നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ വാചാലയാകുന്ന ലൂസി കളപ്പുര മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്.

അമ്മയുടെ ഉദരത്തിൽ ഉരുവെടുത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഈ ഭൂമിയിൽ പിറന്ന് വീണ്, വളർന്ന് വലുതായി വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അവസാനശ്വാസം വെടിയുന്ന നിമഷം വരെയുള്ള ഓരോ വ്യക്തിയുടെയും അന്തസിനും (ഡിഗ്നിറ്റിക്കും) മനുഷ്യാവകാശത്തിനും വേണ്ടി എല്ലായ്പ്പോഴും ശബ്ദമുയർത്തിയതും ഇപ്പോഴും ശബ്ദമുയർത്തുന്നതും കത്തോലിക്കാ സഭയാണ്.

ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനയിലും നിയമസംഹിതകളിലും മനുഷ്യാവകാശമായി എഴുതിചേർത്തിരിക്കുന്ന മനോഹര വാക്കുകളുടെ ഉത്ഭവം ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ അവതരിപ്പിച്ച സുവർണ്ണ നിയമങ്ങളിൽ നിന്നാണ്. അതായത് ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ തന്നെ…

കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശങ്ങൾക്കും മനുഷ്യന്റെ അന്തസിനും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന കത്തോലിക്കാ സഭയുടെ മുഖത്തേയ്ക്ക് കാർക്കിച്ചുതുപ്പി സ്വയം വിഡ്ഢി ആകാതിരിക്കുന്നതല്ലേ കൂടുതൽ നല്ലത്..? നിയമപഠനം പൂർത്തിയാക്കുന്ന പക്ഷം പതിയെ കാര്യങ്ങൾ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കാം.

അനീതിക്ക് ഇരയാകുന്നവരുടെ ശബ്ദമായും താൻ ഒരു പ്രവാചകയാണെന്നും സ്വയം കരുതുന്ന പ്രസ്തുത മുൻസന്യാസിനി സത്യത്തിൽ തന്റെ ചുറ്റും നടക്കുന്ന ഏത് അനീതിക്കും എതിരേ ശബ്ദമുയർത്താൻ പരിശ്രമിക്കണം എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു.

സഭയിലെ കുറ്റങ്ങൾക്കും കുറവുകൾക്കും നേരെ ചൂണ്ട് വിരൽ ഉയർത്തുകയും, അപകടങ്ങൾ, ആത്മഹത്യ, കവർച്ചാശ്രമത്തിനിടയിലെ കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞ 35 വർഷത്തിനിടയിൽ സംഭവിച്ച 21 മരണങ്ങൾ പർവ്വതീകരിച്ച് ക്രൈസ്തവ സഭയെ ആക്ഷേപിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ മറ്റ് മതസ്ഥാപനങ്ങളിൽ സംഭവിക്കുന്ന പീഡനങ്ങളും ആത്മഹത്യകളും അറിഞ്ഞില്ല എന്ന് നടിക്കുന്നത് ശരിയാണോ..? മഠങ്ങളിലെ കിണറുകളിൽ മരിച്ചവരുടെ കണക്ക് എടുക്കുന്ന “കണക്ക് ടീച്ചർക്ക്” അന്യമതസ്തരുടെ സ്ഥാപനങ്ങളിൽ തൂങ്ങി മരിച്ചവരുടെയും പീഡനത്തിന് ഇരയാകുന്നവരുടെയും കണക്ക് വിളിച്ചു പറയാൻ എന്തേ ഒരു വൈക്ലഭ്യം? പന്തിയിൽ പക്ഷപാതം പാടുണ്ടോ? ഇങ്ങനെ ഒക്കെ ഓരോ തിരിച്ച് വ്യത്യാസങ്ങൾ കാണിക്കുമ്പോൾ അല്ലേ മുൻ സന്യാസിനി ലൂസി കളപ്പുര ചിലരുടെ കൈകളിലെ ചട്ടുകം മാത്രമാണെന്ന് സമൂഹം വിശ്വസിക്കുന്നത്..!!

**************************************

മൗലീക അവകാശങ്ങൾ പൂർണ്ണമായി ഛേദിക്കപ്പെടുന്ന ഒരു പ്രതിജ്ഞയാണ് സന്യാസവ്രതങ്ങൾ എന്ന് ആരോപിക്കുമ്പോഴും ഇന്ത്യൻ ഭരണഘടന ഓരോ ഇന്ത്യൻ പൗരനും ഉറപ്പാക്കുന്ന അവകാശത്തിലും സ്വാതന്ത്ര്യത്തിലും ഒളിഞ്ഞ് നോക്കാനും കയ്യിടാനും പോകരുത് എന്ന് കൂടി പഠിപ്പിക്കുന്ന ഭാഗത്ത് നിയമ വിദ്യാർത്ഥിനിയുടെ കണ്ണുകൾ ഇതുവരെയും എത്തിയില്ലേ?

