയാനിയിലെ കൃഷിയിടത്തിൽ പണിക്ക് ഇറങ്ങുമ്പോൾ മാത്രം. അസുഖബാധിതനാകുന്നതിനു മുൻപ് മുണ്ടും ഷർട്ടും ഇട്ട് തലയിൽ ഒരു പഴയ തോർത്തും കെട്ടി പണിയെടുക്കുന്നത് കാണുമ്പോൾ വിയാനിയിലെ പണിക്കാരൻ ആണെന്നേ തോന്നു.

കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായിട്ടും ഒരു നല്ല തോർത്തെങ്കിലും വാങ്ങി ഉപയോഗിച്ചു കൂടെ എന്ന് ഞാൻ ചോദിക്കുബോൾ എനിക്ക് ഇതൊക്കെ മതി എന്ന് അച്ഛൻ പറയും. അതെ കൊണ്ടും കൊടുത്തും ഒന്നും മിച്ചം വയ്ക്കാൻ ഇല്ലാത്തവൻ ആയിരുന്നു ഈ പുരോഹിതൻ. അച്ഛൻറെ പ്രിയപ്പെട്ടവർ അച്ചനു ഏറ്റവും അത്യാവശ്യം ഉള്ള സാധനങ്ങൾ സമ്മാനമായി നൽകിയാൽ അച്ഛൻ അത് സൂക്ഷിച്ചു വയ്ക്കാറില്ല പകരം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് അർഹതയുള്ള ആളുകൾക്ക് അത് കൊടുക്കും.

വളരെ ലളിതജീവിതം നയിച്ചിരുന്ന തൻറെ സുഹൃത്തായ വൈദികന്റെ വാസയോഗ്യമല്ലാത്തതറവാട് പൊളിച്ചുമാറ്റി പുതിയത് പണിയുവാൻ ആ അച്ചൻറെ കൂടപ്പിറപ്പിന് സാധിക്കാതെ വന്നപ്പോൾ നന്ദികാട്ടച്ചൻ തൻറെ സഹവൈദീകന്റെ വേദന മനസ്സിലാക്കുകയും വീട് പണിത് കൊടുക്കുകയും ചെയ്തു തനിക്ക് ചുറ്റും വേദനിക്കുന്നവരോട് എന്നും കരുതലുള്ള ഒരു നല്ല മനുഷ്യസ്നേഹി ആയിരുന്നു നന്ദിക്കാട്ടച്ചൻ.

വൈദിക ജീവിതത്തിൽ നിന്ന് നേരത്തെ റിട്ടയർമെൻറ് എടുത്ത് അല്ലെങ്കിൽ എടുക്കേണ്ടി വന്നു വിയാനി ഭവനിൽ വിശ്രമജീവിതം നയിക്കുമ്പോഴും അച്ഛൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്നു.

അധികം ഇടവകകളിൽ ഒന്നും ഇരുന്നിട്ടില്ലെങ്കിലും വിയാനിയിൽ വിശ്രമജീവിതം നയിക്കുമ്പോൾ ഒത്തിരി ആളുകൾ അച്ചൻറെ അടുക്കൽ വരുമായിരുന്നു. തിരസ്കരണങ്ങൾ ഏറെ നേരിട്ടിട്ടുണ്ടെങ്കിലും തൻറെ ലക്ഷ്യത്തിൽ നിന്ന് അദ്ദേഹം അണുവിട മാറിയിട്ടില്ല. അനേകർക്ക് അപ്പനായി, മകനായി, കൂടപ്പിറപ്പായി, ജേഷ്ഠനായി, കാരണവരായി അദ്ദേഹത്തിന്റെ ധന്യ ജീവിതം മുന്നോട്ടു നീങ്ങി. അച്ചന്റെ ആഴമായ വിശ്വാസം അദ്ദേഹത്തെ എന്നും വഴി നടത്തി.

വിയാനിയിൽ തന്നെ കാണാൻ വരുന്ന പ്രിയപെട്ടവർക്ക് കടല മിഠായിയായും നാരങ്ങ മിഠായിയും ആയി കാത്തിരിക്കുന്ന ആ നിഷ്കളങ്ക സ്നേഹം ഇനി ഇല്ല. ഉള്ളിൽ വേദനകളുടെ കനലെരിയുമ്പോൾ നിനക്ക് സുഖം ആണോ എന്ന് യാദൃശ്ചികമായി വിളിച്ചു ചോദിക്കുന്ന സ്വരം ഇനി ഇല്ല. ക്രിസ്തുസ്,, ഈസ്റ്റെർ, new year ദിനങ്ങളിൽ വിളിച്ചു wish ചെയ്യാറുള്ള ആ നല്ല സൗഹൃദം ഇനി ഇല്ല. പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹

സോണിയ ഷിബു അറക്കൽ

Ave Maria Vachanabhishekam

HEARTY CONDOLENCE. MAY HIS SOUL REST IN ETERNAL PEACE.

നിങ്ങൾ വിട്ടുപോയത്