മുല കുടിക്കാനുള്ള ശിശുക്കളുടെ അവകാശം മനുഷ്യാവകാശനിയമത്തിൽ പെടില്ലേ,?!

നമ്മുടെ നാട്ടിൽ തുടർച്ചയായി കേൾക്കുന്ന വാർത്തകൾ Exhibitionism അതായത് ലിംഗപ്രദർശനസ്വഭാവം ഉള്ള പുരുഷന്റെ വാർത്തകളും, അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പേരെടുക്കാൻ വരുന്ന
ഫെമിനിസ്റ്റ്കളുടെയും പ്രകടനങ്ങളാണ്.

വികല സ്വഭാവമുള്ള പുരുഷന്മാരുടെ കഥകൾ പൊലിപ്പിച്ചും പതപ്പിച്ചും നിലനിർത്തിയിരിക്കുന്നു.

ഇപ്പോൾ പുരുഷന്മാരായ കുടുംബാംഗങ്ങളെ വരെ പെൺകുട്ടികൾ സംശയത്തിന്റെ നിഴലിലാണ്കാണുന്നത്.

ഇത്തരം പെൺകുട്ടികൾക്ക് ആകെ വിശ്വാസം ഉള്ളത്, തന്നെ പുകഴ്ത്തി വർണ്ണിക്കുന്ന, എല്ലാദിവസവും ഐസ്ക്രീം വാങ്ങിത്തരുന്ന, ആദ്യമായി കാണുന്ന, എവിടുന്നോ വരുന്ന ഒരു പുരുഷനെ മാത്രമാണ്.

അവൻ്റെ മുഖംമൂടിയും കുപ്പായവും തിരിച്ചറിയുമ്പോൾ അവളുടെ സ്ത്രീത്വവും. അസ്ഥിത്വവും ഒഴുകിപ്പോയിരിക്കും. അതവിടെ നിൽക്കട്ടെ!

നമ്മുടെ വിഷയത്തിലേക്ക് വരാം, ശല്യക്കാരായ പുരുഷന്മാരെ പ്രതിരോധിക്കാൻ മുട്ടുസൂചി, കോമ്പസ് പ്രയോഗങ്ങളും കരാട്ടെയും കഴിഞ്ഞ് പെൺകുട്ടികൾ ഇപ്പോൾ വീഡിയോ എടുത്ത് പ്രചരിപ്പിക്കലിൽ എത്തി നിൽക്കുന്നു.

അതുവഴി പീഡകനും ഇരയും ഫേമസ് ആകുകയാണ്. ഇത്തരം സംഭവങ്ങളെ അനുകൂലിച്ചും പ്രതിരോധിച്ചും ഫേമസ് ആകുന്നവരുണ്ട്.

ഒരേ കുടുംബങ്ങളിൽ നിന്നാണ് ഈ രണ്ടു കൂട്ടരും നാട്ടിലിറങ്ങുന്നത്. സ്ത്രീകളാണ് ഈ രണ്ടു കൂട്ടരേയും പ്രസവിക്കുന്നത്. നല്ല പുരുഷനും നല്ല ഭർത്താവും ആകുവാനുള്ള പരിശീലനം ലഭിക്കേണ്ടതും അമ്മയാകുന്ന സ്ത്രീയിൽ നിന്നും അല്ലേ?

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ കുടുംബാന്തരീക്ഷത്തിന്റെയും, അമ്മയുടെയും ഉത്തരവാദിത്വം കാണാതിരിക്കാൻ ആവില്ല. പരസ്പരം പിടികൊടുക്കാതെ ഒരു വീട്ടിൽ കഴിയുന്ന വരുമാനക്കാരായ ദമ്പതികളുടെ മക്കളാണ് പലപ്പോഴും വികല മനസ്ഥരായി അനാഥത്വത്തിൽ കഴിയേണ്ടി വരുന്നത്.

തന്നെവാരി തിന്നുന്ന പ്രായം വരെയെങ്കിലും കുട്ടി അമ്മയുടെ കൂടെത്തന്നെയാണ് കഴിഞ്ഞുവന്നിരുന്നത്. ഇപ്പോൾകഥമാറി, പ്രസവശേഷം കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ചിട്ട് ഉദ്യോഗത്തിനായി നാടുവിടാൻ അമ്മമാരെ അനുവദിക്കരുത്.