കഴിഞ്ഞ 2000 വർഷത്തോളം ലക്ഷക്കണക്കിന് വൈദികരും സന്യസ്തരും ഈ ജീവിതം നയിച്ചതും നയിക്കുന്നതും ഇനിയും നയിക്കാനിരിക്കുന്നതും നല്ലൊരു പുരുഷനേയോ സ്ത്രീയേയോ ഭർത്താവായോ ഭാര്യയായോ കിട്ടാത്തത് കൊണ്ടല്ല. മറിച്ച് സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ഏറ്റവും ചെറിയവരിൽ ഒരുവനായി 33 വർഷക്കാലം ജീവിച്ച് സ്വന്തം ശരീരവും മനസ്സും ഹൃദയവും ഒരാൾക്ക് മാത്രമായി മാറ്റിവയ്ക്കാതെ എല്ലാവർക്കും എല്ലാമായി ജീവിച്ച് മാതൃക കാണിച്ചു തന്ന നസ്രത്തിലെ ആ ബ്രഹ്മചാരിയായ ക്രിസ്തുവിന്റെ കാലടികൾ പിന്തുടരുവാൻ തന്നെ ഉറച്ച ബോധ്യത്തോടെയും സ്വതന്ത്രമായ മനസ്സോടെയും എടുത്ത തീരുമാനം മൂലമാണ്.

ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങളെക്കുറിച്ച് സന്യാസ പരിശീലന കാലഘട്ടത്തിൽ ഫോർമേറ്റർ പറഞ്ഞു തരുമ്പോൾ ജനാലവഴി പ്രകൃതിഭംഗി കണ്ടും മാളത്തിൽ കയറുന്ന പാമ്പിനെ നോക്കിയും ഇരിക്കുന്നവരാണ് പിന്നീട് തങ്ങളെ ചെറുപ്രായത്തിലെ ബ്രഹ്മചര്യം “അടിച്ചേൽപ്പിച്ചു” എന്ന് പരിതപിക്കുക.

സന്യാസ വ്രതങ്ങളിൽ കൂടി ഒരു സന്യാസിനിക്കുള്ള എല്ലാ അവകാശങ്ങളും വെട്ടിമാറ്റപ്പെടുകയല്ല മറിച്ച് അവൾ സ്വമേധയാ അവയെല്ലാം വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യുന്നത്. കഷ്ടപ്പാടുകളും വേദനകളും ഭയന്നല്ല ഒരു യഥാർത്ഥ സന്യാസിനി ക്രൈസ്തവ സന്യാസം പുൽകുന്നത്.

കുടുംബം എന്ന ഒരു മതിൽകെട്ടിൽ മാത്രം ഒതുങ്ങാതെ ലോകമേ തറവാട് എന്ന വിശാലതയിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ക്രൈസ്തവ സന്യാസത്തിൽ കൂടി അർത്ഥമാക്കുന്നത്. തനിക്കുണ്ടായിരുന്ന മോഹങ്ങളും സ്വപ്നങ്ങളും ദൈവ സ്നേഹത്തെപ്രതിയും സഹോദര സ്നേഹത്തെപ്രതിയും പരിത്യജിച്ച് സ്വന്തം ജീവിതം ഒരു “സ്നേഹബലിയായി നൽകുന്ന സാക്ഷ്യമാണ്” സന്യാസം. ഈ സന്യാസ ജീവിതത്തിൽ അവൾ പല റോളുകൾ എടുത്തണിയാറുണ്ട്: അമ്മയായും സഹോദരിയായും മകളായും ശുശ്രൂഷകയായും ഗുരുനാഥയായും കൂട്ടുകാരിയായും നൊമ്പരങ്ങളിൽ സാന്ത്വനമേകുന്ന മാലാഖായായും ആ റോളുകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു…

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം (2021 – 2022), കേരളത്തിൽ വിവിധ ജില്ലകളിലായി ക്രൈസ്തവ സഭകളുടെ കീഴിൽ മാത്രം 2091 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്…

👉🏻 578 വൃദ്ധ സദനങ്ങളിൽ 17252 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നുണ്ട്. അവർക്കുള്ള റേഷൻ പോലും നൽകാൻ ഗവൺമെന്റ് മടികാണിക്കുന്നുണ്ട് എന്നത് മറക്കരുത്.

