മണിപ്പൂരിനായി കെസിബിസി പ്രാർഥനായജ്ഞം നടത്തി

കൊച്ചി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും, കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട സഹോദരങ്ങളോട് ഐക്യദാര്‍ഢ്യമറിയിച്ചും കെസിബിസി പ്രാർഥനായജ്ഞം നടത്തി.

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്ക ദേവാലയത്തിലാ‍യിരുന്നു പ്രാർഥനായജ്ഞം.
കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി.

വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും അക്രമിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മത വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്.

ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്കു വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പൂരിൽ നിന്ന് കേൾക്കുന്നത്.

രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്കു സുരക്ഷയും ഉറപ്പിക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്‌ളീമിസ് ഓർമിപ്പിച്ചു.


സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർഥന നയിച്ചു. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ പ്രസംഗിച്ചു.


പ്രാര്‍ഥനയിലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും സിബിസിഐ പ്രസിഡന്റ്‌ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ്‌ ബിഷപ് ജോസഫ് മാർ തോമസ് തുടങ്ങി
കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.

**
ഫോട്ടോ….
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി കെസിബിസി വല്ലാര്‍പാടം ബസിലിക്കയിൽ സംഘടിപ്പിച്ച പ്രാർഥനായജ്ഞത്തിൽ മെഴുകുതിരികളേന്തി പങ്കുചേരുന്ന മെത്രാന്മാർ. ‌ മേജർ ആർച്ച്ബിഷപ്പുമാരായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ എന്നിവർ മുൻനിരയിൽ.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

നിങ്ങൾ വിട്ടുപോയത്