സൃഷ്ടി സൃഷ്ടാവിനോട് മത്സരിക്കുന്ന ഒരു കാഴ്ചയാണ് ഇന്നത്തെ കാലഘട്ടത്തിൽ നാം കാണുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ദൈവ വിശ്വാസത്തിനു ഭയാനകമായ തോതിൽ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. നമ്മൾ കാത്തിരിക്കുന്നത് ദൈവത്തിന്റെ ഹിതം ദൈവമഹത്വത്തിൽ നിറവേറുന്ന ഒരു രാജ്യവും കാലഘട്ടവും ആണ്. ഇന്നത്തെ കാലഘട്ടത്തിൽ നാം പലപ്പോഴും കാണുന്നത്, മനുഷ്യൻ മനുഷ്യനോടും, മനുഷ്യൻ ദൈവത്തോടും മത്സരിക്കുന്ന ഒരു കാഴ്ചയാണ് കാണാറുള്ളത്. ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, മനുഷ്യന് ഭൂമിയിൽ സർവ്വ സ്വാതന്ത്ര്യവും നൽകി.

ഇന്നു മനുഷ്യൻ ചോദിക്കുന്ന ഒരു കാര്യമുണ്ട്, ദൈവം സര്‍വ്വശക്തനാണല്ലോ. അപ്പോള്‍, തിന്മ ചെയ്യാന്‍ ഒരുമ്പെടുന്ന മനുഷ്യനെ തടഞ്ഞാല്‍ പോരേ എന്ന്‌ ? സ്വതന്ത്രമനസ്സിനെ തടഞ്ഞു കീഴടക്കുക എന്നു വച്ചാല്‍, ദൈവം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നാണര്‍ത്ഥം. ഇത് മനസ്സിലാകാന്‍ ഒരുദാഹരണം നമുക്ക് പരിശോധിക്കാം. മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സോഫിയ എന്ന റോബോട്ടിനെ എടുക്കുക. എന്തെങ്കിലും കാരണത്താല്‍, അതൊരു മനുഷ്യനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു സാഹചര്യം പരിഗണിക്കുക. അതിനെ ആ അക്രമത്തില്‍ നിന്നു തടയാന്‍, അതിന്‍റെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയാൽ മതി. പക്ഷേ, അതോടുകൂടി, പ്രവര്‍ത്തിക്കാനുള്ള അതിന്‍റെ സ്വാതന്ത്ര്യം നഷ്ടമാകുന്നു. ഇതുപോലെ, തിന്മ ചെയ്യാന്‍ ഒരുമ്പെടുന്ന മനുഷ്യനെ എപ്പോഴും തടയുന്ന ഒരു ദൈവം, മനുഷ്യനെ ഫലത്തില്‍ ഒരു റോബോട്ടോ, ഒരു യന്ത്രമോ ഒക്കെ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കല്പ്പിക്കുന്ന ഒരു ദൈവത്തിന് അത് സാധ്യമല്ല.

പലപ്പോഴും ജീവിതത്തിൽ നാം അനുഭവിക്കുന്ന നന്മകൾ ദൈവത്തിൻറെ ദാനമാണെന്ന് മനുഷ്യൻ മനസ്സിലാകുന്നില്ല . മനുഷ്യൻ പലപ്പോഴും ഭൂമിയിൽ ദൈവം നൽകിയിരിക്കുന്ന നന്മകൊണ്ട് ദൈവത്തിനെതിരെ മത്സരിക്കുന്നു. ഭൂമിയിൽ മരണം വരെ മനുഷ്യന് പൂർണസ്വാതന്ത്ര്യം ആണ് ദൈവം നൽകിയിരിക്കുന്നത്. ആ മരണത്തിനു ശേഷം ഭൂമിയിൽ ചെയ്ത പ്രവർത്തികൾക്ക് എല്ലാം നാം കണക്കു പറയേണ്ടിവരും. നാം ഓരോരുത്തർക്കും ദൈവത്തിനെതിരെ കലഹിക്കാതെ ദൈവ ഹിതത്തിന് അനുസൃതമായി ജീവിക്കാം.

Phone 9446329343

നിങ്ങൾ വിട്ടുപോയത്