👉🏻 ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി 225 സ്ഥാപനങ്ങളിൽ 8718 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നു.

👉🏻മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള 47 സ്ഥാപനങ്ങളിൽ 936 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നു..

.👉🏻ഭിക്ഷക്കാർക്കുള്ള പതിനൊന്ന് റിഹാബിലിറ്റേഷൻ സെന്ററുകളിൽ 777 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നു. 👉🏻1193 ഓർഫനേജുകളിലും ഫൗണ്ട്ലിങ്ങ് ഹോമുകളിലുമായി 51422 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നു.

👉🏻 കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് മറ്റു 37 വിവിധ ഹോമുകളിൽ 1056 അന്തേവാസികൾ സംരക്ഷിക്കപ്പെടുന്നു.

മുകളിൽ കൊടുത്തിരിക്കുന്ന ഈ സ്ഥാപനങ്ങളിൽ അഹോരാത്രം അധ്വാനിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകൾ ഉണ്ട്. അവർ ഒന്നും 5 അക്ക ശമ്പളം കൈപ്പറ്റുന്നവരല്ല. കാരയ്ക്കാമലയിലെ മഠത്തിൽ ഊട്ടുമുറിയിലെ മേശപ്പുറത്ത് കൂടെയുള്ള സഹോദരിമാർ അതിരാവിലെ എണീറ്റ് മേശപ്പുറത്ത് ഉണ്ടാക്കി വച്ചിരുന്ന പൊതിചോറു എടുത്ത് ബാഗിൽ ഭദ്രമായി സൂക്ഷിച്ചുവച്ച് 25 വർഷത്തോളം സ്കൂളിൽ പോയി ശീലിച്ച മുൻ സന്യാസിനിക്ക് മറ്റുള്ളവരുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും വില എങ്ങനെ മനസ്സിലാക്കാനാണ് അല്ലേ..?

കേരളത്തിലെ തെരുവീഥികൾ അശരണരെ കൊണ്ട് നിറയാത്തതിന് കത്തോലിക്ക സഭയോടും ക്രൈസ്തവ സന്യസ്തരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്ന് സുബോധമുള്ളവർക്ക് അറിയാം...

**************************************

വിശുദ്ധ ഗ്രന്ഥത്തിൽ തെളിഞ്ഞും മറഞ്ഞും കിടക്കുന്ന സത്യങ്ങളെക്കുറിച്ച് വേണ്ട പോലെ മനസ്സിലാക്കാതെ അവയെ ആഴമായി ധ്യാനിച്ച് ജീവിതത്തിന്റെ ഭാഗമാക്കാതെ ജീവിച്ചിട്ട്,

കഴിഞ്ഞ 58 വർഷം എന്റെ ജീവിതം ഞാൻ പാഴാക്കി എന്ന് വിലപിക്കുമ്പോൾ മറ്റൊരു സത്യം നിങ്ങളുടെ മുമ്പിൽ തുറന്ന വാതിലായുണ്ടായിരുന്നു. അതായത് ക്രൈസ്തവ സന്യാസം ആരും ആരെയും അടിച്ച് ഏല്‌പ്പിക്കുന്ന ഒന്നല്ല, അറിവില്ലായ്മ മൂലം താൻ വഴിതെറ്റി വന്നു എന്ന് ഒരു സന്യാസിനി തിരിച്ചറിയുന്ന നിമിഷം തന്നെ “ഗുഡ് ബൈ” പറഞ്ഞ് പടിയിറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയുണ്ട് എന്ന്.

ക്രൈസ്തവ സന്യാസത്തിന്റെയും അതാത് സന്യാസസഭകളുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ബാലപാഠങ്ങൾ പഠിപ്പിച്ചപ്പോൾ എല്ലാം ഓരോ സന്യാസിനിയുടെയും അവകാശങ്ങളായി നിയമാവലിയുടെ അവസാന ഭാഗങ്ങളിൽ ഫോർമേറ്റർ ഇക്കാര്യങ്ങളും വ്യക്തമാക്കിയത് എന്തേ ഓർമ്മയിൽ സൂക്ഷിക്കാഞ്ഞത്..?

**************************************

സന്യാസത്തിൽ കഴിഞ്ഞ 38 വർഷം തനിക്ക് പല സുഖങ്ങളും നഷ്ടമായി, ബ്രഹ്മചര്യം ഉൾപ്പെടെയുള്ള വ്രതങ്ങൾ എന്നെ അടിച്ചേൽപിച്ചു, എന്ന് പരിതപിക്കുന്ന എക്സ് സന്യാസിനി താൻ വഴി തെറ്റിയാണ് സന്യാസത്തിന്റെ വാതിലുകൾ കടന്നത് എന്ന് ബോധ്യമായപ്പോൾതന്നെ പിന്തിരിഞ്ഞ് നടക്കാൻ “മറ്റ് ചിലരെപ്പോലെ” ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ വിലപിക്കേണ്ടി വരുമായിരുന്നോ..?