കുഞ്ഞിന് അമ്മയുടെ മുല കുടിക്കുവാനുള്ള അവകാശത്തെഎന്തേ ആരും മാനിക്കുന്നില്ല? ചർച്ച ചെയ്യുന്നില്ല?

പല്ലില്ലാത്ത കുട്ടിയുടെ വെറുമൊരു ഭക്ഷണം മാത്രമല്ല മുലപ്പാൽ. മുലപ്പാലിൽ എല്ലാമുണ്ട് അമ്മയുടെ കരുതലും സംരക്ഷണവും, കുട്ടിക്ക് കിട്ടേണ്ട വ്യക്തിത്വ വികസനം തുടങ്ങി, അതിനപ്പുറം പലതും ഉണ്ടെന്ന് ശാസ്ത്രം പറയുന്നു.

മനുഷ്യാവകാശത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചും പ്രസംഗിക്കുന്നവർ കുഞ്ഞുങ്ങളുടെ മനുഷ്യാവകാശത്തെ കൂടി മാനിക്കണം. മുലകുടി കിട്ടാത്ത ആൺകുട്ടികളാണ്നാട്ടിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് തോന്നുന്നു.

ഇതേ സ്വഭാവമുള്ള പെൺകുട്ടികളും നമ്മുടെ ഇടയിൽ ഉണ്ട്.എക്സിബിഷനിസം എന്ന സ്വഭാവ വൈകൃതം, സ്ത്രീസ്വാതന്ത്ര്യം എന്ന ലേബൽ ഒട്ടിച്ചാണ് കാണിക്കുന്നതെന്ന് മാത്രം. നല്ല കുടുംബങ്ങളിൽ നിന്നേ നല്ല കുട്ടികൾ പുറത്തുവരൂ.

ശല്യക്കാരായ പുരുഷന്മാരെ പ്രതിരോധിക്കാനുള്ള പരിശീലനം അല്ല കൊടുക്കേണ്ടത്. നല്ല മനുഷ്യരാകാൻ ആൺകുട്ടികളെയുംപെൺകുട്ടികളെയും കുടുംബങ്ങളിലും സ്കൂളുകളിലും പരിശീലിപ്പിക്കണം.

ജീവിത വ്യഗ്രതയിൽ ഓടി നടക്കുന്ന അമ്മയുടെ മകനാണ് മുതിരുമ്പോൾ അമ്മയിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹം അന്വേഷിച്ചു നടന്ന് സദാചാരലംഘനങ്ങളും പീഡനങ്ങളും ഉണ്ടാകുന്നതെന്ന് അതിനെക്കുറിച്ച് പഠിച്ചിട്ടുള്ളവർ പറയുന്നു. ഇത്തരം പ്രശ്നകാരികളാണ് നാടിനും നാട്ടുകാർക്കും പോലീസുകാർക്കും പണി ഉണ്ടാക്കുന്നത്.

അതോഴിവാക്കാൻ മനുഷ്യാവകാശത്തിന്റെനിർവചനത്തിൽ, ശിശുവിന് അമ്മയുടെ മുലകുടിക്കുവാനുള്ള അവകാശം പറഞ്ഞിട്ടില്ലങ്കിൽ ഉൾപ്പെടുത്തണം.

കുട്ടിയുടെ ഒരു വയസ്സ് വരെയെങ്കിലും അമ്മ കൂടെ ആയിരിക്കണം എന്ന് നിയമം പാസാക്കണം. നാട്ടിൽ ഇറങ്ങി വൃത്തികേട് കാണിക്കുന്ന അരിക്കോമ്പൻമാരെ ചികിത്സിച്ചോ അല്ലാതെയോ നിലയ്ക്ക് നിർത്തണം. അതിൻ്റെ കുറ്റം മാതാപിതാക്കളുടെ മേൽ ചുമത്തുകയും ചെയ്യണം.

ഡോമിനിക്ക് സാവിയോ വാച്ചച്ചിറയിൽ


5-6-2023

നിങ്ങൾ വിട്ടുപോയത്