കൊച്ചി: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ഭരണഘടനാപരമായ തുല്യ അവകാശം നിഷേധിച്ചിരിക്കുന്ന ദളിത് ക്രൈസ്തവര്‍ക്കും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന വിവിധ കത്തോലിക്ക- ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നീതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഭരണഘടനാശില്പികള്‍ ഏറെ ദീര്‍ഘവീഷണത്തോടെ രൂപം നല്‍കിയ ഭരണഘടന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ദളിത് ക്രൈസ്തവരുടെ നിയമ പോരാട്ടം സുപ്രീംകോടതിയില്‍ തുടരുകയാണ്. ഇതിന് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെയും കമ്മീഷനുകളുടെയും ഉള്‍പ്പെടെ വിവിധ കത്തോലിക്ക ക്രൈസ്തവ വിഭാഗങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന ഇതര ക്രൈസ്തവ വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ഇവരോടും ഭരണ ഉദ്യോഗസ്ഥ മേഖലകളുള്‍പ്പെടെ എല്ലാ തലങ്ങളിലും നീതിപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാകണം.

സാമൂഹിക പിന്നോക്കാവസ്ഥമൂലം ദാരിദ്ര്യം അനുഭവിക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്തുടനീളം കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും നടത്തുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം ഈ സമൂഹത്തോട് നിര്‍വഹിക്കുവാനുള്ള ബാധ്യത ഭാരതസര്‍ക്കാരിനുമുണ്ട്. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ക്കും സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന എല്ലാ കത്തോലിക്കാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി അവകാശപ്പെട്ട നീതി നടപ്പിലാക്കി സംരക്ഷണമേകുവാനുള്ള ബാദ്ധ്യത സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

നിങ്ങൾ വിട്ടുപോയത്