വഴിതെറ്റി കയറി വന്ന ഒരാൾ കൂടെയുള്ള എല്ലാവരെയും വഴി തെറ്റിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ ഞാൻ ചെളിയിൽ വീണതിനാൽ കൂടെയുള്ളവരെ എല്ലാം ചെളിയിൽ ചാടിക്കണം; അല്ലെങ്കിൽ കുറഞ്ഞത് കുറെ ചെളിയെങ്കിലും വാരി അവരുടെ മുഖത്ത് എറിയണം എന്ന് ചിന്തിക്കുന്നത് ന്യായമാണോ…?

ഒന്നുമല്ലെങ്കിലും രണ്ടു പതിറ്റാണ്ടോളം കുട്ടികൾക്ക് വിദ്യപകർന്നു നൽകിയ ഒരു അധ്യാപിക ഇങ്ങനെ ബാലിശമായ പ്രവർത്തികൾ കാണിക്കുന്നത് ഒരു ദുർമാതൃകയല്ലേ…?

**************************************

പതിറ്റാണ്ടുകളോളം അധ്യാപനത്തിൽ ഏർപ്പെട്ടിരുന്ന ഒരു അധ്യാപിക തന്നെ പുതുതലമുറയോട് അനുസരണം ഒന്നും ഇല്ലാത്ത വല്ല സന്യാസഭവനങ്ങളിലും പോയി ചേർന്നോളാൻ ഒരു സന്ദേഹവും ഇല്ലാതെ ഉപദേശിക്കുമ്പോൾ ആശ്ചര്യം തോന്നുന്നത് ഈ വ്യക്തിയാണോ നിയമവിദ്യാർത്ഥിനിയായി ഒരു ലോ കോളേജിൽ ചേർന്നിരിക്കുന്നത് എന്നാണ്..? 😂

എന്തായാലും ഒരു വക്കീൽ ആയി തീരാൻ കാലവും ആ സ്ഥാപനവും അവരെ അനുവദിച്ചാൽ (കാരണം കഴിഞ്ഞ വർഷവും കർണാടകയിലെ ഒരു ലോ കോളേജിൽ ചേർന്നിട്ട് “നിയമലംഘനങ്ങൾ മൂലം” ഏതാനും നാളുകൾക്ക് ശേഷം അവരെ പുറത്താക്കിയതായും വാർത്തയുണ്ടായിരുന്നു), ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ ഏതെങ്കിലും ഒരു കോടതിയിൽ അനുസരണം ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വക്കീൽ എന്തെല്ലാം കോലാഹലങ്ങൾ സൃഷ്ടിക്കുമെന്ന എന്ന ചെറിയ ഒരു ആശങ്ക ബാക്കിയുണ്ട് കേട്ടോ… അനുസരണം അടിമത്തം ആയോ, ഭാരമായോ തോന്നുന്നെങ്കിൽ അത് അവരുടെ തന്നെ വൈകല്യമാണ്. അനുസരണത്തിന്റെ നൂലിഴകൾ കൊണ്ട് ബന്ധിക്കപ്പെട്ടവർ അല്ലേ സത്യത്തിൽ നാം എല്ലാവരും..?

ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോൾ മുതൽ മാതാപിതാക്കൾ, സഹോദരങ്ങൾ, വല്ല്യപ്പൻ, വല്യമ്മ അധ്യാപകർ… എന്നിങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്… പിന്നെ പഠിച്ച് വളർന്ന് വലുതായി ഒരു ഉദ്യോഗം ഒക്കെ കിട്ടിയാൽ പിന്നെ മേലുദ്യോഗസ്ഥർ… സ്ഥാപനത്തിന്റെ നിയമങ്ങൾ, സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ അങ്ങനെ അങ്ങനെ… വീണ്ടും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നാൽ ദമ്പതികൾ പരസ്പരമുള്ള അനുസരണം. ചെറുപ്പം മുതൽ സ്നേഹത്തോടെയുള്ള അനുസരണം ദിനചര്യയാക്കിയവർക്ക് അനുസരണം ഒരു ഭാരമേറിയ ചുമടല്ല…

ആരെയും അവർ അനുസരണത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ഇല്ല…

☺️✍🏽 സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Soniya Kuruvila Mathirappallil (Sr Sonia Teres)

നിങ്ങൾ വിട്ടുപോയത്